South IndiaKeralaHill StationsAdventureIndia Tourism SpotsTravel

പ്രണയം കഥ പറയുന്ന കാട്ടാളത്തിപ്പാറ

പ്രണയിക്കുന്നെങ്കില്‍ ദാ ഇവിടെ വന്നൊന്നു പ്രണയിക്കണം. പ്രണയം മഞ്ഞുപാളികളായി പെയ്തിറങ്ങുന്ന തീരം. വരവേല്‍ക്കാന്‍ നാണം കുണുങ്ങിയ കുഞ്ഞുപൂക്കള്‍. കളിയാക്കി നുള്ളി പായുന്ന ഇളംതെന്നല്‍. മത്സരിച്ചു ചാടിമറിയുന്ന മലയണ്ണാനും കുട്ടിക്കുരങ്ങുകളും. പീലിവിടര്‍ത്തി ഇണകളെ കൊതിപ്പിക്കുന്ന ആണ്‍ മയിലുകള്‍. ദൂരേക്കു ഓടി മായുന്ന മ്ലാവിന്‍ കൂട്ടം. ആര്‍ക്കോ വേണ്ടി ശ്രുതിമീട്ടി പാടുന്ന കാട്ടരുവിയുടെ പാട്ട്. ഒന്നുകൂടി ചെവിയോര്‍ത്താല്‍ കേള്‍ക്കാം ദൂരെയെവിടെയോ ആനകളുടെ ചിന്നംവിളി. കാഴ്ചകള്‍ വിസ്മയം കാട്ടുകയല്ല, കൊതിപ്പിക്കുകയാണ് കാട്ടാളത്തിപ്പാറയില്‍. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ നിന്ന് 26 കിലോ മീറ്റര്‍ അകലെ കിഴക്കന്‍മേഖലയിലാണ് പ്രണയം കഥ പറയുന്ന കാട്ടാളത്തിപ്പാറ.

പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച തീരമാണോ ഇതെന്ന് ഇവിടെ എത്തുന്ന ആര്‍ക്കും തോന്നിയേക്കാം. ഇതുവരെ കാണാത്ത കാഴ്ചകള്‍, ഇതുവരെ അനുഭവിക്കാത്ത മാസ്മരിക അനുഭൂതി. കാട്ടാളത്തിപ്പാറയുടെ ഈ വശ്യതയില്‍ ലയിച്ചു പ്രണയിച്ചവരും അലിഞ്ഞു ചേര്‍ന്നവരും ഏറെയാണ്. കാട്ടാളത്തിപ്പാറ പ്രണയതീരമായി തീര്‍ന്നതിനു പിന്നിലുമുണ്ട് പറയാന്‍ ഒരു കഥ. ആരുമറിയാതിരുന്ന എന്നാല്‍ കാലം എല്ലാവരോടുമായി വിളിച്ചു പറഞ്ഞ കഥ. ആദ്യം തന്നെ പറയാം ഈ ലൗവ്വ് സ്‌റ്റോറി ഹാപ്പി എന്‍ഡിങ്ങേ അല്ല. ചങ്കു പറിച്ചു പ്രണയിച്ചിട്ടും വിധിയുടെ കൈകളില്‍ വീണെരിഞ്ഞ രണ്ടാത്മാക്കളുടെ കഥയാണിത്. തലമുറകള്‍ വായ്‌മൊഴിയിലൂടെ പകര്‍ന്ന കഥ. കാട്ടാളന്റെയും കാട്ടാളത്തിയുടെയും കഥ. അല്ല, കാട്ടാളത്തിപ്പാറയുടെ തന്നെ കഥ.

