News Story

ഭരണിയും കാവുതീണ്ടലും ചേർന്ന് ഭക്തിലഹരി തുള്ളിയുറയുന്ന കൊടുങ്ങല്ലൂർ

ഒരു കാലത്ത് ദ്രാവിഡക്ഷേത്രമായ കൊടുങ്ങല്ലൂർ കാവ് പിൽക്കാലത്ത് ബ്രാഹ്മണമേധാവിത്വത്തിൽ കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന താഴ്ന്ന ജാതിയിലെ പെട്ട ജനങ്ങളുടെ കൂടിച്ചേരലാണ്‌ ഈ ഉത്സവം എന്നാണു ഐതീഹ്യം.കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉള്ള ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ ആഘോഷമാണ്‌ കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലാണ്‌ ഇത് ആഘോഷിക്കപ്പെടുന്നത്. വളരെയധികം സവിശേഷതകളുള്ള ഈ ഉത്സവം ഒരു ആചാരത്തിന്റെ തലത്തിലാണ് കരുതപ്പെടുന്നത്. ഇത്രയധികം വെളിച്ചപ്പാടുകള്‍ തുള്ളിയുറയുന്ന മറ്റൊരു ഉത്സവം കേരളത്തിലില്ല എന്ന് തന്നെ പറയാം. കാരണകാരിണിയായ ദേവിയുടെ ചൈതന്യം ഉച്ചകോടിയിലെത്തുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഭരണി മഹോത്സവത്തിന് ദൂരദേശങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന് ഭക്തജനങ്ങളാണെത്തുന്നത്. കുഡുംബി സമുദായവും പ്ലാപ്പിള്ളി, തേറോടം, കുന്നത്തടികള്‍, മഠത്തില്‍ കാരണവന്മാര്‍, നിലത്തെ കാരണവന്മാര്‍ എന്നീ തറവാടുകളും യോജിച്ച് നടത്തുന്ന ഭരണി മഹോത്സവം ഒരു സമൂഹത്തിന്റെ തന്നെ മഹോത്സവമാണ്.

ഇതോടനുബന്ധിച്ചുള്ള കാവു തീണ്ടൽ എന്നറിയപ്പെടുന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ്‌ കൂടുതൽ പ്രാധാന്യമുള്ളത്.ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്‌. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്‌.കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.കാവുതീണ്ടല്, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്, പാലക്കവേലൻ എന്ന മുക്കുവന്റെ ചടങ്ങുകൾ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളിൽ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ്‌ പറയുന്നത്.അശ്വതീകാവുതീണ്ടലാണ്‌ എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തിൽ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതൽ മീനമാസത്തിലെ അശ്വതിനാൾ വരെയുള്ള ദിവസങ്ങളാൺ ആഘോഷങ്ങൾ മുഴുവനും. ഇക്കാലയളവിൽ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൂരവും കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങൾ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും. വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാർ എന്നാണ്‌ വിളിക്കുക.കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ആശാരിയും തട്ടാനും ചേർന്ന് നടത്തുന്ന ഒരു ചടങ്ങുണ്ട്. നല്ലവനായ വീരാശാരിയും മലയൻ തട്ടാൻ എന്നു വിളിക്കുന്ന തട്ടാനുമാണവർ. തട്ടാൻ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാർ അശുദ്ധിതീർത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവർ വരിക. വയനാട്, കണ്ണൂർ, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിൽ നിന്ന് സംഘമായി കാൽനടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ്‌ ഇവർ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവർക്കും കൊടുങ്ങലൂർ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളിൽ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തർപ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ്‌ വില്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂർവ്വം ക്ഷേത്രോത്സവങ്ങളാണ്‌ ഇത്.ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ്. കാവുതീണ്ടൽ. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിൻറെ വടക്കേ നട അടച്ചുപൂട്ടും. പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു. ദേവിയുടെവിഗ്രഹത്തിൽ നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി വിഗ്രഹത്തിൽ തൃച്ചന്ദനപ്പൊടി ചാർത്തുന്നു. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.

