KeralaNews

വീരമൃത്യു വരിച്ച മലയാളി ജവാന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

തിരുവനന്തപുരം ● ദക്ഷിണ കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സി.ആര്‍.പി.എഫ് ജവാന്‍ പാലോട് നന്ദിയോട് ചടച്ചിക്കരിക്കകം സ്നേഹശ്രീയിൽ ജി. ജയചന്ദ്രൻ നായർക്ക് ജന്മനാട് കണ്ണീരോടെ വിടചൊല്ലി.

ജയചന്ദ്രൻ നായരുടെ മൃതദേഹം പൂര്‍ണഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം പാലോട്ടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ജയചന്ദ്രന്‍ നായരുടെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാരചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനും ധീരജവാന് അന്തിമോപചാരമര്‍പ്പിക്കാനും നൂറു കണക്കിന് പേരാണ് എത്തിയത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ.രാജു ചടങ്ങില്‍ പങ്കെടുത്ത് പുഷ്പചക്രം അര്‍പ്പിച്ചു. സുരേഷ് ഗോപി എം.പി, ഐ.ജി മനോജ്‌ എബ്രഹാം. സി.ആര്‍.പി.എഫിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഇന്നലെ രാത്രിതിരുവനന്തപുരം വിമാനത്താളത്തില്‍ എത്തിച്ച ജി. ജയചന്ദ്രൻ നായരുടെ ഭൗതികശരീരം സര്‍ക്കാര്‍ പ്രതിനിധികളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. നെടുമങ്ങാടിനടുത്തുള്ള നന്ദിയോട്ടെ കള്ളിപ്പാറ ചടച്ചിക്കരിക്കകം ‘സ്നേഹശ്രീ’യിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്.

പുൽവാമയിലെ പാംപോറിൽ വെച്ചാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ജയചന്ദ്രൻ നായരും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്കു നേരേ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ജയചന്ദ്രൻ നായര്‍ ഉള്‍പ്പടെ എട്ടു ജവന്മാരാണ് മരിച്ചത്. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം പിന്നീട് വകവരുത്തി.

18-ാം വയസ്സിൽ സി.ആർ.പി.എഫിൽ ചേർന്ന ജയചന്ദ്രൻ നായർ 33 വർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങാനിരിക്കേയാണ് ദുരന്തം തേടിയെത്തിയത്. രണ്ട് മാസത്തെ അവധിയ്ക്ക് ശേഷം കഴിഞ്ഞ 31ന് ആണ് ജയചന്ദ്രൻ കാശ്മീരിലേക്ക് മടങ്ങിയത്.

വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവിനു സമീപം മുടിയക്കോട് കളിയക്കവിള വീട്ടിൽ പരേതരായ ഗോപിനാഥൻ നായരുടെയും രാജമ്മയുടെയും മകനാണ്. വിവാഹശേഷം ഭാര്യയുടെ സ്ഥലമായ പാലോട് കള്ളിപ്പാറയിൽ വീടുവെച്ച് താമസമാക്കുകയായിരുന്നു. ഭാര്യ: എസ്.ആർ.സിന്ധുകുമാരി. മക്കൾ: സ്നേഹ, ശ്രുതി. സഹോദരങ്ങൾ: രാജീവ്, ശാന്തകുമാരി, മിനി, മായ, ദിലീപ്, പ്രദീപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button