Prathikarana Vedhi

അസ്ഥിത്വമില്ലാത്ത പെൺ പോരാട്ടങ്ങൾ

അഞ്ജു പ്രഭീഷ്

എവിടെ നാഴികയ്ക്ക് നാല്പതു വട്ടം ദളിത്‌ സ്നേഹം പ്രസംഗിച്ചു ,സിരകളിൽ സമരവീര്യം ഒഴുക്കി സ്വന്തം അസ്ഥിത്വത്തെ പോലും തിരിച്ചറിയാൻ കഴിയാതെ നടക്കുന്ന സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റ് പെൺകൊടി ??ഫെമിനിസം നാലുനേരം കൂട്ടിക്കുഴച്ചു ഭോജനം നടത്തുന്ന സ്വയംപ്രഖ്യാപിത ഫെമിനിസ്റ്റ് എവിടെ പോയി?അദ്ധ്യാപനമെന്ന പുണ്യകർമ്മത്തെ രാഷ്ട്രീയമീമാംസയായി കണ്ട ന്യൂ ജനറേഷൻ അദ്ധ്യാപികയെവിടെ?നിങ്ങളാരും കണ്ടില്ലേ അപവാദപ്രചാരണത്തില്‍ മനം നൊന്തു ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു പാവം സഹോദരിയെ?രോഹിതിനു വേണ്ടി ഉറക്കെ വിലപിച്ച നിങ്ങൾക്ക് കൂട്ടത്തിലുള്ള ഒരു പെൺപൂവിന്റെ വേദന എന്തേ മനസ്സിലാക്കാൻ കഴിഞ്ഞില്ല?രോഹിതിന്റെ ആത്മഹത്യയെ കൊലപാതകമാക്കാൻ നെട്ടോട്ടമോടിയവർ എന്തുകൊണ്ട് ഈ ആത്മഹത്യാശ്രമത്തെ കണ്ടില്ലെന്നു നടിച്ചു .?.

ഒരു ജനാധിപത്യരാജ്യത്ത് എല്ലാവർക്കും അവരവരുടെതായ രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ട് ..ഒരു രാഷ്ട്രീയപാർട്ടിയിൽ തന്നെ ഉറച്ചു നില്‍ക്കണമെന്ന് ഒരു ഭരണഘടനയിലും പറയുന്നില്ലല്ലോ ? താൻ വിശ്വസിക്കുന്ന രാഷ്ട്രീയപാർട്ടി തന്റെ വിശ്വാസങ്ങൾക്കും നിലപാടുകൾക്കും യോജിക്കുന്നില്ലായെന്നു തോന്നുമ്പോൾ തള്ളിക്കളയാൻ എന്താ ഒരു പൗരന് അധികാരമില്ലേ ?എന്നും ഒരു രാഷ്ട്രീയ പാർട്ടിയിൽ തന്നെ ഉറച്ചു നില്‍ക്കണമെന്ന് ശഠിക്കുന്നതല്ലേ യഥാർത്ഥ ഫാസിസം ?തൃപ്പൂണിത്തുറയിലെ പെണ്‍കുട്ടി ചെയ്ത തെറ്റ് എന്താണ് ?അവൾക്കു ശരിയെന്നു തോന്നിയ നിലപാട് അവളെടുത്തു ..അവളുടെ ശരിയിൽ അവൾ ഉറച്ചു നിന്ന്.അതല്ലേ പെൺ കരുത്ത്.അതാണ്‌ യഥാർത്ഥ ഫെമിനിസം .അതിനെ അപവാദ പ്രചരണങ്ങൾ കൊണ്ട് എതിർക്കാൻ നോക്കിയതാണ് യഥാർത്ഥ ഫാസിസം ..ആ അപവാദപ്രചരണങ്ങളുടെ പേരാണ് അസഹിഷ്ണുത.. അല്ലാതെ നിങ്ങൾ കുറെ പെൺ കോലങ്ങളുടെ മനസ്സിലെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയവിശ്വാസങ്ങളെ അപകർഷതയുടെ വെറുപ്പും വിദ്വേഷവും കൂട്ടിക്കലർത്തി കീബോർഡിൽ കുത്തിപ്പിടിച്ചു പടച്ചുണ്ടാക്കുന്ന മൂന്നാം കിട പോസ്റ്റുകൾക്ക്‌ ഫെമിനിസമെന്നും കമ്മ്യൂണിസമെന്നും പേരുനല്‍കി ആ “ഇസ”ങ്ങളുടെ യഥാർത്ഥ രസത്തെ ചവർപ്പിക്കാൻ നോക്കരുത് ..ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി യാക്കൂബ് മേമനെയും അഫ്സൽ ഗുരുവിനെയും മഹത്വവല്‍ക്കരിച്ച്ക്കൊണ്ട് കണ്ട തോന്നിവാസങ്ങൾഎഴുതിപ്പിടിപ്പിക്കുവാൻ ആക്ടിവിസത്തെയും ഫെമിനിസത്തെയും കമ്മ്യൂണിസത്തെയും മറയാക്കാൻ ശ്രമിക്കരുത് ..റവല്യൂഷൻ തലയ്ക്കു പിടിക്കുമ്പോൾ വീട്ടിൽ സ്വകാര്യമായി കാണിക്കേണ്ടത് തെരുവിലല്ല കാണിക്കേണ്ടത് ..ബീഫ്,ശബരിമല തുടങ്ങി വേണ്ടതും വേണ്ടാത്തതുമായ സാമൂഹ്യ വിഷയങ്ങളിലെല്ലാം പ്രതികരിച്ചുകൊണ്ട് ഊളപോസ്റ്റുകൾ ഇടുമ്പോൾ ലൈക്കിന്റെ കുന്നും മലകളും കിട്ടുന്നത് കണ്ടു അതാണ്‌ സമരമെന്നും പോരാട്ടമെന്നും കരുതരുത്

