Food & Cookery

മലബാര്‍ സ്പെഷ്യല്‍ മീന്‍കറി

ശ്രീവിദ്യ വരദ

മീന്‍കറി പലതരത്തിലും ഉണ്ടാക്കാം. തേങ്ങയരച്ചും തേങ്ങ അരയ്ക്കാതെയും കുടംപുളി ചേര്‍ത്തും എല്ലാം. എന്നാല്‍ ഓരോ ജില്ലക്കാര്‍ക്കും പാചകത്തില്‍ പ്രത്യേകം പ്രത്യേകം സ്വാദാവും ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ ഓരോ ജില്ലയിലും മീന്‍കറിയുടെ സ്വാദും വ്യത്യസ്തമായിരിക്കും. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന മീന്‍കറിയാണ് ഇന്ന്. മലബാര്‍ മേഖലയിലാണ് ഇത്തരം മീന്‍കറിയുടെ ഉറവിടം എന്നതും ശ്രദ്ധേയമാണ്. ഈ മലബാര്‍ സ്‌പെഷ്യല്‍ മീന്‍കറി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

നല്ല ദശയുള്ള മീന്‍- അരക്കിലോ

സവാള നീളത്തിലരിഞ്ഞത്- വലുത് ഒരെണ്ണം

വെളുത്തുള്ളി-ആറ് അല്ലി

പച്ചമുളക്- അഞ്ചെണ്ണം

ഇഞ്ചി- വലിയ കഷ്ണം

തക്കാളി- ഒന്ന്

മുളക് പൊടി- രണ്ട്‌സ്പൂണ്‍

മല്ലിപ്പൊടി- മൂന്ന് സ്പൂണ്‍

മഞ്ഞള്‍പ്പൊടി- ഒരു ചെറിയ സ്പൂണ്‍

പുളി- ആവശ്യത്തിന്

തേങ്ങാപ്പാല്‍- ഒരു കപ്പ്

കറിവേപ്പില- കുറച്ച്

വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള ഇട്ട് വഴറ്റിയെടുക്കുക. ഇതിനു ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് ഇതിന്റെ കൂടെ വഴറ്റുക. അതിനു ശേഷം തക്കാളി ചേര്‍ത്ത് എല്ലാം കൂടെ ഒന്നു കൂടി വഴറ്റുക. മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയും മിക്‌സ് ചെയ്ത് പുളി പിഴിഞ്ഞതും ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇത് തിളച്ചു കഴിഞ്ഞാല്‍ മീന്‍കഷ്ണങ്ങള്‍ ചേര്‍ത്ത് തീ കുറച്ച് വേവിക്കണം. കറി കുറുകിയതിനു ശേഷം തേങ്ങാപ്പാല്‍, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് ചൂടോടെ തന്നെ വിളമ്പാം.

shortlink

Post Your Comments


Back to top button