India

‘എന്തെങ്കിലും തന്ന് സഹായിക്കണേ’ എന്ന്! നേതൃത്വം നേതാക്കളോട് പറയുന്നതിന്റെ കാരണമെന്താകാം…? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിയുടെ നാള്‍വഴികളില്‍ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ്.ഹരിദാസ്
എത്തിച്ചേരുന്ന നിഗമനങ്ങള്‍

സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ പാര്‍ട്ടി തന്നെ കടുത്ത ക്ഷാമത്തില്‍ ആണെന്നും മുന്നോട്ടുപോകാന്‍ സഹായം വേണമെന്നും ആവശ്യപ്പെട്ട് എഐസിസി നേതൃത്വം.

ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രമാണ് ഇന്നലെ ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്നലെ തന്നെയാണ് എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ലഭിച്ചതും. ഇതിനു മുന്‍പും ഇത്തരത്തില്‍ ഒരു നീക്കം എഐസിസി നടത്തിയിരുന്നു. അന്നും കോണ്‍ഗ്രസിന്റെ തലപ്പത്തുള്ള കുടുംബത്തിലെ ചിലര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തിടെ ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, അവരുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, സോണിയ പരിവാറിന്റെ ഭാഗം പോലെ പ്രവര്‍ത്തിക്കുന്നയാള്‍ എന്ന് കോണ്‍ഗ്രസുകാര്‍ കരുതുകയും പറയുകയും ചെയ്യൂന്ന ഓസ്‌കാര്‍ ഫെര്‍ണാന്‍ഡസ്, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ തുടങ്ങിയവരുടെ പേര് പരാമര്‍ശിക്കുന്ന വിധിന്യായം ഇറ്റലിയിലെ കോടതി പുറപ്പെടുവിച്ചതാണ് പുതിയ പ്രശ്‌നം. മുന്‍പ് ഇതുപോലെ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് നാഷണല്‍ ഹെറാള്‍ദ് കേസില്‍ കോടതി സോണിയ, രാഹുല്‍ തുടങ്ങിയവര്‍ക്ക് സമന്‍സ് അയച്ചപ്പോഴാണ്. നാഷണല്‍ ഹെറാള്‍ദ് ഇടപാടില്‍ സോണിയ പരിവാര്‍ അനധികൃതമായി കോടികള്‍ സമ്പാദിച്ചു എന്നാണല്ലോ ഡോ. സുബ്രമണ്യന്‍ സ്വാമി കോടതിയില്‍ ഉന്നയിച്ചത്. ഇപ്പോഴാകട്ടെ ഹെലികോപ്ടര്‍ ഇടപാടിലൂടെ കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങി എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നു എന്ന് മാത്രമല്ല അത് ഏതാണ്ട് ഇറ്റാലിയന്‍ കോടതി ശരിവെക്കുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസും സോണിയ പരിവാറും മറ്റും നേരിടുന്ന കടുത്ത സമ്മര്‍ദ്ദം തന്നെയാണ് ഇതിലൂടെ വെളിച്ചത്താവുന്നത് .