പെണ്ണുടലിന്റെ അനന്തസാധ്യതകൾ പരമാവധി മുതലാക്കി അനുയായികളെ കൂടെ കൂട്ടുമ്പോൾ ഒരിക്കലെങ്കിലും ചരിത്രത്താളുകൾ മറിച്ചുനോക്കി യഥാർത്ഥ ഫെമിനിസ്റ്റുകളെയും കമ്മ്യൂണിസ്റ്റ്കളെയും കാണുക ..അന്ന് അവർക്ക് ഉണ്ടായിരുന്നില്ല മുഖപുസ്തകത്തിലൊളിപിച്ച കപട മുഖം ..അവിടെ കാണാം മുലച്ചിപറമ്പിലെ നങ്ങേലിയെ… ഉമാ അന്തർജനത്തെ ….ഗൗരിയമ്മയെ….
കുന്നോളം ഭൂതക്കാല ക്കുളിർ മനസ്സിൽ ഒളിപ്പിച്ചു വച്ച അദ്ധ്യാപികയോട് അവരോടുള്ള എല്ലാ സ്നേഹവും ബഹുമാനവും ഉള്ളിലൊതുക്കി കൊണ്ട് തന്നെ ചില ചോദ്യങ്ങൾ ചോദിക്കട്ടെ?എങ്ങനെയാണ് നിങ്ങൾ അദ്ധ്യാപനമെന്ന വാക്കിനെ നിർവചിക്കുന്നത് ?ഏഷ്യയിലെ ഏറ്റവും വലിയ പെൺ പള്ളിക്കൂടത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ?അവിടെ നടന്ന ഗുരുവന്ദനത്തെ അപഹസിച്ച്കൊണ്ട് ടീച്ചർ ഇട്ട പോസ്റ്റ്‌ കണ്ടു ..എന്തായിരുന്നു അതിൽ നിങ്ങൾ കണ്ട അപാകത?ഗുരുക്കന്മാരെ നമസ്കരിച്ചാൽ നട്ടെല്ല് വളഞ്ഞു പോകുമെന്ന കണ്ടുപിടുത്തം ഉഷാർ ..ഞാനും നിങ്ങളെ പോലെ തന്നെ ഒരു അദ്ധ്യാപികയാണ്. ആംഗലേയസാഹിത്യം വിദേശത്തു പഠിപ്പിക്കുന്ന ഒരു തനി മലയാളി അദ്ധ്യാപിക.ഞാൻ ജോലി ചെയ്യുന്നത് ഒരു ഇസ്ലാമിക വിദേശരാജ്യത്തായിട്ടു കൂടി പരീക്ഷാസമയത്ത് എത്രയോ വിദേശവിദ്യാർഥികൾ ഞങ്ങൾ അദ്ധ്യാപകരുടെ മുന്നിൽ വന്നു അനുഗ്രഹം വാങ്ങാറുണ്ട് .. തലയിൽ കൈവച്ചു അനുഗ്രഹിക്കുമ്പോൾ അവർക്കൊരിക്കലും തോന്നുന്നില്ല ടീച്ചറുടെ മുന്നിൽ അവർ തലത്താഴ്ത്തി പിടിക്കുകയാണെന്ന് ..ചില ആചാരങ്ങൾ ചില വിശ്വാസങ്ങളുടെ ഭാഗമാണ്..ഗുരുവിനെ വന്ദിക്കുകയെന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടുള്ള ഒരു ആചാരമാണ്.മാതാപിതാഗുരു ദൈവമെന്ന സങ്കല്‍പം എത്രമാത്രം ഉദാത്തമാണ് ..