KeralaNews

ജിഷയുടെ കൊലപാതകം: അന്വേഷണം വഴിമുട്ടുന്നു : പുതിയ സര്‍ക്കാരിന് കനത്തവെല്ലുവിളി

 

തിരുവനന്തപുരം : കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിയ ജിഷ കൊലപാതകം പുതിയ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടന്നിട്ടും കേസിന്റെ കാര്യത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഇനിയെന്ത് ചെയ്യുമെന്ന് കാത്തിരിക്കുകയാണ് പെരുമ്പാവൂരിലെ ജനത. വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം പുനഃസംഘടിപ്പിക്കുക, തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക എന്നിങ്ങനെ രണ്ട് പോംവഴികളാണ് സര്‍ക്കാരിന് മുന്നില്‍ ആദ്യമുള്ളത്.

പക്ഷേ, ഇത് രണ്ടും നടപ്പാക്കിയാലും ജിഷയുടെ ഘാതകന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടിവരും. അന്വേഷണത്തെ സഹായിക്കുന്ന തെളിവുകള്‍ ഒന്നും അവശേഷിച്ചിട്ടില്ലെന്നിരിക്കെ ഘാതകരെ പിടികൂടുമെന്ന് ഉറപ്പിച്ചുപറയാന്‍ പോലീസ് അധികാരികള്‍ക്കും കഴിയാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പിന്റെ നാളുകളില്‍ സംഭവിച്ച ഈ ദാരുണ കൊലപാതകം തെളിയിക്കണമെന്ന നിര്‍ബന്ധത്താല്‍ പോലീസ് കടുത്തസമര്‍ദ്ദങ്ങളാണ് അനുഭവിച്ചത്. സേനയിലെ മികച്ച ഉദ്യോഗസ്ഥരുടെ എല്ലാം സേവനം ആഭ്യന്തര വകുപ്പ് വിനിയോഗിച്ചു. ഉറക്കമില്ലാത്ത അന്വേഷണനാളുകളായിരുന്നു തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് വരെ. ഒടുവില്‍ പ്രതീക്ഷകള്‍ നശിച്ചപ്പോള്‍, താത്കാലികമായി അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ് പോലീസ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, തുടര്‍നടപടികള്‍ക്ക് കാത്തിരിക്കുകയാണ് പോലീസ്. സംഭവത്തിന്റെ ഗൗരവം ജനശ്രദ്ധയില്‍ വന്ന് എങ്ങും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതിനു ശേഷമാണ് സമഗ്രമായ അന്വേഷണം തുടങ്ങിയത്. അപ്പോഴേയ്ക്കും ജിഷയുടെ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിരുന്നു. തെളിവുകളെല്ലാം നഷ്ടപ്പെടാന്‍ ഇത് കാരണമായി. മൃതശരീരം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള അവസരവും ജഡം ദഹിപ്പിച്ചതോടെ ഇല്ലാതായി. വിരലടയാളവും മറ്റും ശേഖരിച്ചതും ചടങ്ങുപോലെ മാത്രമായി. ജിഷയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണം യുഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നടത്തിയതുമൂലം തെളിവുകള്‍ നഷ്ടപ്പെട്ടുവെന്നും ഇനി പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നാല്‍ത്തന്നെ അതിന് മുന്‍ സര്‍ക്കാരാണ് ഉത്തരവാദികളെന്നും ആരോപിച്ച്, തടിതപ്പി ഉത്തരവാദിത്വത്തില്‍ നിന്നൊഴിയല്‍ പുതിയ സര്‍ക്കാരിന് എളുപ്പമാവില്ല. പട്ടാപ്പകല്‍ ജനവാസമേറിയ പ്രദേശത്ത് എല്ലാവര്‍ക്കും ഒറ്റനോട്ടത്തില്‍ കാണാനും കേള്‍ക്കാനും കഴിയുന്ന അകലത്തില്‍ ഒരു പെണ്‍കുട്ടി പിടഞ്ഞു മരിച്ചസംഭവം എങ്ങനെയുണ്ടായി? നിലവിളിയോ മറ്റെന്തെങ്കിലും ശബ്ദമോ ആരും കേട്ടില്ലേ…? കൊലചെയ്ത ആയുധങ്ങളും മറ്റു തെളിവുകളും നശിപ്പിച്ച് രക്ഷപ്പെടാന്‍ ശേഷിയുള്ള കൊലപാതകി ആര്? ബലാത്സംഗമായിരുന്നു ഘാതകന്റെ ലക്ഷ്യമെങ്കില്‍ അതിനുശേഷം മൃതദേഹം വികൃതമാക്കാനുള്ള ചേതോവികാരം എന്താണ്? ജിഷയുടെ പുറത്ത് കടിച്ചപാടുകള്‍ എങ്ങനെയുണ്ടായി?…. തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതെ കേരളത്തിന്റെ മനഃസാക്ഷിയുടെ വേദന കുറയില്ല. ഏപ്രില്‍ 28ന് വൈകീട്ടാണ് ജിഷ കൊല്ലപ്പെടുന്നത്. അമ്മ രാജേശ്വരി സന്ധ്യയോടെ വീട്ടിലെത്തിയപ്പോഴാണ് മകള്‍ കൊല്ലപ്പെട്ട വിവരം മനസ്സിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button