Parayathe Vayya

ഐസ്ക്രീം മധുരത്തിന് പിന്നിലെ പിന്നാമ്പുറക്കഥകള്‍

അഞ്ജു പ്രഭീഷ്

വീണ്ടും “ഐസ്ക്രീം ” വിവാദം വാര്‍ത്തകളിലും ചാനലുകളിലും ഇടംപിടിക്കുമ്പോള്‍ സാധാരണക്കാരുടെ മനസ്സില്‍ മിന്നിത്തെളിയുന്നത്‌ മാധുര്യമുള്ള, കുളിരുള്ള അവിശുദ്ധബന്ധങ്ങളുടെയും മാംസക്കച്ചവടത്തിന്റെയും വിലപേശലുകളുടെയും ഇക്കിളിപ്പെടുത്തുന്ന കുറെയേറെ ചിത്രങ്ങളാണ്..എന്നാല്‍ ഇന്ന് നമ്മള്‍ വാര്‍ത്തകളിലൂടെ നുണഞ്ഞിറക്കുന്ന ഈ ഐസ്ക്രീമിന് പറയാന്‍ കുറെ കണ്ണുനീര്‍ക്കഥകളുണ്ട്..അകാലത്തില്‍ പൊലിഞ്ഞ രണ്ടു പെണ്‍കുട്ടികളുടെ ആത്മാവിന്റെ രോദനവും രണ്ടു സാക്ഷികളുടെ ദുരൂഹമരണത്തിന്റെ കറുത്ത മണവും കൂടിയുണ്ട് ഈ ഐസ്ക്രീം ലഹരിക്കെന്നു ഓര്‍ത്തിരിക്കുന്നവര്‍ എത്രപേരുണ്ട്?? നമ്മുടെ മനസ്സുകളില്‍ ഉള്ളത് റജീനയെന്ന കള്ളസാക്ഷിയുടെ മൊഴിമാറ്റക്കഥകളും അതില്‍ അവര്‍ നേടിയ ലാഭക്കൊയ്ത്തും ഒപ്പം രതിവൈകൃതത്തിന്റെ കുറെ കഥകളും മാത്രം.എന്നാല്‍ ഏകദേശം ഇരുപതു കൊല്ലങ്ങള്‍ക്ക് മുമ്പ്,സോഷ്യല്‍മീഡിയയിലെ സജീവ ചര്‍ച്ചകളും പോസ്റ്റുകളും ഇല്ലാതിരുന്ന ഒരു സമയത്ത്,ചാനലുകളില്‍ ഇക്കിളിപ്പെടുത്തുന്ന മസാലക്കഥകളുടെയും അന്തിചര്‍ച്ചകളുടെയും മത്സരയോട്ടം ഇല്ലാതിരുന്ന ഒരു സമയത്ത്,ഐസ്ക്രീമിന്റെ മധുരത്തില്‍ ഒളിപ്പിച്ച ചിലന്തിവലയ്ക്കുള്ളില്‍ കുരുങ്ങിപോയ രണ്ടു പെണ്‍കുട്ടികളുടെ ആത്മാക്കളുടെ ദീനവിലാപത്തിന്റെ പിന്നാമ്പുറക്കഥകള്‍ നമ്മളില്‍ എത്ര പേര്‍ ഓര്‍ക്കുന്നുണ്ട്..

