KeralaNews

വി.എസ്. വോട്ടു ചെയ്യുമ്പോള്‍ ആരൊക്കെയോ ഒളിഞ്ഞു നോക്കിയെങ്കില്‍ അതു നമുക്കു നല്‍കുന്ന സൂചന

കെവിഎസ് ഹരിദാസ്‌

സഖാവ് വി എസ് അച്യുതാനന്ദൻ വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയപ്പോൾ സൂക്ഷമമായി ഒളിഞ്ഞ്നോക്കുന്ന ജി സുധാകരൻ സഖാവിന്റെ ചിത്രം ഇന്ന് എല്ലാവരും കണ്ടിരിക്കും. ഇന്നലെ ചില ചാനലുകൾ അത് സംപ്രേഷണം ചെയ്യുകയുമുണ്ടായി. അതിനു പലവിധ കമ്മന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ അത് ആഘോഷിക്കുന്നുമുണ്ട്. വിഎസ് ആർക്കാണ് വോട്ടുചെയ്യുന്നത് എന്ന് അവിടത്തെ സ്ഥാനാർഥി കൂടിയായ സഖാവ് ജി സുധാകരൻ ഒളിഞ്ഞു നോക്കി ഉറപ്പാക്കുന്നു എന്നതാണ് ഒരു നിരീക്ഷണം. വി എസിന്റെ മാത്രമല്ല അദ്ദേഹത്തിൻറെ പത്നി വോട്ടുചെയ്യുംപോഴും സുധാകരൻ സമാനമായ നിലയിൽ ബൂത്തിനുള്ളിൽ വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്ത് നിൽക്കുന്നുണ്ട് . അതിൽ ഒട്ടേറെ വിഷയങ്ങളുണ്ട് എന്നാണ് എനിക്ക് പ്രഥമ ദൃഷ്ട്യാ തോന്നുന്നത്. തനിച്ച് തന്റെ വോട്ടുചെയ്യാൻ കഴിയാത്ത, അത്രമാത്രം പ്രായാധിക്യ പ്രശ്നങ്ങളുള്ള, ഒരാളെ എങ്ങിനെ കേരളം പോലുള്ള ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാക്കും എന്നതാണ് അതിൽ വളരെയേറെ പ്രധാനപ്പെട്ടത് എന്ന് കരുതുന്ന ഒരാളാണ് ഞാൻ.

ഒന്ന് : വോട്ട് ചെയ്യാൻ മകനെയും കൂട്ടിയാണ് വി എസും പത്നിയും ബൂത്തിലെത്തിയത്. അദ്ദേഹത്തിനു നടക്കാൻ കഴിയാതെ വന്നിട്ടുണ്ടെങ്കിൽ ആരുടെയെങ്കിലും സഹായം തേടുന്നതിൽ തെറ്റില്ല. എന്നാൽ വോട്ട് ചെയ്യുമ്പോൾ മകൻ അടുത്തുനിന്നു ചിഹ്നം ചൂണ്ടിക്കാണിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്. അത് അവിടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ അനുവദിച്ചുകൂടായിരുന്നു. അതുകൊണ്ടുതന്നെ ആ ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ടതുണ്ട്.

രണ്ട് : വോട്ടു ചെയ്യാൻ ഒരാൾ ബൂത്തിലെത്തുമ്പോൾ അയാൾക്ക് വോടിംഗ് യന്ത്രം വരെ പോകാൻ വിഷമമുണ്ടെങ്കിൽ ആർക്കും ആ വോട്ടറെ , സഹായിക്കാം. എന്നാൽ വോട്ട് ചെയ്യുമ്പോൾ ഒളിഞ്ഞോ തെളിഞ്ഞോ നോക്കാൻ പറ്റില്ല എന്നത് അവിടെ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര് കണക്കിലെടുക്കണമായിരുന്നു. അവർ ആ പ്രവർത്തിയിൽ നിന്ന് ജി സുധാകരനെ മാത്രമല്ല വിഎസിന്റെ പുത്രനെയും തടയണമായിരുന്നു.