കാട്ടാളത്തിപ്പാറയുടെ ചെരുവില്‍ താമസിച്ചിരുന്ന ഒരു കാട്ടാളനും കാട്ടാളത്തിയുമുണ്ടായിരുന്നു. കവിത വിരിയുന്ന വിടര്‍ന്ന കണ്ണുകളുള്ളവളായിരുന്നു കാട്ടാളത്തി. കാട്ടുതേനിന്റെ രുചിയുള്ള തടിച്ച ചുണ്ടുകള്‍. കാടിന്റെ ചേലുള്ള ഉടല്‍. അഴിച്ചിടുന്ന മുടിയിഴകള്‍ക്ക് കാട്ടുവളളികളുടെ നീളം. ചെറിയപൂക്കളൊക്കെ പറിച്ചവള്‍ മാലകെട്ടി എല്ലാ പുലരികളിലും കാത്തിരിക്കുമായിരുന്നു. തന്റെ ജീവനും ജീവിതവുമായ കാട്ടാളനായി. എണ്ണകറുപ്പിന്റെ ഏഴഴകുള്ള കാട്ടാളന്‍. ചുരുണ്ട മുടിയിഴകളും അസാധ്യമായ മെയ് വഴക്കവും നേടിയവന്‍. ഏതു കാട്ടുമരവും അനായാസം ചാടി കയറും. പാറയിടുക്കില്‍ നിന്നു തേന്‍ ശേഖരിച്ചു ജീവിക്കുന്ന അവന്‍ ഏതു പാറയിടുക്കിലും അതിസാഹസികമായി ഇറങ്ങും. കാട്ടാളന്‍ ആ സുന്ദരിയുടെ സൗന്ദര്യത്തിലും ഹൃദയവിശാലതയിലും അലിഞ്ഞു. കാട്ടാളത്തിയാകട്ടെ അവന്റെ ധീരതയിലും . അവര്‍ തീവ്ര പ്രണയത്തിലായി. കാട്ടുവല്ലികളില്‍ നിന്നു പൂവിറിക്കുമ്പോഴാണ് കാട്ടാളന്‍ ആദ്യമായി അവളെ കാണുന്നത്. വല്ലികള്‍ക്കിയയില്‍ കരിവണ്ടുപോലെ പിടയുന്ന അവളുടെ കണ്ണുകളിലേക്ക് കറുത്ത ഉടലുള്ളവന്റെ വെളുത്ത മനസ് ഉടക്കുകയായിരുന്നു.

മഞ്ഞുകണങ്ങള്‍ പ്രകൃതിക്കു കമ്പളം തീര്‍ക്കുന്ന പുലരികളിലും രാവിനു ശോഭ പകര്‍ന്നെത്തുന്ന ചന്ദ്രികയുടെ കാന്തിയിലും അവര്‍ പ്രണയം പങ്കിട്ടു. അവരുടെ പ്രണയം പ്രകൃതിയ്ക്കും ഉത്സവമായി. ഒന്നും മിണ്ടാതെ അവള്‍ പറയാനുള്ളതൊക്കെ അവന്റെ ഹൃദയത്തോടു പറഞ്ഞു. തന്റെ വീരശൂര പരാക്രമങ്ങള്‍ അവന്‍ എണ്ണിപറയുമ്പോഴും അവള്‍ നിശബ്ദയായിതന്നെ അവനെ ആരാധിച്ചു. ആ പാറയുടെ നെറുകയിലവര്‍ നെഞ്ചോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ തങ്ങളുടെ ലോകം ഇതാണന്നവര്‍ തിരിച്ചറിഞ്ഞു. ആ പാറപ്പുറം പ്രണയതീരമായി മാറി. ഇടവപ്പാതി ആര്‍ത്തിരമ്പിയ ഒരു നാളില്‍ വഴി തെറ്റി ഒരു കാട്ടാളന്‍ ആ പാറയിലേക്കെത്തി. ഇനി കുറച്ചുനാള്‍ ഇവിടെ തങ്ങാം എന്നു നിനച്ചിരിക്കുമ്പോഴായിരുന്നു വഴിതെറ്റിയെത്തിയ കാട്ടാളന്‍ സുന്ദരിയായ കാട്ടാളത്തിയെ കാണുന്നത്. ക്രമേണ അവളില്‍ അവനും ആകൃഷ്ടനായി. കാടിന്റെ പച്ചപ്പുകള്‍ക്കിടയിലൂടെ അവന്‍ അവളെ പിന്‍തുടര്‍ന്നു. ചിലപ്പോള്‍ പ്രണയം കണ്ണുകളില്‍ മാത്രമൊതുങ്ങും. അങ്ങനെ കാട്ടാളത്തിയുടെ സൗന്ദര്യത്തില്‍ മാത്രം ലയിച്ചു വഴിതെറ്റിയെത്തിയ കാട്ടാളന്‍ കൊതിച്ചലഞ്ഞു. മറ്റൊരാളില്‍ അവള്‍ അനുരാഗപരവശയാണെന്നറിഞ്ഞതോടെ വഴിതെറ്റി എത്തിയ കാട്ടാളന്‍ നിരാശനായി. ഈ പ്രണയം ചിലപ്പോള്‍ അങ്ങനെയൊക്കെയാണ് ഒരാളെ കവിയും കലാകാരനും കൊലപാതകിയുമൊക്കെയാക്കുന്നത് പ്രണയമാണ്. തനിക്കിടയിലുള്ള ശത്രുവിനെ കൊന്നെങ്കില്‍ കൊന്ന്, തന്റെ ലക്ഷ്യം നേടുക. വഴിതെറ്റിയെത്തിയ കാട്ടാളന്‍ തീരുമാനിച്ചിറങ്ങി. അങ്ങനെ കാത്തിരുന്ന അവസരം തേടി എത്തി. കാട്ടാത്തിപ്പാറയുടെ ഇടുക്കുകളില്‍ തേന്‍നിറഞ്ഞകാലം. വലിയ കാട്ടുവള്ളികളികള്‍ കെട്ടി സാഹസികമായി കാട്ടാളന്‍ ഇറങ്ങിയ നേരം. കാട്ടുവള്ളി അറുത്തുവിട്ടവന്‍ കാട്ടാളനെ കൊന്നു. കാട്ടാളത്തിപ്പാറയുടെ അടിവാരത്തിലെവിടെയോ കാട്ടാളന്റെ ചോരയും ഒഴുകി. കാട്ടാളത്തിപ്പാറയുടെ താഴ്‌വരയില്‍ ഇപ്പോഴും കാണുന്ന ചുവന്നപ്പൂക്കള്‍ കാട്ടാളന്റെ രക്തത്തില്‍ വിരിഞ്ഞതാണത്രേ.