കോഴിക്കോട് ഇ എം എസ് കോളേജ് വിദ്യാര്‍ഥിനികളായിരുന്ന സുനൈന നജ്ബല്‍ ബാബുവും സിബാന സണ്ണിയും 1996 ഒക്ടോബര്‍ 23നാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നത്..അതോടെയാണ് സാമുദായികനേതാവ് മുഖ്യപ്രതിയായ ഐസ്ക്രീം കേസിന് പുതിയ മാനം കൈവരുന്നത്.ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളും ശ്രീദേവിയെന്ന മൂന്നാംകിട കൂട്ടിക്കൊടുപ്പുകാരി നടത്തിവന്നിരുന്ന ഐസ്ക്രീം പാര്‍ലറിലെ നിത്യസന്ദര്‍ശകര്‍ ആയിരുന്നു.. ഐസ്ക്രീമില്‍ മയക്കുമരുന്ന് നല്‍കി മയക്കിയശേഷം അവരുടെ നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തിയ ശ്രീദേവി പിന്നീടു ഇവ കാണിച്ചു ബ്ലാക്ക്മെയില്‍ ചെയ്തു അവരെ പലര്‍ക്കും കാഴ്ചവച്ചിരുന്നുവെന്നതായിരുന്നു വാര്‍ത്തകള്‍.. അവ സത്യമോ മിഥ്യയോ എന്നുള്ളത് ഇന്നും തെളിയിക്കപ്പെടാത്ത സത്യങ്ങള്‍..പെണ്‍കുട്ടികള്‍ ഐസ്ക്രീം പാര്‍ലറിലെ സന്ദര്‍ശകര്‍ ആയിരുന്നുവെന്നത്‌ തെളിയിക്കപ്പെട്ട സത്യം..ഒപ്പം മറ്റൊന്ന് കൂടിയുണ്ട്.അത് അന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്യുന്നതിന് തൊട്ടുമുമ്പുള്ള സാക്ഷിമൊഴികളാണ്..ഐസ്ക്രീം പാര്‍ലറിന് തൊട്ടടുത്തുള്ള പി.വി.എസ് അപ്പാര്‍ട്ട്മെന്റില്‍ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ള എന്‍ ആര്‍ ഐ വ്യവസായിയുടെ പേരില്‍ ഒരു ഫ്ളാറ്റ് ഉണ്ടായിരുന്നു.ആ ഫ്ലാറ്റില്‍ നിന്നും സംഭവദിവസം ഈ പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട്‌ പുറത്തേയ്ക്ക് വരുന്നത് കണ്ടവരായിരുന്നു ഈ കേസിലെ പ്രധാനസാക്ഷികളായ സെക്യൂരിറ്റി ജീവനക്കാര്‍ രാജനും ബാലകൃഷ്ണനും .. പക്ഷേ പിന്നീട് ഇവര്‍ രണ്ടുപേരും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു..കേസന്വേഷിച്ച പോലീസ് പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് രസകരമായ കാരണവും കണ്ടെത്തി. സ്വവര്‍ഗ്ഗസ്നേഹികളായ പെണ്‍കുട്ടികളില്‍ ഒരുവള്‍ക്ക്‌ വന്ന വിവാഹാലോചനയാണത്രേ പെണ്‍കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ റെയില്‍പ്പാളത്തില്‍ ആത്മഹത്യക്ക് ഒരുങ്ങിയത് മൂന്നുപെണ്‍കുട്ടികള്‍ ആയിരുന്നുവത്രേ.പക്ഷേ ഒരാള്‍ അവസാനനിമിഷം പിന്മാറുകയും മറ്റു രണ്ടുപേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.അങ്ങനെയെങ്കില്‍ ആരാണ് ആ മൂന്നാമത്തെ പെണ്‍കുട്ടി? ഇന്നും ഈ ചോദ്യത്തിനു ഉത്തരമില്ല തന്നെ.

ഇനി സാക്ഷികളുടെ ദുരൂഹമരണത്തിലേക്ക് കടക്കാം.മരിച്ച രണ്ടു സെക്യൂരിറ്റി ജീവനക്കാരും കോഴിക്കോട് പന്തീരാങ്കാവിലാണ് താമസിച്ചിരുന്നത്.ഒരാളെ വീടിനുമുന്നിലെ മാവില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് വീട്ടുകാര്‍ കാണുന്നത്.തലേദിവസം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്ന ഈ മനുഷ്യന്‍ എന്തിനു തൂങ്ങി മരിക്കണം എന്നത് ഇന്നും വീട്ടുകാര്‍ക്ക് ഉത്തരം കിട്ടാത്ത സമസ്യ..വിവാദമായ ഒരു കേസില്‍ സാക്ഷി പറഞ്ഞതാവാം ഈ മനുഷ്യന്റെ പെടുമരണത്തിനു കാരണം..മറ്റൊരു സാക്ഷി ഓട്ടോ ഇടിച്ചു മരിച്ചുവെന്നാണ് വീട്ടുകാര്‍ അറിഞ്ഞ വിവരം.പന്നിയങ്കരയിലെ കെ.ടി.സിയുടെകെട്ടിടത്തില് സെക്യൂരിറ്റിജീവനക്കാരനായിരുന്നു അദ്ദേഹം. ഡ്യൂട്ടിക്കായിവീട്ടില്‍ നിന്ന് ഇറങ്ങിയാല് രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴാണ് വീട്ടില്‍ അദ്ദേഹം വരാറുണ്ടായിരുന്നത്. ഒരു ദിവസം രാത്രി ചായകുടിക്കാനോ മറ്റോ പുറത്ത് പോയ സമയത്ത് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചുവെന്നാണ് വീട്ടുകാര്‍ അറിഞ്ഞ വിവരം.സ്വാഭാവികമായും ഒരാളെ ഓട്ടോറിക്ഷ ഇടിച്ചാല്‍ ആ ഓട്ടോറിക്ഷയും മറിയണം.ഓട്ടോ ഓടിച്ചയാള്‍ക്കോ യാത്രക്കാര്‍ക്കോ പരുക്കേല്‍ക്കണം. അങ്ങനെയൊന്നും സംഭവിച്ചതായി നാട്ടുകാര്‍ക്ക് അറിയില്ല. അപകടം നടന്നുവെന്ന്പറയപ്പെടുന്ന പ്രദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതാണ്. ഇവിടെ നിന്നും അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം മൂന്ന്ദിവസം അജ്ഞാത മൃതദേഹമായി മെഡിക്കല്‍ കോളേജില്‍ കിടന്നുവെന്നത് തന്നെ സംശയാസ്പദമല്ലേ?. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത് ഹൈവേ പോലീസ്ആണെന്നാണ് വിവരം ലഭിച്ചത്.മൂന്ന് ദിവസത്തോളം അദ്ദേഹം വീട്ടില്‍ വരാതെയായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു.അപ്പോഴാണ്‌ മെഡിക്കല്‍കോളേജില്‍ അജ്ഞാതമൃതദേഹമായി അദ്ദേഹം ഉണ്ടെന്നു വീട്ടുകാര്‍ അറിയുന്നത്..