തൃച്ചന്ദനപൂജകൾ കഴിഞ്ഞ് അടച്ച നട തുറക്കുമ്പോൾ അടികൾമാർ ചേർന്ന് വരിയരി പായസം നിവേദിക്കും. ഇതിനുള്ള നെല്ല് പരമ്പരാഗതമായി എത്തിക്കുന്നത് ഗുരുവായൂരിനടുത്ത കൊരഞ്ഞിയൂർ കീഴേപ്പാട്ട് തറവാട്ടിലെ പ്രതിനിധിയാണ്.കാവുതീണ്ടലിനായി എത്തുന്ന കോമരങ്ങൾ കാവിന്റെ കിഴക്കേ നടയിലുള്ള വടക്കേടത്ത് മഠത്തിന്റെ മുറ്റത്താണ് തടിച്ചുകൂടുക. ഇവിടത്തെ അറയിൽ ഭഗവതി സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഇവിടെ നിന്ന് വെളിച്ചപ്പാട് പൂജിച്ചു നൽകുന്ന വാളുമായാണ് കോമരങ്ങൾ കാവുതീണ്ടുന്നത്.ഇതിനുശേഷം നടതുറക്കുമ്പോൾ ദർശനം നടത്തുന്നത് സർ‌വൈശ്വര്യപ്രധാനിയാണ്‌ എന്ന് ഭക്തർ വിശ്വസിക്കുന്നു. നടതുറന്നു കഴിഞ്ഞാൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേർന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയിൽകയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടൽ ആരംഭിക്കുകയായി. പാലക്കവേലൻ എന്ന മുക്കുവനാണ്‌ ദേവിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ. പാലക്കവേലന്റെ കയ്യിൽ നിന്ന് ഇളനീർ വാങ്ങിക്കുടിച്ചശേഷമാണ്‌ തമ്പുരാൻ തന്റെ കോയ്മയായ നമ്പൂതിരിക്ക് പട്ടുകുട ഉയർത്താനുള്ള ഉത്തരവ് കൊടുക്കുന്നത്. ആദ്യം കാവുതീണ്ടാനുള്ള അനുമതി പാലക്കവേലനാണ്. അതിനുശേഷം അതുവരെ ഊഴം കാത്ത് നിൽക്കുന്ന കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശലഹരിയോടെ ദിക്കുകൾ മുഴങ്ങുന്ന തരത്തിൽ മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേൽക്കൂരയിൽ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വക്കുന്നു. ഇതാണ്‌ കാവുതീണ്ടൽ. കാവുതീണ്ടൽ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ കാവിൽ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്‌. അതിന്റെ ഓർമ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് പലകയിൽ അടിച്ചുകൊണ്ടാണ്‌ ഈ പ്രദക്ഷിണം വക്കൽ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളിൽ നടതുറപ്പ് എന്നാണ്‌ പറയുക.കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ്‌ നിവേദ്യമായി നൽകുക. പിറ്റേന്ന് മുതൽ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക. ചില ദേശങ്ങളിലെ കോമരങ്ങൾക്ക് ഭരണിക്കാലത്ത് ഒത്തുകൂടാനുള്ളതാണ് അവകാശത്തറകൾ. ഏകദേശം 47 തറകളോളമുണ്ട്. ഇതിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ നിന്നും വരുന്ന ദേശക്കാരുടെ വകയാണ്. ആൽത്തറപണം പിരിക്കുന്നത്, കോതപറമ്പിലെ അരയം പറമ്പ് തറവാട്ടുകാരാണ്. ഈ പണം വലിയ തമ്പുരാനുള്ളതാണ്.തറകളിൽ ഉടമസ്ഥാവകാശം കുറിച്ചിട്ടുണ്ട്. ഭരണി നാളിൽ മറ്റു ദേശക്കാർക്ക് ഇവിടെ പ്രവേശനം ഇല്ല.ഇതിലെ ഏറ്റവും പ്രധാന തറ നിലപാടു തറയാണ്. വലിയ തമ്പുരാൻ എഴുന്നെള്ളുന്നത് ഇവിടെയാണ്. കാവുതീണ്ടലിന് അനുമതി നൽകുന്നതിന്റെ അടയാളമായി ചുവന്ന പട്ടുകുട ഉയർത്തുന്നത് ഇവിടെയാണ്.മറ്റൊരു പ്രധാന ചടങ്ങാണ് കോഴിക്കല്ല് മൂടല്‍. ദേവിയുടെ നടയില്‍ കോഴിയെ അറുത്ത് ബലി നല്‍കുന്ന ചടങ്ങാണിത്. പില്‍ക്കാലത്ത് ഇത് നിരോധിച്ചതിനാല്‍ ഇപ്പോള്‍ ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്നു. മീനഭരണിക്ക് 10 ദിവസം മുമ്പാണ് കോഴിക്കല്ല് മൂടുന്നത്. കോഴിക്കല്ല് മൂടിക്കഴിഞ്ഞാല്‍ ക്ഷേത്രത്തിലെ വെടിവഴിപാട് നിര്‍ത്തിവയ്ക്കുന്നു. കുമ്പളങ്ങാ മുറിക്കല്‍, കോഴിയെ പറപ്പിക്കല്‍ തുടങ്ങിയ ചടങ്ങുകളം മീനഭരണിയോടനുബന്ധിച്ച് നടത്തുന്നു.

കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഭഗവതിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മുന്‍പ് ഒരു ശിവക്ഷേത്രമായിരുന്നെന്നാണ് വിശ്വാസം. അതുകൊണ്ട് ഭഗവതിക്ക് അര്‍ച്ചന നടത്തുന്നതിനു മുന്‍പ് ഇവിടെ ശിവ പുജ നടത്തുന്നു. ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹം പ്ലാവിന്റെ തടിയില്‍ നിന്ന് രൂപപ്പെടുത്തിയതാണെന്ന് കരുതപ്പെടുന്നു. വിഗ്രഹത്തിന്റെ മുഖം ആഭരണങ്ങളാല്‍ അലംകൃതമായ മൂടുപടം കൊണ്ട് മറച്ചിരിക്കുന്നു.മീനമാസത്തില്‍ നടക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണിയുത്സവത്തില്‍ രക്തവും വിശ്വാസവും ഒത്തു ചേരുന്നുവെന്ന് പറയാറുണ്ട്.കൊടുങ്ങല്ലൂര്‍ രാജാവിന്റെ സാന്നിദ്ധ്യത്തിലാണ് കാവുതീണ്ടല്‍ നടക്കുന്നത്. ഈ അനുഷ്ഠാനത്തിനിടെ വെളിച്ചപ്പാടുമാര്‍ ബാധകയറി ക്ഷേത്രത്തിനു ചുറ്റുമായി അന്തരീക്ഷത്തില്‍ ചിലമ്പു വീശി ഓടുന്നു.ഉത്സവത്തിനു ശേഷം ഒരാഴ്ച ക്ഷേത്രം അടച്ചിടും. കാവുതീണ്ടലിനെ തുടര്‍ന്നുണ്ടാകുന്ന അശുദ്ധികള്‍ നീക്കാനുള്ള ശുദ്ധീകരണ ചടങ്ങുകള്‍ക്കു ശേഷം ക്ഷേത്രവാതിലുകള്‍ വീണ്ടും തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button