KeralaNews

ഇന്ന്‍, അധസ്ഥിതരുടെ വിമോചന നായകന്‍ അയ്യങ്കാളിയുടെ സ്മൃതിദിനം

ദളിതര്‍ക്കും, അധസ്ഥിതര്‍ക്കും, സമൂഹത്തിലെ മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും വേണ്ടി തീപാറുന്ന അവകാശ സമരങ്ങള്‍ നയിച്ച് കേരള നവോത്ഥാന ചരിത്രത്തിന്‍റെ മുന്നണിപ്പോരാളിയായി മാറിയ “പുലയ രാജാവ്” അയ്യങ്കാളിയുടെ സ്മൃതിദിനമാണ് ഇന്ന്‍.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ 1863 ഓഗസ്റ്റ് 28-നാണ് പെരുങ്കാട്ടുവിള അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചത്. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യങ്കാളിയായി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട് ജന്മിമാരുടെ കൃഷി സ്ഥലങ്ങളില്‍ അടിമകളെപ്പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യങ്കാളി ജനിച്ചുവീണത്.

കേരളത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പടപൊരുതിയ അയ്യങ്കാളി താന്‍ നയിച്ച സമരപരമ്പരകളിലൂടെ കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവാകുകയായിരുന്നു. അധസ്ഥിത വിഭാഗങ്ങളെന്ന് മുദ്രകുത്തി ഒരു സമൂഹത്തെ വഴി നടക്കാനും സംസാരിക്കാനും വസ്ത്രം ധരിക്കാനും അനുവദിക്കാതെ പൊതു ഇടങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കുകയും ജന്മിയുടെ അഭിവൃദ്ധിക്കുവേണ്ടി പകലന്തിയോളം പാടത്ത് അടിമപ്പണി ചെയ്യിക്കുകയും ചെയ്ത ഒരു ചരിത്രം കേരളത്തിനുണ്ടായിരുന്നു.

ജന്മിത്വത്തിനെതിരെ കീഴാളരെ സംഘടിപ്പിക്കുകയും അവകാശങ്ങള്‍ക്കായി വിപ്ലവാത്മകമായ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്ത നേതാവാണ് അയ്യങ്കാളി. 1926 ഫെബ്രുവരി 27-ലെ പ്രജാസഭാപ്രസംഗം സുപ്രധാനമാണ്. അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. പുലയരാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1941 ജൂണ്‍ 18-ന് സാമൂഹ്യനവോത്ഥാനത്തിന് ഊര്‍ജം പകര്‍ന്ന ആ കര്‍മ്മയോഗി അന്തരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button