Editorial

ദൈവത്തിന്‍റെ സ്വന്തം നാട് “പീഡന കേരളം” ആയി മാറുന്നുവോ? ഇത് അവസാനിപ്പിക്കണ്ടേ?

വിദ്യാസമ്പന്നരുടെ നാട്. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച നാട്. എല്ലാറ്റിനുമുപരി ദൈവത്തിന്‍റെ സ്വന്തം നാട്. പക്ഷേ, മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ചു കളയുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തിലും നമ്മള്‍ ഒട്ടും പിന്നിലല്ല. ഇക്കഴിഞ്ഞ ജനുവരിയില്‍ ആറ്റിങ്ങലില്‍ ഒരുസംഘം യുവാക്കള്‍ ഷമീര്‍ എന്ന ചെറുപ്പക്കാരനെ പട്ടാപ്പകല്‍ ആക്രമിച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ കണ്ടവര്‍ ‘ദൈവത്തിന്‍റെ സ്വന്തം കേരള”ത്തിന്‍റെ നിലവിലെ അവസ്ഥ കണ്ട്, ദൈവത്തിനു പകരം ചെകുത്താന്‍ കേരളത്തിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തോ എന്ന് ചിന്തിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.

സ്ത്രീപീഡനങ്ങളുടേയും സ്വന്തം നാടായി കേരളം മാറിയിട്ട് കാലം കുറെയായി. സൂര്യനെല്ലി മുതല്‍ ഇപ്പോള്‍ പെരുമ്പാവൂര്‍ വരെ, വര്‍ഷങ്ങള്‍ കഴിയുംതോറും പീഡനങ്ങളുടെ സംഖ്യയും, അവയിലടങ്ങിയ കാമവെറിയും ക്രൂരതയും ഏറി വരുന്നതേയുള്ളൂ. സൂര്യനെല്ലി സംഭവം മുതല്‍ നാം കാണുന്നതാണ്, പീഡനക്കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അധികാരകേന്ദ്രങ്ങളില്‍ നിന്ന്‍ ലഭിക്കുന്ന പിന്തുണയും, ഇരയെ സംബന്ധിച്ച് പീഡനം നടന്ന കാലത്തേക്കാള്‍ പതിന്മടങ്ങ്‌ വേദനകള്‍ സമ്മാനിക്കുന്ന നിയമയുദ്ധത്തിന്‍റെ ഒരിക്കലും അവസാനിക്കാത്ത നാള്‍വഴികളും. സൂര്യനെല്ലി, പറവൂര്‍, കിളിരൂര്‍, വിതുര എന്നിങ്ങനെ കേരളത്തില്‍ അരങ്ങേറിയ കോളിളക്കം സൃഷ്ടിച്ച പീഡനക്കേസുകളിലൊന്നും തന്നെ കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിച്ചിട്ടില്ല. ഇത് കാമവെറി പൂണ്ട മനസ്സുമായി നടക്കുന്നവര്‍ക്ക് നല്‍കുന്നത് വളരെ തെറ്റായ ഒരു സന്ദേശമാണ്. എത്ര ഭീകരമായ രീതിയില്‍ കുറ്റകൃത്യം ചെയ്താലും, നിയമത്തിന്‍റെ പഴുതുകള്‍ തങ്ങളുടെ രക്ഷയ്ക്കെത്തും എന്ന ഉറപ്പാണ് അത്തരക്കാര്‍ക്ക്‌ ലഭിക്കുന്നത്.

കുറ്റവാളി എന്ന് ഉറപ്പായിട്ടും, ഗോവിന്ദച്ചാമിയെപ്പോലെയുള്ള ഒരാള്‍ക്ക് വരെ നിയമത്തിന്‍റെ എല്ലാ പരിരക്ഷകളും ലഭിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അയാള്‍ തിന്നുകൊഴുത്ത് ജയിലില്‍ സുഖവാസം അനുഭവിക്കുകയാണ്. ഇപ്പോള്‍ മലയാളി മനസ്സാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ കേസിലെ പ്രതി പിടിക്കപ്പെട്ടാലും സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെത്തന്നെയാണ്. തത്ക്കാലം മുഖം രക്ഷിക്കുന്നതിനു വേണ്ടി പോലീസും രാഷ്ട്രീയനേതൃത്വവും എന്തൊക്കെയോ കാട്ടിക്കൂട്ടുമ്പോള്‍ കേരളത്തില്‍ ഒരു പീഡനകാലം അരങ്ങേറുകയാണ്.

വര്‍ക്കലയില്‍ കാമുകനോടൊപ്പം പോയ നഴ്സിംഗ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം, ചിറയിന്‍കീഴ് അഞ്ചുതെങ്ങില്‍ അറുപത്തെട്ടുകാരി പീഡനത്തിനിരയായ സംഭവം, മൂവാറ്റുപുഴയ്ക്കടുത്ത് കദളിക്കാട് അറുപതുകാരിക്ക് നേരെയും വളക്കുഴിയില്‍ പതിനഞ്ച്കാരിക്ക് നേരെയും നടന്ന പീഡനശ്രമങ്ങള്‍ ഇങ്ങനെ സ്ത്രീപീഡനങ്ങളുടെ തുടര്‍ക്കഥകള്‍ മാത്രമേ ഇപ്പോള്‍ കേരളത്തിന്‌ പറയാനുള്ളൂ.

