East Coast Special

പൊതുമുതലിന് പുല്ലുവില കല്‍പ്പിക്കുന്ന ഇന്ത്യാക്കാരന് സ്നേഹത്തിന്‍റെ ഭാഷയില്‍ ജപ്പാന്‍കാരന്‍ നല്‍കിയ പാഠം!

ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട പോസ്റ്റുകളില്‍ ഒന്ന്‍ രാജ്യത്തിന്‍റെ പൊതുമുതലിന് പുല്ലുവില പോലും കല്‍പ്പിക്കാതെ, തരം കിട്ടുമ്പോഴൊക്കെ അത് ദുരുപയോഗം ചെയ്യുകയും, സമരങ്ങളുടേയും മറ്റും മറവില്‍ പൊതുമുതല്‍ യുക്തിക്ക് നിരക്കാത്തവിധം നശിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പൗരബോധത്തെ കുത്തിനോവിച്ചു കൊണ്ടുള്ള ഒന്നായിരുന്നു. ജപ്പാനില്‍ സന്ദര്‍ശനം നടത്തിയ ഒരിന്ത്യന്‍ പൗരനുണ്ടായ അനുഭവം എന്ന രീതിയിലായിരുന്നു രാകേഷ് ഛബ്രിയ എന്ന വ്യക്തി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തത്. പൊതുമുതലിനോടുള്ള ഇന്ത്യാക്കാരുടെ മനോഭാവവും ജാപ്പനീസ് പൗരന്മാരുടെ മനോഭാവവും തുറന്നുകാട്ടുന്ന ഈ പോസ്റ്റ്‌ വൈറല്‍ ആയിമാറാന്‍ വലിയ കാലതാമസമുണ്ടായില്ല. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭാവമായാലും, അതല്ല, ഈ വിഷയത്തില്‍ ഇന്ത്യാക്കാരുടെ മനസ്സുതുറപ്പിക്കണം എന്ന ഉദ്ദേശത്തോടെ ഛബ്രിയ തന്‍റെ ഭാവന ഉപയോഗിച്ച് സൃഷ്ടിച്ച ഒരു കഥയാണെങ്കില്‍ക്കൂടിയും, ഇന്ത്യാക്കാരായ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പാഠങ്ങള്‍ അതിലൂടെ ഛബ്രിയ പങ്കുവയ്ക്കുന്നുണ്ട്.

ഛബ്രിയയുടെ പോസ്റ്റ്‌ വായിക്കാം:

ജപ്പാനിലെത്തിയ ഒരിന്ത്യന്‍ യുവാവ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു . ഇവിടെ സാധാരണ ചെയ്യാറുള്ളതുപോലെ സീറ്റിലിരുന്നയുടനെ തന്നെ കാല്‍ എതിര്‍ വശത്തെ സീറ്റിലെടുത്തു വെച്ചു. ഇതു കണ്ടയുടനെ ഒരു മുതിര്‍ന്ന ജപ്പാന്‍ സ്വദേശി താനിരുന്ന സീറ്റില്‍ നിന്ന് എഴുന്നേറ്റ്, യുവാവിന്റെ കാലുവെച്ചിടത്ത് ഇരുന്നിട്ട് ആ കാലുകള്‍ തന്റ മടിയില്‍ എടുത്തു വെച്ചു. ഒട്ടൊന്നമ്പരന്ന യുവാവ് അദ്ദേഹത്തോട് അതിന്റെ കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു:

“താങ്കള്‍ ഞങ്ങളുടെ പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നതു വഴി ഞങ്ങളെ ആകെ അപമാനിച്ചിരിക്കുകയാണ്. എനിക്കതില്‍ അതിയായ കോപമുണ്ട്. പക്ഷേ താങ്കള്‍ ഞങ്ങളുടെ രാജ്യത്തിന്റെ അതിഥിയാണ്. അതുകൊണ്ടു തന്നെ പൊതുജനമധ്യത്തില്‍ താങ്കളെ അപമാനിക്കാന്‍ ഞാന്‍ സന്നദ്ധനാകുന്നില്ല. എതിര്‍ വശത്തെ ഇരിപ്പിടത്തില്‍ കാലെടുത്തുവെയ്ക്കുന്നത് നിങ്ങളുടെ ശീലമായിരിക്കാം. പക്ഷേ എനിക്കെന്റെ രാജത്തിന്റെ പൊതു സമ്പത്ത് സംരക്ഷിച്ചേ തീരൂ. അതേ സമയം രാജ്യത്തെത്തിയ ഒരതിഥിക്ക് അസൗകര്യം ഉണ്ടാക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാന്‍ താങ്കളുടെ കാലുകള്‍ എന്റെ മടിയില്‍ വെയ്ക്കുകയാണ്.”

ഇന്ത്യന്‍ യുവാവിന് വല്ലാത്ത ജാള്യവും കുറ്റബോധവും തോന്നി. ജപ്പാന്‍ പൗരന്‍ തന്റെ മൃദുലവും സൗഹാര്‍ദ്ദപൂര്‍വ്വവുമായ വാക്കുകള്‍ കൊണ്ട് പിന്നെയും ഇന്ത്യന്‍ യുവാവിന്റെ ചെകിട്ടത്തടിച്ചു.

“രാജ്യത്തിന്റെ പൊതുസ്വത്ത് ഞങ്ങള്‍ സ്വന്തം സ്വത്തായി കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഞ്ങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുകയും അവയൊന്നും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. താങ്കളും ഇതു ശീലിച്ചാല്‍ മറ്റൊരു രാജ്യത്തു ചെന്നാലും അപമാനിക്കപ്പെടുകയില്ല”.

സർക്കാർ ബസ്സുകളും പൊതുസ്ഥാപനങ്ങളും സമരത്തിന്‍റെ പേരിൽ തല്ലിപ്പൊളിക്കുന്ന പാർട്ടി അണികള്‍ക്കും നിയമസഭയിലെ പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതല്‍ നശിപ്പിക്കുന്ന ഭരണാധികാരികള്‍ക്കും പൊതുസ്ഥലത്തു തുപ്പുകയും മൂത്രമൊഴിക്കുകയും സ്വന്തം വീട്ടിലെ കുപ്പ കൊണ്ടെറിയുകയും പൊതുമുതൽ ആരെങ്കിലും നശിപ്പിക്കുന്നത് കണ്ടാൽ എനിക്കെന്താ ഞാൻ വാങ്ങിയതല്ലല്ലോ എന്ന ഭാവത്തോട് കൂടി പ്രതികരിക്കാതെ വെറും നോക്കുകുത്തികളായി നിൽക്കുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരു പാഠമാണ് ഛബ്രിയയുടെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button