Kerala

കേരളത്തില്‍ മദ്യപാനത്തിന് പെര്‍മിറ്റ് ഏര്‍പ്പെടുത്തണമെന്നാവശ്യം

കോട്ടയം ഇപ്പോഴത്തെ മദ്യനിരോധനങ്ങള്‍ സമൂഹത്തിന് ഗുണകരമല്ലെന്നു ദേശീയ ഐക്യവേദി സംസ്ഥാന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. നിരോധനങ്ങള്‍ നിലവിലുള്ളപ്പോഴും കേരളത്തിലുടനീളം മദ്യലഭ്യതയില്‍ കുറവില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനു മദ്യവില്പനയിലൂടെ ലഭിക്കേണ്ടിയിരുന്ന വരുമാന നഷ്ടം മാത്രമാണ് ഇപ്പോഴുള്ളത്. ഇതുമൂലം വരുമാനത്തിനായി സര്‍ക്കാര്‍ നികുതി വര്‍ദ്ധനവ് വരുത്തിയതോടെ മദ്യപിക്കാത്തവരും ദുരിതത്തിലാണ്. ഇതോടൊപ്പം കഞ്ചാവ് ഉള്‍പ്പെടെയുള്ളവയുടെ മയക്കുമരുന്നുകളുടെ ഉപയോഗവും വന്‍തോതില്‍ വര്‍ദ്ധിച്ചു. യുവതലമുറയും വിദ്യാര്‍ത്ഥി സമൂഹവും ഇതിന്റെ ഉപഭോക്താക്കളാകുന്നത് വരുംതലമുറയുടെ ഭാവിയെപോലും ബാധിച്ചിട്ടുണ്ട്.

കേരളത്തില്‍ മദ്യപാനത്തിന് പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദേശീയഐക്യവേദി ആവശ്യപ്പെട്ടു. ഇതിലൂടെ സര്‍ക്കാരിനു വരുമാനം ലഭിക്കും. മദ്യപാനം ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനായി മദ്യത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിന്റെ ഭാഗമായി മദ്യവില്‍പ്പന വൈകിട്ട് ആറുമുതല്‍ ഒന്‍പതുവരെയായി നിജപ്പെടുത്തണം. ഇതു ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തണം. മദ്യപെര്‍മിറ്റ് ഉള്ള വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യചികിത്സയ്ക്കുള്ള ആനുകൂല്യം റദ്ദാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ദേശീയഐക്യവേദി ഉന്നയിച്ചു. മദ്യ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.

എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ട്, അഫ്‌സല്‍ കുഞ്ഞുമോന്‍, എന്‍. അജിത്ത് രാജ്, ഡേവിഡ് ഫെര്‍ണാണ്ടസ്, ജിയോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ ഐക്യവേദി- ജോസ് പാറേക്കാട്ട് ചെയര്‍മാന്‍, എബി ജെ. ജോസ് ജനറല്‍ സെക്രട്ടറി

കോട്ടയം ● ദേശീയ ഐക്യവേദി സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനായി ജോസ് പാറേക്കാട്ട് ജനറല്‍ സെക്രട്ടറിയായി എബി ജെ. ജോസ് എന്നിവരെ കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.

ജില്ലാ ചെയര്‍മാന്മാരായി സനല്‍ ജോസഫ് (തിരുവനന്തപുരം), എസ്. പ്രകാശ്കുമാര്‍ (കൊല്ലം), എന്‍. അജിത് രാജ് (ആലപ്പുഴ), സുനീഷ് നായര്‍ (പത്തനംതിട്ട), ജോഷി മൂഴിയാങ്കല്‍ (കോട്ടയം) ജിയോ ജോസഫ് (ഇടുക്കി), അഫ്‌സല്‍ കുഞ്ഞുമോന്‍ (എറണാകുളം), ടോം ജോസഫ് (തൃശൂര്‍), ബിജു ജോസഫ് (പാലക്കാട്ട്), അബ്ദുള്‍ സലാം (കോഴിക്കോട്), ജോസ് പ്രകാശ് (വയനാട്), പി. അബ്ദുള്‍ റസാക്ക് (മലപ്പുറം), വിജയ മോഹനന്‍ (കണ്ണൂര്‍), ഡേവിഡ് ഫെര്‍ണാണ്ടസ് (കാസര്‍കോഡ്) എന്നിവരെയും തെരഞ്ഞെടുത്തു. അഡ്വ. സിബി മാത്യു റിട്ടേണിംഗ് ഓഫീസറായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button