പലപ്പോഴും നമ്മൾ മുതിർന്നവരുടെ കാലിൽ തൊട്ടു നമസ്കരിക്കാരുണ്ടല്ലോ ..അപ്പോൾ നമ്മൾക്കെന്തിനു തോന്നണം ഒരപകർഷതാബോധം ?അങ്ങനെ നമസ്കരിക്കുന്നത് കൊണ്ട് നമ്മുടെ തല കുമ്പിട്ടു പോകുന്നുണ്ടോ ?അഹം ഭാവം അഥവാ ആ ബോധം ഉള്ളവർക്ക് മാത്രമേ ഇത്തരം ആചാരങ്ങളിൽ അപാകത തോന്നേണ്ടതായിട്ടുള്ളൂ ..നിങ്ങളിൽ ഒരു നല്ല അദ്ധ്യാപിക ഉള്ളത് കൊണ്ടല്ലേ നിങ്ങളെ ഇത്രയേറെ ശിഷ്യർ സ്നേഹിക്കുന്നത്?ഭൂതക്കാലത്തിലേക്ക് ഊളിയിട്ടു പോകുമ്പോൾ കാണുന്നില്ലേ പലവട്ടം നിങ്ങൾ മുതിർന്നവരെ,അല്ലെങ്കിൽ നിങ്ങളുടെ അദ്ധ്യാപകരെ നമസ്കരിച്ചിരുന്നതിന്റെ ഓർമ്മച്ചിത്രങ്ങൾ ??നല്ല വിദ്യാഭ്യാസവും വിവരവും ഉള്ളതുകൊണ്ട്‌ മാത്രം എനിക്കിഷ്ടമില്ലാത്ത എല്ലാ വിശ്വാസങ്ങളെയും പൊളിച്ചിട്ടേ അടങ്ങൂ എന്നു വാശി പിടിക്കരുത്‌.. മനുഷ്യബലി എന്നത് ഒരു വിശ്വാസം ആയിരുന്നു. സതിയും ഒരു വിശ്വാസം ആയിരുന്നു.. എന്നാല്‍ ഇവ രണ്ടും നിറുത്തലാക്കിഎന്നത് കൊണ്ട് അഗ്നിസാക്ഷിയായി താലികെട്ടല്‍ ഒഴിവാക്കാം എന്ന വിശ്വാസവും നിർത്തണം എന്ന് വാദിക്കണോ?

കൺ മുന്നിലെ സത്യത്തെ കാണാതെ അങ്ങകലെയുള്ള മിഥ്യയ്ക്ക് വേണ്ടി വിലപിക്കുന്ന നിങ്ങളോട് സമൂഹത്തിനു സഹതാപമാണ് ..കണ്മുന്നിലെ സഹോദരിയുടെ കണ്ണുനീർ കാണാൻ കഴിയാത്ത ആക്ടിവിസ്റ്റ് പെൺ കൊടീ.തിരിച്ചറിയുന്നുണ്ട് ഈ സമൂഹം നിന്നിലെ കണ്മഷത്തെ ..വലിച്ചെറിയുക നിന്റെ പൊയ്മുഖം ..കണ്മുന്നിലെ ശിഷ്യയുടെ വേദന കാണാത്ത ന്യൂ ജനറേഷൻ അധ്യാപികേ,അറിയുന്നുണ്ട് നിങ്ങളിലെ ഇരട്ടവാദം ..തിരിച്ചറിയുന്നു നിങ്ങളിലെ ഗുരുനിന്ദ…വലിച്ചെറിയൂ നിങ്ങളിലെ കാപട്യത്തെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button