തന്റെ പ്രീയപ്പെട്ടവന്റെ വേര്‍പാടില്‍ കാട്ടാളത്തി നെഞ്ചുപൊട്ടി കരഞ്ഞു. നഷ്ട പ്രണയത്തിന്റെ വേദനയില്‍ അവള്‍ക്ക് ജീവിതം ഇനി തനിക്കു മുന്നില്‍ ശൂന്യത മാത്രം നിറഞ്ഞതായി തോന്നി. കാടിന്റെ സൗന്ദര്യവും കിളിപ്പാട്ടുമൊക്കെ അവളുടെ വേദനയെ പിന്നെയും പിന്നെയും ഉയര്‍ത്തി. പൂക്കളും പൂക്കാലവും വഴിതെറ്റിയെത്തിയ കാട്ടാളന്റെ മനസിലായിരുന്നു. ‘നിനക്കായിപ്രിയേ കാട്ടുപൂക്കള്‍ ഇനിയും വിരിയുമെന്നും കിളികള്‍ പാടുമെന്നും’ അവന്‍ കാട്ടാളത്തിയോടു പറഞ്ഞു. ഈ പെയ്യുന്ന മഴ നിന്റെ കണ്ണീരല്ലെന്നും അവളെ ബോധ്യപ്പെടുത്തിയതോടെ കാട്ടാളത്തി ആ കാട്ടാളനെയും നോക്കി ചിരിച്ചു.
പതിയെ അവന്റെ സാഹസികത ഓരോന്നായി അവള്‍ പരീക്ഷിച്ചു. മെയ് വഴക്കം, സംസാരപാടവം, കാടിനെപ്പറ്റിയുള്ള അറിവ്, എല്ലാ പരീക്ഷണങ്ങളേയും അനായാസം മറികടന്ന് അവന്‍ അവസാനഘട്ടത്തിലെത്തി. ‘ കാട്ടുവള്ളിയിലിറങ്ങി പാറയിടുക്കിലുള്ള തേനെടുത്ത് എനിയ്ക്കു പകരുക’ കാട്ടാളന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവന്‍ കാട്ടുവള്ളിയിലൂടെ അനായാസം താഴേക്കിറങ്ങി. കാട്ടാളാത്തി തനിക്ക് സ്വന്തമാകുന്നതിന്റെ ആനന്ദമായിരുന്നു കാട്ടാളന്. കാട്ടാളന്റെ ഓരോ നീക്കങ്ങളും അവള്‍ നോക്കി നിന്നു. പെട്ടന്നായിരുന്നു അത്. നിറഞ്ഞമിഴികളോടെ കാട്ടാളത്തി കാട്ടുവള്ളി മുറിച്ചുവിട്ടു. പെണ്‍മനസിന്റെ അടങ്ങാത്ത പ്രതികാരമായിരുന്നു അത്. പുറത്തെത്ര ചിരിച്ചു നിന്നാലും തന്നെ ഒരു പുരുഷന്‍ ചതിയ്ക്കാന്‍ ശ്രമിയിക്കുന്നുവെന്നറിഞ്ഞാല്‍ അവള്‍ പ്രതികരിയിക്കും. അത് ചിലപ്പോള്‍ ഉടനെയാകണെമന്നില്ല. മണ്ണിനോളം സഹിക്കുന്നവളത്രെ പെണ്ണ്. പക്ഷേ ചതി, അത് സഹിക്കാന്‍ കഴിയുക ഏത് പെണ്ണിനാണ്. തന്റെ പ്രീയപ്പെട്ടവനെ ചതിച്ച അതേ നാണയത്തിലവളും തിരിച്ചടിച്ചു. എന്നിട്ടും അടങ്ങാത്ത കലിയവള്‍ ആ പാറപ്പുറത്തു നിന്നു കരഞ്ഞു തീര്‍ത്തു. പിന്നെയും ഉള്ളിലെ സങ്കടം തീരാതെ പെയ്യ്തപ്പോള്‍ തിമര്‍ത്തു പെയ്യുന്ന മഴയെ സാക്ഷിയാക്കിയവള്‍ പാറപ്പുറത്തു നിന്ന് ചാടി മരിച്ചു. കാട്ടാളത്തി ചാടി മരിച്ച പാറ, കാലം ആ പാറയ്ക്ക് കാട്ടാളത്തിപ്പാറയെന്നു പേരു നല്‍കി. കാട്ടാളത്തിപ്പാറയാണത്രെ കാട്ടാത്തിപ്പാറയായത്. എന്നാല്‍ മരണപ്പെട്ട രണ്ട് കാട്ടാളന്മാരും രും സഹോദരന്മായിരുന്നു എന്നു വിശ്വസിക്കുന്നവരും ഇവിടെയുണ്ട്. പ്രണയസാക്ഷാത്ത്കാരത്തിനായി വനത്തിലെ ആചാരങ്ങള്‍ തെറ്റിച്ച ആദിവാസി യുവതി ശാപം നിമിത്തം കാട്ടാത്തിപ്പാറയായതെന്നും വിശ്വാസമുണ്ട്.

