ChilambuLife StyleWriters' Corner

ബാത്ത്റൂം അത്ര നിസ്സാരമല്ല കേട്ടോ

മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യാനും ആസ്വദിക്കാനും ഉപയോഗിക്കുന്ന വീടിന്‍റെ ഭാഗം ഏതാണെന്നു ചോദിച്ചാൽ തീർച്ചയായും പല മറുപടികളുണ്ട്. വർഷങ്ങൾക്കു മുന്‍പായിരുന്നെങ്കിൽ അത് ഡ്രോയിങ്ങ് റൂമെന്നോ, പ്രാര്‍ത്ഥനാ മുറിയെന്നോ, ലോണെന്നോ ഒക്കെ പറയുമായിരുന്നു. പക്ഷേ ഇന്നത്തെ ജനറേഷൻ പറയും ഞങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ബാത്റൂമാണെന്ന്. “ഒരു വീട്ടില്‍ ചെന്നാൽ പോലും ഞാനേറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുക അവരുടെ ബാത്റൂമിനായിരിക്കും. നല്ല വൃത്തിയുള്ള ബാത്റൂം അല്ലെങ്കില്‍ പോകാറു തന്നെയില്ല” സൌത്ത് ആഫ്രിക്കയില്‍ ഡോക്ടറായ രശ്മി മാത്യു പറയുന്നു. രശ്മി ഡോകടറായതു കൊണ്ട് ഒരുപക്ഷേ വൃത്തിയെന്നത് ഒരു പ്രധാനമാണെന്നു വയ്ക്കാം പക്ഷേ ഈ ആവശ്യം ഇപ്പോൾ സാധാരണയായിക്കഴിഞ്ഞു. അതുകൊണ്ടെന്താ ബാത്റൂമിൽ വരെ പുതിയ ട്രെന്‍ഡുകൾ ഇതൾ വിരിഞ്ഞു തുടങ്ങി.

പുതിയ ട്രെന്‍ഡുകൾ എല്ലാം തന്നെ കൂടുതൽ ഉപയോഗിക്കുന്നത് സിറ്റി ജീവിതത്തിലാണ്. ഒരുതരം യൂസ് അന്‍ഡ് ത്രോ രീതിയാണ്, കൂടുതൽ പേരും ആഗ്രഹിക്കുക. കടം വാങ്ങി വീടു വയ്ക്കുന്നവര്‍ വരെ ലക്ഷുറിയാണ്, പ്രധാനമാക്കുക. സാനിവെയേഴ്സ് ഒക്കെ അധികകാലം ആയുസ്സില്ലെങ്കിലും വിലകൂടിയതു നോക്കി പര്‍ചേസ് ചെയ്യും. ഇതിപ്പോള്‍ ഒരു സധാരണ രീതിയായിക്കഴിഞ്ഞു.വൈദേശികതയോടുള്ള ഭ്രമം ബാത്റൂം ട്രെന്‍ഡിന്‍റെ കാര്യത്തിലുമുണ്ട്. ഭിത്തിയുടെ കളറുമായി ഒത്തു ചേരുന്ന മെറ്റീരിയലുകൾ ഒരുക്കാൻ ഇന്ന് എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്, അതും ബ്രാന്‍ഡഡ് സാനിറ്ററിവെയേഴ്സിനെയാണ്, കൂടുതൽ ആൾക്കാരും വാങ്ങാൻ ആഗ്രഹിക്കുന്നതും. ബാത്റൂമിനു ആ പഴയ പേരു വരെ ചേരില്ലെന്നു തോന്നിയിട്ടാകണം ന്യൂജനറെഷൻ പിള്ളേർ അതിനെ ഗ്ലാമർ റൂം, റെസ്റ്റ് റൂം എന്നൊക്കെ വിളിക്കുന്നത്. പേരു പോലെ തന്നെ ഒന്നു ഗ്ലാമർ ആകാനും മറ്റു തിരക്കുകളില്‍ നിന്നൊതുങ്ങി ഒന്ന് റെസ്റ്റ് ആകാനുമാണല്ലോ നാം കുളിമുറികൾ ഉപയോഗിക്കുന്നത്