ഇന്നലെയാണ് ഹെലികോപ്ടര്‍ ഇടപാട് രാജ്യസഭ ചര്‍ച്ച ചെയ്തത്. ആ വേളയില്‍ കോണ്‍ഗ്രസ് പക്ഷത്തെ ആശങ്ക കാണേണ്ടത് തന്നെയായിരുന്നു. ഭരണപക്ഷത്ത് നിന്ന് ആരെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന തോന്നലും അവിടെയിടക്കുണ്ടായി. തുടര്‍ച്ചയായ ചിലരുടെ ഇടപെടലുകളും രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ ഡോ. സുബ്രമണ്യന്‍ സ്വാമിയും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറും വസ്തുതകളില്‍ ഒതുങ്ങി നിന്നു സംസാരിച്ചപ്പോള്‍ പ്രതിപക്ഷത്തിന് മിണ്ടാന്‍ കഴിയാത്ത അവസ്ഥയായി. സോണിയയെക്കുറിച്ച് ഇറ്റാലിയന്‍ കോടതി നടത്തിയ പരാമര്‍ശങ്ങളും അവരാണ് ‘െ്രെഡവിംഗ് ഫോഴ്‌സ് ‘ എന്ന് കോടതി വ്യക്തമാക്കിയതുമൊക്കെ ഡോ. സ്വാമിയുടെ പ്രസംഗത്തിലൂടെ രാജ്യത്തിന്റെ ചെവിയിലെത്തി. ഇന്നും കോണ്‍ഗ്രസ് നേതാക്കള്‍ അതിന്റെ ഞെട്ടലില്‍ നിന്ന് മോചിതമായിട്ടില്ല. പ്രതിപക്ഷത്തിന് ആധിപത്യമുള്ള രാജ്യസഭയിലേ ചര്‍ച്ച നടന്നിട്ടുള്ളൂ; ഇനി ലോക്‌സഭയില്‍ നടക്കാനുണ്ട്; അത് നാളെയാണ്. അവിടെയാവട്ടെ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും വലിയ ആധിപത്യമാണ് ഉള്ളത്. അവിടെ എങ്ങിനെ പ്രതിരോധിക്കും എന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന് ഒരു പിടിപാടുമില്ല. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ഈ കുംഭകോണം സജീവ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് . ഇന്നിപ്പോള്‍ കേരളത്തിലെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉന്നയിച്ചത് ഈ അഴിമതി ഇടപാട് തന്നെയാണ്; എ കെ ആന്റണി ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് അദ്ദേഹം തന്റെ ആദ്യ പൊതുയോഗത്തില്‍ തന്നെ ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ല എന്നുപറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. യുപിഎ ഭരണകാലത്ത് നടന്ന അഴിമതികളില്‍ ഉള്‍പ്പെട്ടത് നൂറു കണക്കിന് കോടികളാണ് എന്നത് ആരും മറന്നിട്ടില്ല. ആ തട്ടിപ്പുകളുടെ ചരിത്രം ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല; അല്ലെങ്കില്‍ അതിന്റെ കഥ മുഴുവന്‍ വിശദീകരിക്കാന്‍ വലിയ ലേഖന പരമ്പര തന്നെ വേണ്ടിവരും. എന്നാല്‍ ചില കണക്കുകള്‍ ഓര്‍ക്കാതെ പോകാനും കഴിയില്ല. സി ഡബ്ല്യു ജി തട്ടിപ്പ് ആണ് ഒന്ന്; അതായത് കോമണ്‍ വെല്‍ത്ത് കുംഭകോണം. അതിലുള്‍പ്പെട്ടതു ഏതാണ്ട് 2,342 കോടിയാണ് എന്നതാണ് കണക്ക് . പിന്നെ കല്‍ക്കരി തട്ടിപ്പ്; അവിടെ രാജ്യത്തെ ഖജനാവിന് നഷ്ടമായത് 1.86 ലക്ഷം കോടി. 2 ജി ടെലികോം കുംഭകോണത്തില്‍ ഉള്‍പ്പെട്ടത് 1,70,000 കോടി. ഇതൊക്കെ കോണ്‍ഗ്രസിന്റെ ഒന്നാം കുടുംബം അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന് കരുതുന്നവരും സ്വകാര്യമായി പറയുന്നവരുമാണ് ആ കക്ഷിയിലെ പലരും.

എയര്‍ സെല്‍ മാക്‌സിസ് തട്ടിപ്പ് ഒക്കെ വേറെയും. ഇതിനു പുറമേയാണ് പി ചിദംബരവും മകനും മറ്റും ഉള്‍പ്പെട്ടുവെന്നു ആക്ഷേപിക്കപ്പെട്ട വാസന്‍ ഐ കെയര്‍ തട്ടിപ്പ് എന്നിവയൊക്കെ. അങ്ങിനെ അഴിമതിയുടെ ഒരു പരമ്പര തന്നെ. ചിദംബരം കുടുംബത്തിന്റെ തട്ടിപ്പിനെക്കുറിച്ചു എസ്.ഗുരുമൂര്‍ത്തി എഴുതിയ ലേഖനങ്ങള്‍ക്ക് ഇനിയും കോണ്‍ഗ്രസോ മുന് കേന്ദ്ര മന്ത്രിയോ മറുപടി പറഞ്ഞിട്ടില്ല. 223 കോടിയുടെ തട്ടിപ്പാണ് വാസന്‍ ഐ കെയറുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകെട്ടത്. അതില്‍ ജെ ഡി ഗ്രൂപ്പ് ഏതാണ്ട് നൂറു കോടി കള്ളപ്പണം വാസന് കൈമാറി; 8.64 കോടി പലിശരഹിത വായ്പയായി നല്‍കി എന്നും മറ്റും ആക്ഷേപമുണ്ട്. അങ്ങിനെ പലതും.

