Health & Fitness

നിങ്ങളുടെ ശ്വാസകോശം വിഷമഘട്ടത്തിലാണോ എന്ന്‍ എങ്ങനെയറിയാം

ശ്വാസകോശം ബാഹ്യലോകവുമായി നിരന്തരസമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആന്തരികാവയവമാണ്. അപ്പോള്‍, ശ്വാസകോശത്തെ ബാധിക്കുന്ന നിസ്സാര പ്രശ്‌നങ്ങള്‍ പോലും ഗുരുതരമായ അസുഖങ്ങളായി പരിണമിക്കാനുള്ള സാധ്യത ഏറെയാണ്‌.

മറ്റേതൊരു അവയവത്തെ ബാധിക്കുന്ന രോഗങ്ങള്‍ പോലെയും ശ്വാസകോശ രോഗങ്ങളും തുടക്കത്തിലേ കണ്ടെത്തി ചികില്‍സിച്ചാല്‍ ഭേദമാക്കാനാകും. ശ്വാസതടസം, നിര്‍ത്താതെയുള്ള ചുമ ഇവയൊക്കെ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങളാണ്.

ശ്വാസ തടസം: സാധാരണ ജോലികള്‍ ചെയ്യുമ്പോഴും, പടികള്‍ കയറുമ്പോഴും മറ്റും ശ്വാസം ലഭിക്കാതെ വന്നാല്‍ ശ്രദ്ധിക്കണം. ബ്രോങ്കൈറ്റിസ്, ആസ്‌ത്മ, സിഒപിഡി (ക്രോണിക് ഒബ്‌സ്‌ട്രക്‌ടീവ് പള്‍മണറി ഡിസീസ്) തുടങ്ങിയ അസുഖങ്ങളുടെ ലക്ഷണമാകാം ഇത്. കൂടാതെ ഹൃദ്രോഗത്തിനും ഇതേ ലക്ഷണം അനുഭവപ്പെടാം.

കട്ടിയായ മൂക്കൊലിപ്പ്: ചുമയും ജലദോഷവും മൂക്കൊലിപ്പുമൊക്കെ പലരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ചുമയും മൂക്കില്‍നിന്നുള്ള സ്രവം (മൂക്കള) കട്ടിയായി പോകുന്നതും മൂന്നു മാസത്തില്‍ ഏറെ നീണ്ടുനിന്നാല്‍ അത് നിസാരമാക്കരുത്. ഇത് സിഒപിഡിയുടെ ലക്ഷമായിരിക്കും. ഉടന്‍ വിദഗ്ദ്ധ ചികില്‍സ തേടാന്‍ മടിക്കരുത്.

ഉമിനീരിലും കഫത്തിലും രക്താംശം: ഉമിനീരിലോ കഫത്തിലോ രക്താംശം കണ്ടെത്തിയാല്‍ അത് നിസാരമായി കാണരുത്. ന്യൂമോണിയ പോലെയുള്ള പ്രശ്‌നങ്ങളുടെ തുടക്കമായി ഇതിനെ കണക്കിലെടുക്കാവുന്നതാണ്. ഇത് നീണ്ടുനില്‍ക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടാന്‍ വൈകരുത്.

നെഞ്ചുവേദന: സാധാരണഗതിയില്‍ നെഞ്ചുവേദന ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ്. എന്നാല്‍ ശ്വാസകോശ രോഗങ്ങള്‍ക്കും ഇതേ ലക്ഷണം കണ്ടുവരുന്നുണ്ട്. ചുമയ്‌ക്കുമ്പോഴും ശ്വസിക്കുമ്പോഴുമൊക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നത് ശ്വാസകോശ അണുബാധയുടെ ലക്ഷണമായിരിക്കും.

സംസാരിക്കുമ്പോഴുള്ള ശ്വാസംമുട്ട്: ശ്വാസമുട്ട് കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാണ്. ആസ്‌ത്മ, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, അലര്‍ജി റിയാക്ഷന്‍ എന്നിവയുടെയൊക്കെ ലക്ഷണമാണ് ഇത്തരത്തിലുള്ള ശ്വാസമുട്ട്.

ഗുരുതരമായ ചുമ: സാധാരണഗതിയില്‍ പനി, ജലദോഷം എന്നിവയ്‌ക്ക് ഒപ്പം ചുമ പിടിപെടാറുണ്ട്. എന്നാല്‍ അത്തരം ചുമയൊക്കെ അസുഖം മാറുന്നതിനൊപ്പം ഭേദമാകാറുണ്ട്. രണ്ടാഴ്‌ചയില്‍ അധികമായി ഗുരുതരമായ ചുമ തുടരുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ഇതും ബ്രോങ്കൈറ്റിസും ആസ്‌ത്മ, ന്യുമോണിയ എന്നിവയുടെ ലക്ഷണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button