ബാത്റൂം പ്ലാനുകളിൽ നിരവധി പുത്തൻ ശൈലികൾ പരീക്ഷിക്കപ്പെടുന്നുണ്ട്. തുറന്ന ബാത്റൂമുകളുടെ രസികത്വം പ്രകൃതിയോടിണങ്ങിയ തരം എക്കോഫ്രണ്ട് ബാത്റൂമുകൾ അങ്ങനെ നിരവധി വ്യത്യസ്തതകള്‍ ഇവിടെയുണ്ട്. പണ്ടൊക്കെ പഴയ തറവാടുകളില്‍ കാണപ്പെടുന്ന കുളങ്ങളും തുറന്ന ആകാശത്തെ നോക്കിയുള്ള കുളിയുമൊക്കെ ഒരു ഗൃഹാതുരത കലർന്ന മോഹമാണെകില്‍ മടിക്കണ്ട വീടിന്‍റെ ബെഡ്റൂമിനോടു ചേർന്ന് ആകാശത്തേയ്ക്ക് തുറന്ന് ഒരു ബാത്റൂം ഒരുക്കാം, ബാത്ടബ് കൂടി ആയാൽ ഒരു കുളം എഫക്ട് വരികയും ചെയ്യും. അതുപോലെ തന്നെയാണ്, ബെഡ്റൂമിനോടു ചേർന്ന് പ്രകൃതിയോട് കിന്നാരം പറഞ്ഞ് നിർമ്മിക്കപ്പെടുന്ന എക്കോഫ്രണ്ട് ലി ബാത്റൂമുകൾ . പച്ചപ്പുകളുടെ സൌന്ദര്യം ആസ്വദിച്ചു കൊണ്ട് കുളിക്കുന്നത് ഒരു പുത്തന്‍ അനുഭൂതി തന്നെയായിരിക്കും. ബെഡ്റൂമിനോട് ചേർന്നായതു കൊണ്ട് ആവശ്യത്തിനു, പ്രൈവസി ഉണ്ടായിരിക്കുകയും ചെയ്യും. ഇപ്പോള്‍ ഒരു വിധം എല്ലാവരും ഇത്തരം ബാത്റൂമുകൾ ഉപയോഗിച്ചു തുടങ്ങി. മഴ പെയ്യുമ്പോൾ അതാസ്വദിക്കാൻ വേണ്ടിയുള്ള സൌകര്യം, ബാത്റൂമിനുള്ളിലെ പച്ചപ്പ്, ചെറിയ ചെടികളും പെബിൾസുമൊക്കെ വച്ച് അലങ്കരിക്കുക. ബാത്റൂം ഡിസൈന്‍സ് തികച്ചും മാറ്റത്തിന്‍റെ സമയത്തിലാണ്.

ബാത്റൂം നിർമ്മാണത്തിൽ ഒരിക്കലും ഒഴിച്ചു കൂടാനാകാത്തവയാണല്ലോ ക്ലോസറ്റുകൾ. നിരവധി നിറങ്ങളിൽ ക്ലോസറ്റുകൾ ലഭ്യമാണ്. അതിൽ ഭിത്തിയുടെയും മറ്റ് സാനിവെയേഴ്സിന്‍റെയും കളറുമായി ചേർത്തു വയ്ക്കാവുന്ന കളറുള്ള ക്ലോസറ്റുകളാണ്, അഭികാമ്യം. ഭിത്തിയിൽ ഉറപ്പിച്ചു വയ്ക്കുന്ന തരം ക്ലോസറ്റുകൾക്കാണ്, ഇപ്പോൾ ഡിമാന്‍റ്. നിലത്തുറപ്പിച്ചു വയ്ക്കുന്നവ ഏറെക്കുറെ പുത്തൻ വീടുകളിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. വാൾമൌണ്ട് ക്ലോസറ്റിൽ തന്നെ ഭിത്തിയ്ക്കുള്ളിൽ ഫ്ലഷ് ടാങ്ക് വരുന്ന ഇനമാണ്, പുതിയ തരംഗം. ഫ്ലഷ്ടാങ്കിനു വേണ്ടി വരുന്ന അധികസഥലം ആവശ്യമില്ലെന്ന പുതുമയും മെച്ചവും ഇതിലുണ്ട്. പക്ഷേ വാൾമൌണ്ട് ക്ലോസറ്റുകൾ വയ്ക്കുമ്പോൾ വീടു പണിയുന്ന സമയത്തേ അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം, ഇതു ശ്രദ്ധിക്കണം. അതുപോലെ മിറർ കബോർഡുകൾ, സോഫ്റ്റ് ട്രേ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വാഷ്ബേസിന്‍ സെറ്റുകളും ഇന്ന് ലഭ്യമാണ്. ക്ലോസറ്റിന്‍റെ നിറത്തോടും രൂപത്തോടും ചേർന്നു നില്‍ക്കുന്ന വാഷ്ബേസിനുകൾ വാങ്ങുക കൂടി ചെയ്താൽ വ്യത്യസ്തതയായി. സാനിവെയേഴ്സിന്‍റെ മാറ്റങ്ങൾ വളരെ വലുതാണ്