മൂന്ന്‌ : ജി സുധാകരനും വിഎസിന്റെ പുത്രനും ചെയ്തത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഒരു കാരണവശാലും മറ്റൊരാൾ വോട്ട് ചെയ്യുമ്പോൾ വോട്ടിംഗ് യന്ത്രത്തിനരികിൽ ചെന്ന് ഒളിഞ്ഞു നോക്കാൻ പാടില്ല എന്നാ പ്രാഥമിക ചട്ടങ്ങളും വ്യവസ്ഥകളുമാണ് ഇവിടെ ലംഘിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ അവർക്കെതിരെ നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്‌; ഉത്തരവാദിത്വവുമുണ്ട് .

നാല് : അതിനെക്കാളൊക്കെ പ്രധാനം, ഞാൻ നേരത്തെ ആദ്യ ഖണ്ഡികയിൽ സൂചിപ്പിച്ചതാണ്. സ്വന്തം നിലക്ക് വോട്ടിംഗ് യന്ത്രത്തിനരികിൽ ചെന്ന് അതിലെ ചിഹ്നം തിരിച്ചറിഞ്ഞ് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കഴിയാത്ത ഒരാൾക്ക് എങ്ങിനെ ഒരു നല്ല മുഖ്യമന്ത്രിയാവാൻ കഴിയും? എങ്ങിനെ ഒരു നല്ല ഭരണാധികരിയാവാൻ സാധിക്കും. ഒരു കാര്യം തീർച്ചയാണ്‌ , ഈ ചിന്തയെക്കുറിച്ച് കുറെയേറെ വിരുദ്ധ അഭിപ്രായങ്ങൾ ഉയര്ന്നുവന്നെക്കാം, പ്രത്യേകിച്ച് ഇടതുമുന്നണി അധികാരത്തിലേറും എന്നചില സൂചനകൾ വന്ന സ്ഥിതിക്ക്. ഇതിൽ തനിക്കെന്താടോ കാര്യം എന്നുമൊക്കെ ചോദിക്കാൻ മടിക്കാത്തവരുണ്ടാവാം എന്നതും മനസിലാക്കുന്നു. എന്നാലും മനസിലുള്ളത് കുറിച്ചുവെന്നുമാത്രം.

ഇവിടെ നാം ഓർക്കേണ്ട മറ്റൊരു ചിത്രമുണ്ട്. ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വോട്ടു ചെയ്യാൻ പോയ ചിത്രം. അവരെത്തുന്നതും പ്രതീക്ഷിച്ചു പതിവുപോലെ എത്രയോ ഡസൻ ചാനലുകളും മാധ്യമ പ്രവർത്തകരും കാത്തുനിന്നിരുന്നു. പോളിംഗ് ബൂത്തിന്റെ അടുത്തുവരെ വാഹനത്തിലെത്തിയ അവർ പിടിച്ചുപിടിച്ചാണ് അകത്തേക്ക് പോയതും പുറത്തേക്ക് വന്നതും. പത്രലേഖകരെ കാണാൻ ശ്രമിച്ചില്ല; നേരെ കാറിലേക്ക്. അസുഖബധിതയായ ജയലളിത ഇത്തവണ പ്രചാരണ രംഗത്ത് കാര്യമായി വന്നതേയില്ല എന്നതോർക്കുക. ജനങ്ങൾക്ക്‌ മുന്നിൽ വരാത്ത മുഖ്യമന്ത്രി എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണവും. തമിഴ്‌നാട്ടിൽ ജനവിധി ജയലളിതക്ക് എതിരാണ് എന്നതാണ്സൂചനകൾ. അതിനു ഒരു പ്രധാന കാരണം അവരുടെ ആരോഗ്യ പ്രശ്നം തന്നെയാവാം. മറ്റൊന്ന് എന്റെ ഒരു വിലയിരുത്തൽ, ഇന്നലെ ജയലളിത തീരെ വയ്യാത്ത, അവശയായ സ്ഥിതിയിൽ ഉച്ചക്കുമുന്പ് വോട്ട് ചെയ്യാൻ എത്തിയതും അവർക്കെതിരായി തിരിഞ്ഞിട്ടുണ്ടാവണം. അവർ വൈകീട്ടാണ് പോളിംഗ് ബൂത്തിലെത്തിയത് എങ്കിൽ ഒരു പക്ഷെ അത് ജനങ്ങളെ ഇത്രത്തോളം ബാധിക്കുമായിരുന്നില്ല, വോട്ടിങ്ങിൽ ജയയുടെ പാർട്ടിയെ ഇത്രമാത്രം അലട്ടുമായിരുന്നില്ല. അത് ഒരു സൂചനയാണ്; വിഎസിനും സിപിഎമ്മിനും അത് ബാധകവുമാണ്. എം കരുണാനിധി അങ്ങിനെയല്ലേ എന്ന് തിരിച്ചു ചോദിക്കാം. വിഎസിനേക്കാൾ വിഷമത്തിലാണ് അദ്ദേഹം. പക്ഷെ അവിടെ ഒരു കാര്യമുണ്ട്; ആരായാലും അവിടെ ഡിഎംകെയിൽ ഭരണകർത്താവ് കരുണാനിധിയുടെ മകൻ സ്റ്റാലിൻ ആണ് എന്നത് പച്ചയായ പരമാര്ഥമാണല്ലോ.

ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയെ തങ്ങൾ മിനിറ്റുകൊണ്ട് തീരുമാനിക്കുമെന്ന് സിപിഎം, സിപിഐ നേതാക്കൾ ആവർത്തിച്ചാവർത്തിച്ചു പറയുന്നുണ്ടായിരുന്നു. നമ്മളെല്ലാം ആഗ്രഹിക്കുന്നത് അതുതന്നെയാണ്. എന്നാലതൊന്നും ഉണ്ടാവില്ല എന്നത് എല്ലാവർക്കുമറിയാം. കേരളത്തിലെ സിപിഎമ്മിൽ ഒരു ഭിന്നതയും കാര്യമായി ഉണ്ടാവാനിടയില്ല എന്നാണ്‌ സാമാന്യബോധമുള്ളവർക്ക് അറിയായ്കയല്ല . അവിടെയുണ്ടാവുന്ന തീരുമാനം പ്രതീക്ഷിക്കാവുന്നതാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് , സംസ്ഥാന കമ്മിറ്റി, പാർലമെന്ററി പാർട്ടി എന്നിവയിലൊക്കെ വിഎസിനുവേണ്ടി സംസാരിക്കാൻ ആരെങ്കിലുമുണ്ടായാൽ തന്നെ വിരലിൽ എണ്ണാൻ പൊലുമാകാത്തവർ ആവുമെന്നതും വസ്തുതയാണ്. അതുമാത്രമല്ല, അവരുടെയെല്ലാം മുന്നിലുള്ള മുഖ്യമന്ത്രി സ്ഥാനാർഥി നിസാരക്കാരനുമല്ല. പിബി അംഗം, പാർട്ടിയിൽ നല്ല സ്വാധീനമുള്ള നേതാവ്, കർക്കശക്കാരൻ അതിലെല്ലാമുപരി നല്ല ഭരണകർത്താവ് എന്ന് കേരളത്തെ ബോധ്യപ്പെടുത്തിയയാൾ എന്ന് സിപിഎം കരുതുന്ന വ്യക്തിത്വം, സർവ്വോപരി ആരോഗ്യ ദൃഡഗാത്രനും. എന്നാലും വിഎസ് രംഗത്തുവരുമെന്ന് പറയാൻ അധികം ജ്യോതിഷ പാണ്ഡ്യത്വമൊന്നും വേണ്ട. അവിടെയാണ്, എന്റെ മനസിലെ സംശയം ശക്തമാവുന്നത്. തനിച്ചുചെന്ന് പോളിംഗ് ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിൽ പാർട്ടി ചിഹ്നം നോക്കി വോട്ടു ചെയ്യാൻ കഴിയാത്ത ഒരാളെ എങ്ങിനെ മുഖ്യമന്ത്രിയാക്കും……….?. വിഎസ് അച്യുതാനന്ദന്റെ ആരാധകർക്കും വിമർശകർക്കും ഇതൊക്കേയറിയാം……സാക്ഷാൽ സീതാറാം യെച്ചൂരി സഖാവിനുപോലും. പക്ഷെ …… ആ പക്ഷെ തന്നെയാണ് പ്രശ്നം. ഇന്നത്തെ കാലത്ത്, അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ, വിഎസ് ആവില്ല കേരള മുഖ്യമന്ത്രിസ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ എന്ന് കരുതാനുള്ള മിനിമം അവകാശമെന്കിലും സുഹൃത്തുക്കൾ അംഗീകരിക്കും എന്ന് കരുതട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button