NewsInternational

ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം : മലയാളികള്‍ ആശങ്കയില്‍

കോട്ടയം: ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ മലയാളി നഴ്‌സുമാര്‍ ലിബിയയില്‍ കുടുങ്ങി. പലരുടെയും വിസ കാലാവധി അവസാനിച്ചതിനാല്‍ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. ലിബിയയിലെ വിവിധ ആശുപത്രികളിലായി നൂറുകണക്കിന് നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരില്‍ ഭൂരിഭാഗവും ദുരിതത്തിലാണെന്നാണ് നാട്ടില്‍ ലഭിക്കുന്ന വിവരം.

മാര്‍ച്ച് 25ന് നഴ്‌സുമാര്‍ താമസിച്ചിരുന്ന നാലു നില ഫ്‌ളാറ്റിനുനേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം വെളിയന്നൂര്‍ സ്വദേശി നഴ്‌സും ഒന്നര വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കൊപ്പം സാവിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 18 നഴ്‌സുമാരും 11 കുട്ടികളും കുടുങ്ങിയിരിക്കുകയാണ്.
ആക്രമണത്തെ തുടര്‍ന്ന് ജീവരക്ഷാര്‍ഥം ഓടിയ ഇവരെ സൈനികവാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തി ആശുപത്രിക്ക് സമീപം സൈനികന്റെ മൂന്നു വീടുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെ ആശുപത്രി അധികൃതര്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. 15ന് വിസ കാലാവധി അവസാനിക്കാനിരിക്കെ കടുത്ത ആശങ്കയിലാണ് ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

ഇവര്‍ താമസിക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ മൂന്നു വീടുകളും വാടകക്ക് നല്‍കിയിരുന്നവയാണ്. അതിനാല്‍ വീടുകളില്‍നിന്ന് മാറിക്കൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമാണെന്ന് ലിബിയയിലുള്ള പാമ്പാടി സ്വദേശിനി വീട്ടുകാരെ അറിയിച്ചു. പിറവം സ്വദേശി നഴ്‌സും ഇവര്‍ക്കൊപ്പമുണ്ട്.

പലരുടെയും ശമ്പളവും മാസങ്ങളായി കുടിശ്ശികയുമാണ്. പണം ഉപേക്ഷിച്ച് തിരിച്ചുപോരാന്‍ തയാറാണെങ്കിലും സഹായിക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളൊന്നുമില്ലാത്ത സ്ഥിതിയാണ്. എംബസിയുമായി ബന്ധപ്പെട്ടു വരികയാണെന്ന് നോര്‍ക്ക അധികൃതര്‍ നഴ്‌സുമാരെ അറിയിച്ചിട്ടുണ്ട്.

നേരത്തേ ആഭ്യന്തരയുദ്ധത്തെതുടര്‍ന്ന് ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇടക്ക് സ്ഥിതി ശാന്തമായതോടെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വന്‍ ശമ്പളം വാഗ്ദാനം ചെയ്തു ലിബിയയില്‍ വീണ്ടും നഴ്്‌സുമാരെ എത്തിക്കുകയായിരുന്നു.

എറണാകുളം ജില്ലയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി വഴി ലിബിയയിലേക്ക് പോകാന്‍ തയാറായ മുപ്പതോളം നഴ്‌സുമാരെ മാസങ്ങള്‍ക്കു മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞിരുന്നു. തുടര്‍ന്ന് തങ്ങള്‍ മാത്രമാണ് ഉത്തരവാദിയെന്ന് എഴുതി നല്‍കിയാണ് അവര്‍ ലിബിയയിലേക്ക് പോയത്. ഇവരില്‍ ഭൂരിഭാഗത്തിനും ജോലി നഷ്ടപ്പെട്ടതായും സൂചനയുണ്ട്.

റിക്രൂട്ടിങ് ഏജന്‍സികളുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ലിബിയയിലെത്തിയ മലയാളികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ വിദേശകാര്യ മന്ത്രാലയം വൈമുഖ്യം കാണിക്കുന്നതായി ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി ഇടപെടുന്നില്ലെന്നാണ് ആരോപണം. സംസ്ഥാനത്തുനിന്ന് കഴിഞ്ഞ മാസങ്ങളില്‍ ലിബിയയിലേക്ക് പോയ മലയാളികളുടെ ഒരു കണക്കും കേരള സര്‍ക്കാറിന്റെയോ നോര്‍ക്കയുടെയോ കൈവശമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button