ഇപ്പോൾ ബാത്റൂമുകൾ പ്രധാനമായും ഉപയോഗിക്കുന്നത് റെസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ്, അതുപോലെ കൂളായിരുന്ന് ചിന്തിക്കുന്ന സമയവും അതാണ്. അതുകൊണ്ടു തന്നെ ബാത്റൂമുകൾ വൃത്തിയുള്ളതും ഭംഗിയുള്ളതുമായിരിക്കണമെന്ന് സമൂഹം ആഗ്രഹിക്കുമല്ലോ, അതുകൊണ്ടു തന്നെ ഡ്രൈ -വെറ്റ് ഏരിയകളുടെ പ്രാധാന്യം കൂടുന്നു. ക്ലോസറ്റ്, വാഷ് ബേസിന്‍ തുടങ്ങിയ നനവു പറ്റാൻ സാദ്ധ്യത കുറഞ്ഞ സ്ഥലമാണ്, ഡ്രൈ ഏരിയ. പൈപ്പിങ്ങുള്ള കുളിക്കുന്ന സ്ഥലമാണ്, വെറ്റ് ഏരിയ, ഈ ഭാഗമാണ്, നനയാൻ സാദ്ധ്യതയുള്ള ഇടങ്ങൾ. അതുകൊണ്ടു തന്നെ ഈ ഇടങ്ങളിൽ വ്യത്യസ്തമായ ടൈലുകൾ ഉപയോഗിക്കാം. അതുപോലെ ഡ്രൈ ഏരിയയുടെ ഉയരം ലേശം കൂട്ടി പണിതാൽ നനവുള്ള ഭാഗത്തു നിന്ന് ജലം ഒഴുകി ഡ്രൈ ഏരിയയിലേയ്ക്ക് വരില്ല.

ബാത്റൂമുകളുടെ ഭംഗിയാക്കൽ ഇവിടം കൊണ്ടൊക്കെ അവസാനിക്കുമോ? ഒരിക്കലുമില്ല. നല്ല ക്ലോസറ്റും വാഷ്ബേസിനും മാത്രം മതിയോ? അത്തരം ഉപകരണങ്ങളോട് കിട പിടിയ്ക്കത്തക്കതായിരിക്കണം ബാത്റൂമിന്‍റെ ഭിത്തിയും പെയിന്‍റിങ്ങും. ഗ്ലാമർ റൂം ആയതു കൊണ്ടു തന്നെ ഇപ്പോൾ മനോഹരമായ കണ്ണാടികളും ഡ്രസ്സിങ്ങ് ഏരിയയും ബാത്റൂമിനോട് ചേര്‍ന്ന് പണിയുന്നവരുണ്ട്. വിശാലമായി ബാത്റൂം ഒരുക്കിയാൽ തന്നെ ഒരു ട്രെന്‍ഡി ലുക്ക് തോന്നിക്കും പിന്നെ അകത്തെ ലൈറ്റിങ്ങിനൊത്ത കളർ കോംമ്പിനേഷനും, കൊടുക്കാം. ബാത്റൂമിനകം അലങ്കരിക്കുന്നതും പുത്തന്‍ രീതിയാണ്.എന്തൊക്കെയായാലും ബാത്റൂം എന്ന പഴയ കോണ്‍സപ്റ്റ് ഇപ്പോഴത്തെ ഗ്ലാമർ റൂമുകൾക്ക് ചേരില്ല. ന്യൂജനറേഷന്‍ സിനിമ പോലെ ബാത്റൂമിന്‍റെ മുഖവും മാറുകയാണ്. വൃത്തിയും ഭംഗിയുമെന്നതും കടന്ന് ഏറ്റവും മികച്ച ഒരു മുറി തന്നെ ഒരുക്കാനാണ്, ഇപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button