കുറ്റവാളികള്‍ പിടിക്കപ്പെടുന്നുണ്ട്. ഇരിങ്ങാലക്കുടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് മൂന്ന്‍ യുവാക്കള്‍ അറസ്റ്റിലായിട്ടുണ്ട്. കൊടകര വാസുപുരത്ത് 22-കാരിയെ പീഡിപ്പിച്ച നാല് യുവാക്കള്‍, അടൂര്‍ ഏഴുകുളം പുതുമനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുളിമുറിയില്‍ക്കയറി പീഡിപ്പിച്ച ഒ.പി.മനോജ്‌ എന്ന 29-കാരന്‍, തൃശ്ശൂര്‍ പുതുക്കാട് ഊമയായ യുവതിയെ പീഡിപ്പിച്ച 18-കാരന്‍ അതുല്‍, കാഞ്ഞങ്ങാട് 7-വയസുകാരിയെ പീഡിപ്പിച്ച 60-കാരന്‍ രവീന്ദ്രന്‍, ഇവരൊക്കെ പോലീസ് പിടിയിലായിട്ടുണ്ട്. ഇവര്‍ക്കൊക്കെ ശിക്ഷ ലഭിക്കുമോ, ലഭിക്കുമെങ്കില്‍ തന്നെ എത്ര സമയത്തിനുള്ളില്‍, ആരും ഇതിനെപ്പറ്റിയൊന്നും ചിന്തിച്ചു മെനക്കെടാറില്ല.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പിലാക്കിയിരുന്നെങ്കില്‍ പെരുമ്പാവൂരില്‍ നടന്നതു പോലെയുള്ള ഒരു ക്രൂരകൃത്യം നടക്കാതെ പോയേനെ എന്ന്‍ വാദിക്കുന്നവര്‍ നിരവധിയാണ്. ഗുണ്ടാ ആക്റ്റ് കേരളത്തില്‍ നടപ്പിലായതിനു ശേഷം സംസ്ഥാനത്ത് അഴിഞ്ഞാടിയിരുന്ന ഗുണ്ടകള്‍ക്ക് മേല്‍ നിയമസംവിധാനം കാര്‍ക്കശ്യം കാണിച്ചുതുടങ്ങിയപ്പോള്‍ ഗുണ്ടാ ശല്യത്തിന് ഒട്ടൊക്കെ ശമനം വന്നത് നമുക്കറിയാം. പ്രത്യക്ഷത്തില്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും ശ്രീ ഋഷിരാജ് സിംഗ് ട്രാഫിക് ഐജി ആയിരുന്നപ്പോള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ശിക്ഷകള്‍ കര്‍ശനമായി നടപ്പിലാക്കിയപ്പോള്‍ കേരളം ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ തുടങ്ങിയത് നമുക്കൊക്കെ അനുഭവമാണ്. അതേപോലെ തന്നെ അദ്ദേഹം വൈദ്യുതി ബോര്‍ഡിന്‍റെ തലപ്പത്ത് വന്നപ്പോള്‍ ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ വൈദ്യുതിമോഷണം തടയാന്‍ സ്വീകരിച്ച നിയമനടപടികള്‍ മാതൃകാപരമായിരുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് നിയമസംവിധാനം നിഷ്കര്‍ഷിക്കുന്ന രീതികള്‍ പിന്തുടര്‍ന്നാല്‍ ഏതു കുറ്റകൃത്യവും നിയന്ത്രണവിധേയമാക്കാം എന്നാണ്.

ഗോവിന്ദച്ചാമി എന്ന മനുഷ്യാധമനും, ഡല്‍ഹി നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്കും മാതൃകാപരമായ ശിക്ഷ നല്‍കുന്നതില്‍ ഇനിയും ഭരണകേന്ദ്രങ്ങള്‍ അമാന്തം കാട്ടരുത്. ഇത്തരം ശിക്ഷണനടപടികള്‍ ഒരു കുറ്റകൃത്യത്തേയും പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യുന്നില്ലെങ്കിലും, കുറ്റം ചെയ്‌താല്‍ ശിക്ഷിക്കപ്പെടും എന്ന ബോധ്യം വരുന്നത് ചിലരെയെങ്കിലും കുറ്റവാളികളാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും. കുറ്റകൃത്യം നടക്കാതെ നോക്കുന്നതല്ലേ, അത് നടന്ന് കഴിഞ്ഞ് പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചകളും കുറ്റപ്പെടുത്തലുകളും ചെളിവാരിയെറിയലുകളും നടത്തുന്നതിനേക്കാള്‍ ഭേദം.

ദൈവത്തിന്‍റെ സ്വന്തം നാട് ‘പീഡന കേരളം’ ആയി മാറുന്നത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത് ഇനിയും വൈകിപ്പിച്ചുകൂടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button