Women

ഒരമ്മയുടെ ആശങ്കകള്‍

ജ്യോതിര്‍മയി ശങ്കരന്‍

പ്രിയപ്പെട്ട മകളേ,

നീയെന്റെ മാനസ പുത്രി മാത്രമാണെങ്കിലും നിന്നെ എനിയ്ക്കു നേരിൽക്കാണാനാവുന്നു. ചുറ്റിലും കാണുന്ന മുഖങ്ങളിൽ നീയുണ്ടോയെന്ന ആശങ്ക എന്നെ വിടാതെ പിന്തുടരുന്നു. എന്തു കൊണ്ടാണെന്നു ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ? ദിനങ്ങൾ കൂടുതൽ ഭീതിപൂർവകങ്ങളായി മാറുന്നുവോ? ലോകം മുന്നോട്ടു കുതിയ്ക്കുമ്പോൾ മനുഷ്യത്വമെന്തേ പിറകോട്ടു സഞ്ചരിയ്ക്കുവാൻ തത്രപ്പെടുന്നത്? എല്ലാം കീഴടക്കി വിരൽത്തുമ്പിലാക്കിയിട്ടും എന്തേ മനുഷ്യനു ശാന്തി കിട്ടാത്തത്? താളങ്ങളുടെ പിഴയ്ക്കൽ എവിടെത്തുടങ്ങി? സ്ത്രീ ഇന്നു കൂടുതൽ അതൃപ്തയും അധൈര്യയുമായി മാറിയതെന്തേ?

കഴിഞ്ഞദിവസങ്ങളിലായി പത്രത്താളുകളിൽക്കണ്ട ചില വാർത്തകൾ വിശ്വസിയ്ക്കാനേ പ്രയാസം തോന്നി. ആദ്യരാത്രിയിൽ നവവധു കന്യാചർമ്മം പൊട്ടി രക്തമൊഴുക്കാത്തതിനാൽ അവൾ കന്യകയല്ലെന്നു തെളിയിയ്ക്കപ്പെട്ടെന്നും വിവാഹബന്ധം വേർപെടുത്തിയെന്നുമൊക്കെ വായിച്ചപ്പോൾ ചിരിയ്ക്കണമോ അതോ കരയണമോ എന്നെനിയ്ക്കു സംശയമായി. നമ്മുടെ രാജ്യം ഇത്രയേറെ പുരോഗമനത്തിന്റെ വഴിയിലൂടെ മുന്നേറിയിട്ടും, സാക്ഷരതയുടെ ശതമാനം ഇത്രയേറെ ഉയർന്നിട്ടും, ഇന്നും ആദ്യരാത്രിയിൽ കന്യകാത്വപരീക്ഷയുടെ വെള്ളത്തുണികളുമായി കാത്തിരിയ്ക്കുന്നവരാണു നമുക്കു ചുറ്റുമെന്ന തിരിച്ചറിവ് ഏതു സ്ത്രീയേയും ചകിതയാക്കുമെന്നതിൽ സംശയമില്ല. ഇവിടെ സ്ത്രീ ഇന്നും അപമാനിയ്ക്കപ്പെടുന്ന കാഴ്ച്ച അലപനീയം തന്നെ. അവളുടെ അഭിമാനത്തിന് ആരുമെന്തേ വിലകൊടുക്കാത്തത് ? തന്റെ കുടുംബത്തിന്റെ മാനം കാക്കാനായി അപമാനിതയായിട്ടും വീണ്ടും ഭർത്താവിനൊത്തു കഴിയാൻ നിർബന്ധിതയായിരിയ്ക്കുന്ന അവളുടെ പെണ്മനസ്സിന്റെ വിതുമ്പൽ കേട്ടില്ലെന്നു നടിയ്ക്കാൻ എത്രയെളുപ്പം! സ്വന്തം സഹോദരീ സഹോദരന്മാരുടെ വിവാഹത്തിനു പ്രശ്നമുണ്ടാകാതിരിയ്ക്കാൻ സ്വയം ബലി കൊടുക്കുന്ന ഈ അവസ്ഥ നൂറ്റാണ്ടുകളുടെ ചുവ പേരുന്നതു തന്നെയല്ലേ? അവൾ സ്വയം തീരുമാനിച്ചതാണെന്നു പറയുമ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ, സത്യമെന്താണെന്ന്.ത്യാഗം നല്ലതു തന്നെ, വേണ്ടിടത്ത്മാത്രം. അതിരുകൾക്കപ്പുറത്തേയ്ക്കതിനായുള്ള സമ്മർദ്ദമണയുമ്പോൾ അതനുവദനീയമല്ല. എതിർക്കേണ്ടതിനെ എതിർക്കാനുള്ള ചങ്കൂ‍റ്റം, അതെന്തേ നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നത്?

ഇതാണിന്നിന്റെ മുഖം.മകളേ… ഞാൻ നിന്നോടെന്തുപറയാൻ? അവ പറയേണ്ടതിലപ്പുറം കൊത്തിവച്ചപ്പെട്ടവയാണെന്ന തിരിച്ചറിവ് സ്ത്രീയെന്ന നിലയിൽ എന്നെയും നിന്നെയും ഒരേപോലെ അസന്തുഷ്ടയാക്കുമെന്നതിനാൽ നീ വരാത്തതിലെ പരിഭവം കുറയുകയാണല്ലോ?

സ്നേഹപൂർവ്വം

അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button