ChilambuWriters' Corner

പ്രിയപ്പെട്ട ഒരാൾ മരിച്ചാൽ എന്ത് ചെയ്യണം?

പ്രിയപ്പെട്ട ഒരാൾ മരിച്ചാൽ ഓർമ്മയ്ക്കായി നമ്മൾ എന്താണ് ചെയ്യാറുള്ളത്?ആചാരപ്രകാരമുള്ള കർമ്മങ്ങൾ ചെയ്യും..ചുമരിൽ ഒരു ചിത്രം തൂക്കും..അതുമല്ലെങ്കിൽ ഒരു സ്മാരകം പണിയും…

പ്രശസ്തബാലസാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ ഐ.ആർ.കൃഷ്ണൻ മാസ്റ്റർ ഈ കഴിഞ്ഞ ഞായറാഴ്ച്ച മരിച്ചപ്പോൾ ഭാര്യ ഉഷാദേവി ടീച്ചറും മക്കളും ഇതേ ചോദ്യം സ്വയം ചോദിച്ചിരിക്കണം..പക്ഷെ ഈ സ്മാരകങ്ങളൊന്നും മാസ്ടർക്ക് അനുയോജ്യമാവില്ല എന്ന് അവർക്ക് തോന്നാൻ കാരണം മാഷിന്‍റെ വ്യക്തിത്വമായിരുന്നു. .നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്ന മാഷ്‌ മൂന്നാഴ്ച്ചകൾക്ക് മുൻപ് അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ് ആശുപത്രിയിലാകുന്നതുവരെ പൊതുരംഗത്ത്‌ സജീവമായിരുന്നു..അദ്ദേഹത്തിന്റെ മകൻ ആർക്കിടെക്റ്റ് ഷാം കൃഷ്ണൻ, ഇന്ത്യയൊട്ടാകെ മരത്തൈകൾ നട്ടു വളർത്തുന്ന ഗ്രീൻ വെയിൻ എന്ന കൂട്ടായ്മയുടെ സംസ്ഥാന കോർഡിനേറ്റർ കൂടിയാണ്.അച്ഛന്റെ മരണത്തിന്റെ ആഘാതത്തിനിടയിലും അദ്ദേഹത്തിൻറെ ഓർമയ്ക്ക് അർഹമായതെന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഗ്രീൻ വെയിന്റെ സ്ഥാപകനായ സംവിദാനന്ദുമായി ഷാം കൃഷ്ണൻ പങ്കു വെച്ചിരുന്നു.സാധാരണമായ പൂജകളോ കെട്ടുകാഴ്ചകളോ കൊണ്ട് മാസ്റ്റരുടെ ഓർമ്മകൾ അവസാനിപ്പിച്ചു കളയാൻ ആ കുടുംബം ആഗ്രഹിച്ചില്ല.മരിക്കുമ്പോൾ കൃഷ്ണൻ മാസ്റ്റർക്ക് 78 വയസായിരുന്നു .ആ ഓർമ്മയ്ക്കായി തണൽ എന്ന് പേരുള്ള റെസിഡന്‍സ് അസോസിയേഷനുമായി ചേർന്ന് അവർ 78 മരത്തൈകൾ അയൽപക്കത്തെ വീടുകളിൽ വെച്ചു പിടിപ്പിക്കുകയാണ് ചെയ്തത്. തിങ്കളാഴ്ച രാവിലെ തന്നെ ഓരോ വീടുകളിലും കയറി ഓരോ മരത്തൈനട്ടുതുടങ്ങി.. ആദ്യമരം നട്ടത് ഷാം കൃഷ്ണന്റെ മക്കൾ തന്നെയാണ്.മാസ്റ്ററെ സ്വന്തം കാരണവരെ പോലെ സ്നേഹിച്ചിരുന്ന നാട്ടുകാരാകട്ടെ രണ്ടു കൈയും നീട്ടി ഗ്രീൻ വെയിൻ പ്രവർത്തകരെ സ്വീകരിക്കുകയും സ്വയം മരത്തൈകൾ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിയ്ക്കാൻ മുന്നോട്ടുവരുകയും ചെയ്തു

green2

മാള , ഇരിങ്ങാലക്കുട ഉപജില്ലകളിലെ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന കൃഷ്ണൻ മാസ്റ്റർ പുതുക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് വിരമിച്ചത്.എഴുത്തിലും പൊതുപ്രവർത്തനത്തിലും തന്റേതായ ധാരാളം സംഭാവനകൾ നല്കിയിട്ടുള്ള അദ്ദേഹം പല സംഘടനകളിലായി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ ബാലസാഹിത്യസമിതി വൈസ് പ്രസിഡന്റ് ശാസ്ത്രസാഹിത്യപരിഷത് യൂണിറ്റ് പ്രസിഡന്റ്, അഡ്വ.മേഘനാദൻ സ്മാരകഗ്രാമീണവായനശാലയുടെ സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു .ശ്രീനാരായണധർമപ്രചാരകനായ മാസ്റ്റർക്ക് 2010 ലെ ശ്രീനാരായണഗുരു ചൈതന്യപുരസ്കാരവും ലഭിച്ചിട്ടുണ്ട്.മികച്ച ബാലസാഹിത്യകരനായിരുന്ന അദ്ദേഹത്തിന്റേതായി ആമിയും നന്ദുവും, പാടി രസിക്കാം എന്നീ കവിതാ സമാഹാരങ്ങളും കമലമന്ത്രം,കുട്ടിഡോക്ടർ , സ്വർഗവാതിൽപക്ഷി, ഗ്രീൻ ആർമി, ശ്രീനാരായണഗുരു കഥകളിലൂടെ,മഹാഭാരതത്തിലെ മനുഷ്യമുഖങ്ങൾ എന്നീ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

മൂന്നാഴ്ച്ച്കൾക്ക് മുൻപ് ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന മാസ്റ്ററെ ഒരു അജ്ഞാതവാഹനം ഇടിച്ചിട്ടു പോകുകയായിരുന്നു.നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.ഞായറാഴ്ച ആറു മണിയോടെ അദ്ദേഹം അന്തരിച്ചു.
ജീവിതം മുഴുവനും സമൂഹത്തിന് തണലേകാൻ പരിശ്രമിച്ച ഒരു നല്ല മനുഷ്യന്‍റെ ഓർമ്മയ്ക്ക് ഉറ്റവരും ഉടയവരും നല്‍കിയ ഏറ്റവും അനുയോജ്യമായ ആദരവും,കാലം മായ്ക്കാത്ത സ്മാരകവുമാകുന്നു ഈ 78 മരങ്ങൾ .

green3

shortlink

Related Articles

Post Your Comments

Related Articles


Back to top button