Prathikarana Vedhi

വാദിയുടേയും പ്രതിയുടേയും രാഷ്ട്രീയവും, മതവും നോക്കി “ബ്രേക്കിംഗ് ന്യൂസുകള്‍” സൃഷ്ടിക്കുന്ന മാദ്ധ്യമഇരട്ടത്താപ്പിനേറ്റ അടി

അനീഷ് കുറുവട്ടൂര്‍ എഴുതുന്നു

ഒറ്റപ്പാലത്തെ കോടതിയില്‍ നിന്നും കേരളാ ഹൈക്കോടതിയിലേക്ക് എത്രദൂരമുണ്ടെന്നു ചോദിച്ചാൽ, അതിനുത്തരം കേവലം കീലോമീറ്ററുകളിലൊതുങ്ങില്ല. മാധ്യമപ്രവർത്തിന്‍റെയും അതിനുപിന്നിലുള്ള വ്യക്തമായ രാഷ്ട്രീയ അജണ്ടയുടേയും വ്യത്യസ്ത ചിത്രങ്ങളാണ് ഒറ്റപ്പാലത്തേയും കൊച്ചിയിലേയും കോടതികളിൽ വ്യക്തമായത്. ഇരയേക്കാൾ വേട്ടക്കാരുടെ മതവും രാഷ്ട്രീയവും നോക്കി വാർത്തയും വിവാദവും നെയ്യുന്ന മാധ്യമ ഭീകരതയുടെ മുഖത്തുകിട്ടിയ അടിയാണ് കേരളാ ഹൈക്കോടതിയിൽ ലഭിച്ചത്.

കഴിഞ്ഞ മാസം ഒറ്റപ്പാലത്തെ കൊടതിയിൽ രാഷ്ട്രീയ സംഘർഷക്കേസിലെ പ്രതികളെ ഹാജരാക്കുന്ന സമയത്ത് പ്രതികളുടെ കൂടെ വന്നവരോട് പ്രകോപനപരമായി തട്ടിക്കയറിയും ദേഹത്തുപിടിച്ചു തള്ളിയും ശ്രീജിത്ത് കൊമ്പാലയെന്ന കമ്മ്യൂണിസ്റ്റ്കാരൻ നടത്തിയ രാഷ്ട്രീയനാടകം ഏറ്റുപിടിക്കാനും സംഘർഷകാരണം മുറിച്ചുകളഞ്ഞു വീഡിയോ പ്രചരിപ്പിക്കാനും മാധ്യമങ്ങള്‍ നടത്തിയ ഒത്തൊരുമയൊന്നും കേരളാ ഹൈക്കോടതിയിൽ ഇന്നലെ കാണാൻ സാധിച്ചില്ല. ഒറ്റപ്പാലത്തെ പ്രതികളുടെ പട്ടിക തയ്യാറാക്കാൻ പോലീസ് നടത്തിയ ശുഷ്കാന്തിയും , ഒരു മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവും ജാമ്യമില്ലാ വകുപ്പുചാർത്തലും അങ്ങനെ പോകുന്നു നാടകം. കൊലക്കേസിലെ പ്രതിയെ അന്വേഷിക്കാൻ പോലും മുഹൂർത്തം നോക്കുന്ന പോലീസ് തിരുവനന്തപുരത്തും കോയമ്പത്തൂരിലും വരെ പ്രതികളെ അന്വേഷിച്ചെത്തിയിരുന്നു. അനുവാദമില്ലാതെ ഒരാൾ മൊബൈല്‍ ഫോണിൽ തങ്ങളുടെ ചിത്രങ്ങൾ പകർത്തിയത് ചോദ്യം ചെയ്തതിനാണ് ഒറ്റപ്പാലത്തെ കോടതിയില്‍ സംഘർഷം നടന്നതും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതുമെല്ലാം.

കേരളാ ഹൈക്കോടതിയിൽ ഇന്നലെ നടന്നത് അതുപോലെ നിസ്സാര സംഭവമായിരുന്നില്ല. സർക്കാർ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥൻ, അതും ഉന്നതമായ പദവിയിലിരിക്കുന്ന ഒരു ഗവൺമെൻറ് പ്ലീഡർ വനിതാ ജീവനക്കാരിയെ ദേഹോപദ്രവമേൽപ്പിച്ച കേസാണ് ഇന്നലെ കോടതി പരിഗണിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ (ഇന്നലെ രാജിവെച്ച) എംകെ.ദാമോദരൻ അടക്കമുള്ള മുതിർന്ന അഭിഭാഷകരും അവരുടെ കിങ്കരന്മാരും കോടതിയില്‍ പുതിയ നിയമം പാസാക്കി. മാധ്യമങ്ങള്‍ ഈ കേസ് കവർ ചെയ്യരുതെന്നാണ് അഭിഭാഷക ഉത്തരവ്.

ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടി സീൽ ചെയ്യണം. അതിനു ആഹ്വാനം നൽകിയതാകട്ടെ പ്രതിഫലം വാങ്ങാതെ മുഖ്യമന്ത്രിയെ സേവിച്ചിരുന്ന ദാമോദരൻ സാറും. ക്യാമറയും തൂക്കിയെത്തിയ മാധ്യമപ്രവർത്തകരെ കറുത്ത കുപ്പായമിട്ടവർ വട്ടമിട്ടുതല്ലി, റോഡ് ഉപരോധിച്ചു, സമീപസ്ഥലത്തെ സ്ഥാപനങ്ങൾ എറിഞ്ഞു തകർത്തു, കോടതി പരിസരം മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. വെറും ഒരു മണിക്കൂറിനുള്ളിൽ ഒറ്റപ്പാലത്തെ പെറ്റികേസിനു ജാമ്യമില്ലാ വകുപ്പുചാർത്താൻ ഉത്തരവിട്ട മുഖ്യമന്ത്രിയുടെ ഫോൺ കോൾ കൊച്ചിയിലെ പോലീസ് മേധാവിക്കു ലഭിച്ചില്ല.

രാഷ്ട്രീയ കേരളം ലജ്ജിച്ചു തലതാഴ്ത്തിയില്ല, പ്രതികളെ അന്വേഷിച്ച് ആരും തിരുവനന്തപുരത്തും കോയമ്പത്തൂരും പോയില്ല. പ്രതികൾ ഇപ്പോഴും നിയമത്തിൻറെ കറുത്തതുണിയും ധരിച്ച് സമരം നടത്തുകയാണ്. അടികൊണ്ട മാധ്യമപ്രവർത്തകർ ആശുപത്രിയിലുണ്ട്, തകർന്ന ക്യാമറക്കണ്ണുകൾ ഇനിയും തുറന്നിട്ടില്ല. ചാനലിലെ ഏസിമുറിയിലെ വട്ടമേശകൾ ഉത്തരേന്ത്യയിലെ ആട്ടിറച്ചിയെ പശുവിറച്ചിയാക്കുന്ന ചർച്ചയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലിന്ന് വിഎസിന്റെ കാബിനറ്റ് പദവിയുടെ കനം കുറയ്ക്കാന്‍ മന്ത്രിതല ചർച്ച നടക്കും. ഇരയുടെ വിലാപത്തേക്കാളും, വേട്ടക്കാരുടെ മതവും രാഷ്ട്രീയവും എതിർക്കപ്പെടേണ്ടതില്ലെന്ന നിഗമനത്തിലെത്തിയ മാധ്യമലോകവും മലയാളിയും എല്ലാം മറന്ന് അടുത്ത വാർത്തയ്ക്കായി കാത്തിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button