ഇതിന്റെയൊക്കെ പിന്നാലെയാണ് നാഷണല്‍ ഹെറാള്‍ദ് കേസ്. അതില്‍ പ്രഥമദൃഷ്ട്യാ കേസുണ്ട് എന്ന് വിചാരണ കോടതിയും ദല്‍ഹി ഹൈക്കോടതിയും വ്യക്തമാക്കിക്കഴിഞ്ഞു. ഇതിലുള്‍പ്പെട്ടത് സോണിയ പരിവാര്‍ തന്നെയാണ്. സോണിയ, രാഹുല്‍, ആ കുടുംബത്തോട് എന്നും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ഓസ്‌കാര്‍ ഫെര്‍ണാന്‍ഡസ് , മോത്തിലാല്‍ വോറ, സുമന്‍ ദുബെ എന്നിവരാണ് അതില്‍ പെട്ടിരിക്കുന്നത് . അതായത് , അതിന്റെ പ്രയോജനം ലഭിച്ചത് സോണിയ പരിവാറിനു തന്നെയാണ് എന്ന് കരുതാന്‍ പലരും നിര്‍ബന്ധിക്കപ്പെടുന്നു. ഡോ. സ്വാമിയുടെ കണക്കനുസരിച്ച് അതിലൂടെ അവരുണ്ടാക്കിയ നേട്ടം ഏതാണ്ട് രണ്ടായിരം കോടി രൂപയാണ്. ഈ കേസിലെ വിചാരണ താമസിയാതെ നടക്കും എന്ന് പ്രത്യാശിക്കാം. പറഞ്ഞുവന്നത് ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട് എന്നതാണ്. ആ പണമെല്ലാം കോണ്ഗ്രസിന് കിട്ടിയിട്ടില്ല എന്നും ഈ ആക്ഷേപങ്ങള്‍ എല്ലാം വെറുതെയാണ് എന്നും ചുരുങ്ങിയത് കോണ്ഗ്രസുകാരെയെങ്കിലും ബോധിപ്പിക്കാനുള്ള ശ്രമമാണ് ഇന്നിപ്പോള്‍ കോണ്ഗ്രസ് ഹൈക്കമാണ്ട് നടത്തുന്നത്.

നാല് സംസ്ഥാന നിയമസഭകളിലേക്ക് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ആസാമിലെ വോട്ടെടുപ്പ് നേരത്തെ കഴിഞ്ഞു; പശ്ചിമ ബംഗാളില്‍ ഇന്നത്തെകൊണ്ട് പോളിംഗ് അവസാനിക്കും. തമിഴ് നാടും കേരളവും അടുത്തയാഴ്ച ബൂത്തിലേക്ക് നീങ്ങും. അവിടെയൊക്കെ കോണ്ഗ്രസ് നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ രാജ്യം കണ്ടതാണ്. ഇത്രമാത്രം പണമൊഴുക്കിയ തിരഞ്ഞെടുപ്പ് കണ്ടിട്ടില്ല എന്നാണു ബംഗാളും ആസാമും സന്ദര്‍ശിച്ചവര്‍ സാക്ഷ്യപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ പണം ഒഴുക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല; മാത്രമല്ല അവിടെയുള്ള സഖ്യകക്ഷികള്‍ക്കും സഹായം നല്‍കേണ്ടിവരുന്നുണ്ട് . കേരളത്തിലും അതാണ് കോണ്ഗ്രസിന്റെ പതിവ്. ഇതെല്ലാം എങ്ങിനെയുണ്ടായി എന്നത് ഉന്നയിക്കുന്നില്ല; എന്നാല്‍ ലോകമിതൊക്കെ കാണുന്നു എന്നതോന്നല്‍ എല്ലാവര്‍ക്കും വേണമല്ലോ. അതൊക്കെ അങ്ങിനെയായിരിക്കെയാണ് കോണ്ഗ്രസ് ഹൈക്കമാണ്ട് പട്ടിണിക്കഥയുമായി രംഗത്തുവരുന്നത്. എന്തെങ്കിലും തന്നു സഹായിക്കണേ എന്ന ദയനീയ അഭ്യര്‍ഥനയുമായി …….. ഹാ കഷ്ടമേ, അല്ലാതെ എന്തുപറയാന്‍.

