News Story

മുരുഡ് – ജഞ്ജീരാ കോട്ട..ഒരു ഓര്‍മ്മക്കുറിപ്പ് – ഒരു യാത്രയും കണ്ണുനീരിൽ അവസാനിക്കാൻ ഇടയാവാതിരിക്കട്ടെ !

ദേവി പിള്ള

ഇന്നലെ പൂനയിൽ നിന്നും വിനോദയാത്ര പോയ ഒരു പറ്റം വിദ്യാർഥികളിൽ പതിമൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന അതീവ സങ്കടകരമായ വാർത്ത കാൽ നൂറ്റാണ്ടു മുൻപ് അവിടേക്ക് നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ തിരികെകൊണ്ടുവന്നു. ആൽബം നോക്കിയപ്പോൾ അന്നെടുത്ത ചിത്രങ്ങളെല്ലാം കേടുകൂടാതെയുണ്ട്..

മുരുഡ് -ജഞ്ജീരാ കോട്ട ബോംബെയിൽ നിന്നും 165 കിലോമീറ്റർ അകലെ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ്. അറബിക്കടലിൽ പണിതിരിക്കുന്ന ഒരു കോട്ടയാണ് ഇവിടെത്തെ പ്രധാന ആകർഷണം. കടലിൽ അണ്ഡത്തിന്റെ ആകൃതി യിലുള്ള ഒരു പാറയിലാണ് ഈ കോട്ട പണിതിരിക്കുന്നത്. ഭാരതത്തിലെ കടൽക്കോട്ടകളിൽ ഏറ്റവും കരുത്തേറിതാണ് ഇത്.കാലം കേടുപാടുകൾ ഏല്പ്പിച്ചു തുടങ്ങിയെങ്കിലും ഒരുകാലത്ത് എത്ര പ്രൌഡമായിരുന്നു.

കടൽത്തീരത്തുള്ള രാജ്പുരി ബോട്ട് ജട്ടിയിൽ നിന്നും പായ വലിച്ചു കെട്ടിയ ബോട്ടുകളിലാണ് കോട്ടയിലേക്ക് പോവുക. ഇപ്പോൾ യന്ത്ര ബോട്ടുകളാണോ എന്നറിയില്ല. കാറ്റിന്റെ ഗതിയ്ക്കനുസരിച്ച് പായ മാറ്റിക്കെട്ടിയാണ് ബോട്ടുകൾ കോട്ടയിൽ എത്തിച്ചേരുക. കടൽ യാത്ര പരിചയമില്ലാത്തവർക്ക് പലപ്പോഴും ഭീതിജനകമാണ് ഈ യാത്ര. കോട്ടയിൽ എത്തിച്ചേർന്നാൽ യാത്രികർ ഒന്ന് ദീർഘമായി നിശ്വസിക്കും.

ജഞ്ജീരാ എന്നത് ദ്വീപ്‌ എന്ന് അർഥം വരുന്ന അറബിക് വാക്കായ ജസീറയിൽ നിന്നും ഉത്ഭവിച്ചതാണ് എന്ന് കരുതുന്നു. കരയിൽ നിന്നും എത്തിച്ചേരാനും ഏതെങ്കിലും അപകടഘട്ടത്തിൽ കടൽവഴി പിൻഭാഗത്തുകൂടി രക്ഷപ്പെടാനും വഴികളോട് കൂടിയാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ മറാത്താ അരയസമുദായ നേതാവായ രാജാറാം പാട്ടീൽ ആണ് ജഞ്ജീരാ കോട്ട ആദ്യരൂപം പണിതത് എന്നാണു കരുതപ്പെടുന്നത്. പിന്നീട് അഹ്മദ്നഗർ ഭരണാധികാരികളിൽ പ്രമുഖനായിരുന്ന ബുർഹാൻ ഖാൻ ആണ് കോട്ട വലുതാക്കി ഇന്ന് കാണുന്ന രൂപത്തിലാക്കിയത്. താമസ സ്ഥലങ്ങളും, കാര്യാലയങ്ങളും, മോസ്കും ഉൾപ്പടെ സ്വയം പര്യാപ്തമായ ഒരു പട്ടണം പോലെയായിരുന്നു ജഞ്ജീരാ അക്കാലത്ത്. ശിവാജിയ്ക്കും മകൻ സാംബാജിയ്ക്കും ഈ കോട്ട അപ്രാപ്യമായിരുന്നു എന്ന് ചരിത്രം പറയുന്നു. ശിവാജിയുടെ കോട്ട എന്നറിയപ്പെടുന്ന പദ്മദുർഗ്ഗവും ഇതിനടുത്തായിത്തന്നെ നിലകൊള്ളുന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. വഴിയരികിൽ നീളെ (പണ്ട്) കല്ലടുപ്പുകളിൽ ചുട്ട ഒറോട്ടി അതിനു മേലെ തേങ്ങാപ്പാൽ ഒഴിച്ച് കഴിക്കാനും, കുടിക്കാൻ കരിക്കിൻ വെള്ളവും ലഭിക്കും. സ്ത്രീകളാണ് ഒറോട്ടി ചുട്ടു വിൽക്കാൻ ഇരിക്കുന്നത്.

കടലിൽ കുളിയ്ക്കാനിറങ്ങി ജീവൻ നഷ്ടമായ എല്ലാ കുഞ്ഞുങ്ങളെയും ഓർത്ത്‌………. രണ്ടുതുള്ളി കണ്ണുനീരോടെ ഈ ഓർമ്മ വീണ്ടും….. ഒരു യാത്രയും കണ്ണുനീരിൽ അവസാനിക്കാൻ ഇടയാവാതിരിക്കട്ടെ ….

shortlink

Related Articles

Post Your Comments

Related Articles


Back to top button