പത്തനംതിട്ട ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ ഇന്ന് കാട്ടാത്തിപ്പാറയും ഇടം നേടി കഴിഞ്ഞു. നിരവധി സഞ്ചാരികളാണ് ഇന്ന് കാട്ടാത്തിപ്പാറ തേടി എത്തുന്നത്. കാട്ടാത്തിപ്പാറയുടെ അടിഭാഗത്ത് ഇപ്പോഴും വലിയ തേനീച്ച കൂടുകള്‍ കാണാം. കോന്നി ഫോറസ്റ്റ് ഡിവിഷനില്‍ നടുവത്തുമുഴി റേഞ്ചില്‍ കൊക്കാത്തോട്- അള്ളുങ്കലിലാണ് കാട്ടാത്തിപ്പാറ. സഹ്യപര്‍വതനിരയുടെ ഭാഗമായ വനപ്രദേശമാണ് ഇവിടെ. മേടപ്പാറ, പാപ്പിനിപ്പാറ, കുടപ്പാറ തുടങ്ങിയ പാറകള്‍ കാട്ടാത്തിപ്പാറയെ ചുറ്റിനില്‍ക്കുന്നു. അപൂര്‍വ ഇനത്തില്‍പ്പെട്ട വൃക്ഷങ്ങളും മനോഹരമായ പുല്‍മേടുകളും ഇവിടെ കാണാം. മലപണ്ടാരങ്ങള്‍ താമസിക്കുന്ന ആദിവാസി കോളനിയും ഇവിടെതന്നെയാണ്. വിനോദ സഞ്ചാരികള്‍ക്കായി കോന്നി ആനത്താവളത്തില്‍ നിന്ന് കാട്ടാത്തിപ്പാറ വഴി കോട്ടാമ്പാറ ചുറ്റി മണ്ണീറ കുട്ടവഞ്ചി സവാരിയില്‍ അവസാനിക്കുന്ന ജീപ്പ്‌ സഫാരി ഒരുക്കിയിട്ടുണ്ട്.

പി. അയ്യപ്പദാസ് കുമ്പളത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button