News Story

പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകരുന്ന ഇഫ്താര്‍ സംഗമങ്ങളുടെ കാലം, റംസാൻ കാലം

വിശുദ്ധി പെയ്തിറങ്ങുന്ന റംസാന്‍ വ്രതാരംഭത്തിന് തുടക്കമായി.ഇനി വ്രതവിശുദ്ധിയുടെയും പ്രാര്‍ത്ഥനകളുടെയും,സമര്‍പ്പണത്തിന്റെയും 30 ദിനരാത്രങ്ങള്‍.ലോക മുസ്ലിം സമൂഹം പുണ്യ മാസമായ റംസാന്‍ മാസത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. റംസാന്‍ മാസത്തിലെ നിര്‍ബന്ധ വ്രതം മതത്തിന്റ പഞ്ചസ്തം’ങ്ങളില്‍പ്പെട്ട ഒരു ആരാധന ക്രമമാണ്. സുബ്‌ഹി ബാങ്ക് (പ്രഭാതം) മുതൽ മുതൽ വൈകീട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്തമയം) വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ് സ്വൌം അഥവാ സ്വിയാം.ഇത് പ്രധാനമായും ആചരിക്കുന്നത് റമദാൻ മാസത്തിലാണ്.

വർഷത്തിൽ ഒരു മാസം – ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിലാണ് – വിശ്വാസികൾ വ്രതമെടുക്കേണ്ടതുണ്ട്. റമദാൻ മാസത്തിലെ വ്രതം വിശ്വാസികൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. രോഗി, പ്രായ പൂർത്തിയാകാത്ത കുട്ടികൾ, ബുദ്ധി ഭ്രമം സംഭവിച്ചവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അവശരായ വൃദ്ധർ, യാത്രക്കാർ എന്നിവർ ഒഴികെ എല്ലാവർക്കുമത് നിർബന്ധമാണ്.വ്രതാനുഷ്ഠാന കാലത്ത് ഭക്ഷണം ഉപേക്ഷിക്കുക എന്നത് മാത്രമല്ല ചെയ്യേണ്ടത്.എല്ലാവിധ ദുശ്ശീലങ്ങളില്‍ നിന്നും മുക്തനായി ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കുന്ന മനുഷ്യനായി മാറാന്‍ കഴിയണം. ഇതേ നന്മകള്‍ വൃതത്തിന് ശേഷമുള്ള ജീവിതത്തിലേയ്ക്കും പകര്‍ത്താനും കഴിയുമ്പോഴാണ് റംസാന്‍ വ്രതാനുഷ്ഠാനം സമ്പൂര്‍ണമാവുന്നത്.

സര്‍വ്വേശ്വരനായ അള്ളാഹുവില്‍ അര്‍പ്പിതനായി സഹജീവികളോടു സ്നേഹവും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നവനായി മാറുവാന്‍ റംസാന്‍ വ്രതാനുഷ്ഠാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. അതുക്കൊണ്ടു തന്നെയാണ് ഇസ്ലാമില്‍ വിശ്വസിക്കുന്ന എല്ലവരും നിര്‍ബന്ധമായും വ്രതം അനുഷ്ഠിക്കേണ്ടതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉപദേശിക്കുന്നതും.മറ്റുള്ള ആരാധനകള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുമ്പോള്‍ നോമ്പ് വിശ്വാസിയും ദൈവവും തമ്മിലുള്ള നേരിട്ടുള്ള ഇടപാടാണ്. ‘ഭക്ഷണം ഉണ്ടായിട്ടും അത് ഉപേക്ഷിക്കുന്ന മനുഷ്യന്‍ വിശപ്പിന്റെ ഉള്‍വിളി ദൈവത്തിനായി സമര്‍പ്പിക്കുന്നു.റംസാന്‍ മാസത്തില്‍ വിശപ്പിന്റെ രുചി അറിയുന്ന വിശ്വാസി സമൂഹത്തില്‍ ദാരിദ്ര്യം കൊണ്ട് പട്ടിണി കിടക്കുന്നവരെയും അല്‍പ ഭക്ഷണം കഴിക്കുന്നവരെയും ഓര്‍ക്കണം എന്ന സന്ദേശം കൂടിയുണ്ട്.

ദൈവചിന്ത മനസ്സില്‍ സൂക്ഷിച്ച് കൊണ്ട് സാമൂഹിക രംഗത്ത് ശരിയായ ഇടപെടലുകള്‍ നടത്തിയത് കൊണ്ടുള്ള മഹത്തായ വിജയമാണ് മുഹമ്മദ് നബിയുടെ ഭരണ കാലത്ത് ലോകം ദര്‍ശിച്ചത്.അള്ളാഹുവിന്‍റെ സൃഷ്ടികളെ ബഹുമാനിക്കുന്നവനും പാപങ്ങള്‍ ചെയ്യാതെ എന്നും ദരിദ്രരോടും ദുര്‍ബലരോടും ദയയോടെ പെരുമാറുന്നവന്‍റെ നമസ്ക്കാരം മാത്രമെ അള്ളാഹു സ്വീകരിക്കു എന്ന സത്യം നബി വിശ്വാസികൾക്ക് വെളിപ്പെടുത്തുന്നു.

പുണ്യമാസമായ റംസാനിലെ വ്രതാനുഷ്ഠാനങ്ങളിലൂടെ മനുഷ്യന്‍ നേടിയെടുക്കേണ്ടതും ഇതു തന്നെയാണ്.ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട്‌ നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌.

പകല്‍ ഉപവാസവും രാത്രി ഉപാസനയുമായി ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ പൂക്കാലം.പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകരുന്ന ഇഫ്താര്‍ സംഗമങ്ങളുടെ കാലം…എല്ലാ ഈസ്റ്റ് കോസ്റ്റ് വായനക്കാർക്കും റമദാൻ ആശംസകൾ…

shortlink

Related Articles

Post Your Comments

Related Articles


Back to top button