ലോകസഭയിലെയും രാജ്യസഭയിലെയും എംപിമാരോട് ഒരു മാസത്തെ വരുമാനം പാര്‍ട്ടിക്ക് നല്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതത്രെ. അത് സംബന്ധിച്ച കുറിപ്പ് എംപിമാര്‍ക്ക് നല്‍കിയെന്നും അവരുടെ വിഹിതം കയ്യില്‍ കിട്ടുമെന്ന് ഉറപ്പാക്കാന്‍ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടുവെന്നും പറയുന്നു. ദല്‍ഹിയില്‍ അതുസംബന്ധിച്ച ഒരു യോഗവും നടന്നതായാണ് സൂചന. അതില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാവ് അജയ് മാക്കനും പിസി ചാക്കോയും പങ്കെടുത്തുവെന്ന് ഈ ഓണ്‍ലൈന്‍ പത്രം പറയുന്നു. ഡല്‍ഹിയില്‍ മുന്‍പ് മന്ത്രിമാരായിരുന്ന എല്ലാവരെയും കണ്ടു സംസാരിക്കാന്‍ അജയ് മാക്കനെ ചുമതലപ്പെടുത്തുകയും ചെയ്തു. മുന്‍പ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓരോ മാസവും 250 രൂപവീതം പാര്‍ട്ടിക്ക് നല്കണം എന്നൊരു തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ അത് ഫലപ്രദമായില്ല. വളരെ കുറച്ചുപേരെ പണം നല്കാന്‍ തയ്യാറായുള്ളൂ. അത്തരത്തിലൊരു ഫണ്ട് ശേഖരണം ഇന്നത്തെ സാഹചര്യത്തില്‍ പ്രയാസകരമാവും എന്നും അതിനോട് അണികളില്‍ നിന്ന് നല്ല പ്രതികരണം ഉണ്ടാവുന്നില്ല എന്നും മനസിലാക്കിയാണ് എംപി മാര്‍ , എം എല്‍ എമാര്‍, മുന്‍ മന്ത്രിമാര്‍ എന്നിവരെയൊക്കെ സമീപിക്കാന്‍ തീരുമാനിച്ചത് എന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പക്ഷെ അത് പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയാണ് എന്ന് കരുതുന്നവരാണ് ഏറെയും. ഇത്തരത്തില്‍ പണപ്പിരിവ് നടത്താന്‍ മുതിര്‍ന്നാല്‍ ഇന്നിപ്പോള്‍ കേള്‍ക്കുന്നതെല്ലാം വെറും അഴിമതി ആരോപണങ്ങള്‍ മാത്രമാണ് എന്നും അത് രാഷ്ട്രീയ പ്രേരിതമാണ് എന്നും തങ്ങളുടെ കൈകള്‍ ശുദ്ധമാണ് എന്നും ഏറ്റവും ചുരുങ്ങിയത് പാര്‍ട്ടി എംപിമാരെയും നേതാക്കളെയും എങ്കിലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാലോ എന്നാണ് കോണ്ഗ്രസിന്റെ തലപ്പത്തുള്ളവര്‍ ചിന്തിക്കുന്നത് എന്ന് വ്യക്തം. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്നും പലതും വെളിച്ചത്താവും എന്നുമുള്ള നേതൃത്വത്തിന്റെ ആശകയും ഭയവുമാണ് ഇതിനൊക്കെ കാരണം എന്ന് കരുതുന്നവരാണ് പാര്‍ട്ടിയിലെ പലരും; പക്ഷെ അത് തുറന്നു പറയാന്‍ അവര്‍ക്ക് ആവുന്നില്ല എന്നുമാത്രം. ഇനിയുള്ള നാളുകള്‍ അതീവ നിര്‍ണ്ണായകമാണ് എന്നും പിടിച്ചുനില്‍ക്കാന്‍ വിഷമിക്കേണ്ടിവരും എന്നും ഹൈക്കമാണ്ട് കരുതുന്നു എന്നും വിലയിരുത്തപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button