News Story

രാജ്യത്ത് അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി നിര്‍മ്മിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേരളത്തിന്റെ മനം കുളിര്‍പ്പിക്കുന്നു

രാജ്യം വരള്‍ച്ചയുടെ കൈകളില്‍ ഞെരിഞ്ഞമരുമ്പോള്‍ കേരളത്തിന് ഇതൊന്നും അത്ര കണ്ട് ബാധകമല്ലെന്ന് കരുതി മലകളും പുഴകളും പരിസ്ഥിതിയും മനപ്പൂര്‍വ്വം അവഗണിക്കുകയും അവയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുന്ന തരത്തില്‍ കയ്യേറ്റങ്ങള്‍ നടത്തി അവയെ നശിപ്പിക്കുകയും ചെയ്യുന്ന നമ്മള്‍ മലയാളികള്‍ക്ക് തന്നെ ഇന്ന് ജലക്ഷാമവും ചൂടും കാരണം നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്.ഈ അവസരത്തില്‍ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞ ഒരു കാര്യം കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.കാവും നദികളും കുന്നുംമലയും നീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും സമൃദ്ധമായിരുന്ന കേരളം ഇന്ന് മരുഭൂമിയായി മാറുകയും വേനല്‍ചൂടില്‍ വെന്തുരുകുകയും ദാഹജലത്തിന് നെട്ടോട്ടമോടുകയും ചെയ്യുന്നു. മാത്രമല്ല കൃഷി ചെയ്യാന്‍ അത്യന്താപേക്ഷിതമായ ജലം ലഭിക്കാതെ കര്‍ഷക ആത്മഹത്യകള്‍ക്ക് കേരളം പിന്നെയും വേദിയാകുകയാണ്.

മഴ യഥാസമയം ലഭ്യമല്ലാതായപ്പോള്‍ പെരിയാറും ഭാരതപ്പുഴയും മൂവാറ്റുപുഴയാറും പമ്പയാറും അച്ഛന്‍കൊവിലാറും മറ്റും മെലിഞ്ഞ് തോടുകളായി മാറി.ഇപ്പോള്‍ കേരളത്തിലെ 44 നദികളില്‍ 25 എണ്ണത്തിലെ നീരൊഴുക്കുള്ളൂ. ശബരിമല തീര്‍ത്ഥാടകര്‍ മല ചവിട്ടുന്നതിന് മുന്‍പ് കുളിച്ചുകയറുന്ന പമ്പപോലും ഇന്ന് നീര്‍ത്തോടാണ്. തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും വയലുകളും നികത്തപ്പെട്ടതോടെ, കുന്നുകള്‍ ഇടിച്ചുനിരത്തിയതോടെ മഴവെള്ളം മണ്ണിലേക്ക് താഴ്ന്നിറങ്ങാതെ പുഴയിലേക്കും കടലിലേക്കും ഒഴുകി ജലനഷ്ടത്തിന് കാരണമാകുകയും, കിണറുകള്‍ വറ്റുകയും ചെയ്തു. കുളങ്ങള്‍ വരണ്ടു.തുടര്‍ച്ചയായി മഴ ലഭ്യത കുറയുകയും തുലാവര്‍ഷം ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തില്‍ മഴവെള്ള സംഭരണികള്‍ അത്യാവശ്യമാണെന്നും നദികളും കുളങ്ങളും കിണറുകളും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധം നമ്മള്‍ മലയാളികള്‍ക്കില്ല.

നദിയില്‍നിന്നും മണല്‍ കോരിയാല്‍ നദി നശിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടും മണല്‍മാഫിയ നിയന്ത്രിക്കുന്ന പോലീസും സര്‍ക്കാരും ഇതിനെതിരെ കണ്ണടയ്ക്കുന്നു.നെല്‍വയലുകള്‍ ജലസംഭരണ കേന്ദ്രങ്ങളും തണ്ണീര്‍ത്തടങ്ങളും ആണെന്നറിഞ്ഞിട്ടും ഇവ നികത്താന്‍ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഉദാഹരണമായിരുന്നു മെത്രാന്‍ കായലും കരുണ എസ്റ്റേറ്റും വൈക്കം ചെമ്പിലെ 150 ഏക്കര്‍ വയല്‍ നികത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പദ്ധതിയും.ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നത് വികസനമല്ലെന്നു തെലങ്കാനയിലെ വരള്‍ച്ച നമ്മളെ പഠിപ്പിച്ചിട്ടും നമ്മള്‍ പഠിച്ചില്ല.പണ്ട് കേരളത്തിലെ എല്ലാ വീട്ടിലും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ പൈപ്പ് ജലത്തെയാണ് ആശ്രയിക്കുന്നത്. കുടിവെള്ളം പൈപ്പിലൂടെയായപ്പോള്‍ കിണറുകളും ഉപയോഗശൂന്യമായി. പല കുളങ്ങളും കിണികളും നികത്തപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി നിര്‍മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ചര്‍ച്ചയാകേണ്ടത്.

സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ആന്റ് മാനേജ്മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ദേശീയ ശരാശരിയുടെ മൂന്നിരട്ടി ജലലഭ്യത ഉണ്ടായിട്ടും മതിയായ ജലസംഭരണം ഇവിടെ കാര്യക്ഷമമല്ലെന്ന് സ്ഥിരീകരിക്കുന്നു. പ്രതിവര്‍ഷം 43 ദശലക്ഷം മീറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള കേരളം സംഭരിക്കുന്നത് 800 കോടി ക്യൂബിക് മീറ്റര്‍ ജലമാണ്. 2051-ഓടെ കേരളം വരള്‍ച്ചയ്ക്ക് അടിമപ്പെടാന്‍ സാധ്യതയൊരുക്കുന്നതാണ് ഈ ജലോപയോഗ രീതി. 3500 കോടി ക്യൂബിക് മീറ്റര്‍ ജലം കടലിലേക്ക് ഒഴുകിപ്പോകുന്നു. വൈപ്പിനില്‍ മഴവെള്ളം സംഭരിച്ച് ജലലഭ്യത ഉറപ്പാക്കിയിരുന്നു. എന്നിട്ടും അതനുകരിക്കാന്‍ കേരളം തയ്യാറായില്ല. കടക്കെണിയിലും വിളനാശത്തിലും ജീവിക്കാനാവാതെയാണ് കര്‍ഷകര്‍ പലരും ആത്മഹത്യാമുനമ്പിലുള്ളത്. ജല ലഭ്യതക്കുറവ് ആണ് കര്‍ഷകരുടെ പ്രധാന ശത്രു.ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 59 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ തന്നെ സംസ്ഥാന കടാശ്വാസ കമ്മീഷനു മുന്‍പില്‍ 81134 കര്‍ഷക അപേക്ഷകള്‍ ആണ് തീര്‍പ്പുകല്‍പ്പിക്കാതെ പൊടിപിടിച്ച് കിടക്കുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button