ഐസ്ക്രീം എന്ന മധുരത്തിനു പറയാന്‍ നാല്പേരുടെ മരണത്തിന്റെ കടുത്ത ചവര്‍പ്പ് മാത്രം.ഇവിടെ നഷ്ടപ്പെട്ടത് നാല് കുടുംബങ്ങള്‍ക്ക് മാത്രം.വിടരുംമുമ്പേ കൊഴിഞ്ഞ രണ്ടു പൂമൊട്ടുകളുടെ ഓര്‍മ്മകളില്‍ കരയാന്‍ വിധിക്കപ്പെട്ട രണ്ടച്ഛനമ്മമാരും കുടുംബത്തിനു അത്താണിയായിരുന്ന രണ്ടു കുടുംബനാഥന്മാരുടെ അകാലവിയോഗത്തില്‍ പകച്ചുപോയ,അനാഥമായ രണ്ടു കുടുംബങ്ങളും..എന്നാല്‍ ഈ മാംസക്കച്ചവടത്തില്‍ ഇടനിലക്കാരായി നേട്ടങ്ങള്‍ കൊയ്തവര്‍ സമൂഹത്തില്‍ ഇന്നും മാന്യമായി ജീവിക്കുന്നു.അഴിച്ചെറിഞ്ഞ തുണിയുടെ കണക്കു നോക്കി മൊഴിമാറ്റിപ്പറഞ്ഞു നേട്ടം കൊയ്തവളും മറ്റുപങ്കാളികളും സുഖലോലുപതയില്‍ ജീവിതം തള്ളിനീക്കുന്നു..സമുദായനേതാവിന്റെ രതിവിളയാട്ടം മറന്നുപോയ അനുയായികള്‍ മങ്കടയില്‍ സദാചാരത്തിന്റെ അപ്പോസ്തലന്മാരായി വിലസിയതും മലയാളികള്‍ കണ്ട മറ്റൊരു സത്യം…മങ്കടയിലെ സദാചാരകൊലയ്ക്കു പിന്നില്‍ സാമുദായികനിയമത്തിന്റെയും അച്ചടക്കത്തിന്റെയും നീതിസാരം കണ്ടവര്‍ കാണാതെ പോയത് നാല് ആത്മാക്കളെയാണ്..

അഴിമതിക്കും സ്ത്രീപീഡനത്തിനും പാര്‍ട്ടിഭേദങ്ങളില്ലെന്നും കൊടിയുടെ നിറം നോക്കാതെ ഇത്തരം കേസുകളില്‍ പരസ്പരം സഹായിക്കാന്‍ നേതൃത്വങ്ങള്‍ ഒരുക്കമാണെന്നും ഉള്ളതിന്റെ നേര്‍തെളിവാണ് ഇപ്പോഴത്തെ ഐസ്ക്രീം പെണ്‍വാണിഭ വിവാദം..ഒരു സർക്കാരിനെ രാഷ്ട്രീയാടിസ്ഥാനത്തിൽ മാറ്റി മറ്റൊന്ന് വരുന്നത് മറ്റൊരു രാഷ്ട്രീയം അവർക്കുണ്ടെന്നതിനാലാണ്.ഐസ്ക്രീം കേസില്‍ മുന്‍ സര്‍ക്കാര്‍ എടുത്ത അതേ നിലപാട് തന്നെ ഇപ്പോഴത്തെ സര്‍ക്കാരും എടുക്കുമ്പോള്‍ നീതിയെന്നത് എവിടെ?അപ്പോള്‍ വി എസ് അച്യുതാനന്ദന്‍ എന്ന പടക്കുതിര നയിച്ച സമരങ്ങള്‍ എന്തിനുവേണ്ടി? ആര്‍ക്കു വേണ്ടി?ഇടതുപക്ഷം വലതുപക്ഷത്തില്‍ നിന്നും വ്യത്യസ്തമാണെന്ന് കരുതി വോട്ടു ചെയ്ത കുറെ ജനങ്ങള്‍ മാത്രം പതിവുപോലെ ഇപ്പോഴും കഴുതകളായി. ഭരണം എന്ന് പറയുന്നത് ഒരു രാഷ്ട്രിയ പാർട്ടി യുടെ അഴിമതിയുടെ അവസാനവും അടുത്ത രാഷ്ട്രിയ പാർട്ടി യുടെ അഴിമതിയുടെ ആരംഭവും ആകുന്നതു ഇവിടെയാണ്‌..അധികാരത്തിന്റെ ഗോപുരമേടകളില്‍ നിന്നും നീതിയുടെ വെളിച്ചം തേടിയലയുന്നവര്‍ ഈയാംപാറ്റകളാണ് എന്നും…

shortlink

Related Articles

Post Your Comments

Related Articles


Back to top button