Editorial

ആര്‍എസ്എസ്-വിരുദ്ധ പരാമര്‍ശം വിഴുങ്ങിയതിലൂടെ താനൊരു ദുര്‍ബല നേതാവാണെന്ന് തെളിയിക്കുകയല്ലേ രാഹുല്‍ ചെയ്തത്?

നാലഞ്ച് ദശകങ്ങളെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്വന്തം തോളിലേറ്റി നയിക്കേണ്ടവന്‍ എന്ന മട്ടിലായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയരംഗത്തേക്കുള്ള രാഹുല്‍ഗാന്ധിയുടെ കടന്നുവരവ്. ഏറേ കൊട്ടിഘോഷിച്ചുള്ള ആ കടന്നുവരവിനു ശേഷം ദശകമൊന്നു കടന്നു പോയിട്ടും, ഇപ്പോഴും, തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്ന ഒരവസ്ഥയിലാണ് രാഹുല്‍. ഏറ്റവും താഴേക്കിടയിലുള്ള പാര്‍ട്ടിഘടകം മുതല്‍ പ്രവര്‍ത്തിച്ച്, പടിപടിയായി, പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും പ്രവര്‍ത്തിച്ചുള്ള അനുഭവപരിചയത്തോടു കൂടിയുള്ള നേതൃത്വവികസനം ലഭിക്കാത്തതാണോ രാഹുലിന്‍റെ പ്രശ്നമെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു അവസ്ഥാവിശേഷമാണ് ഇപ്പോള്‍ ഉള്ളത്. ഒന്ന്‍ വിശകലനം ചെയ്‌താല്‍ ഈ ചോദ്യത്തില്‍ കഴമ്പുണ്ട് എന്നത് അടിസ്ഥാനരാഷ്ട്രീയബോധം ഉള്ള ആര്‍ക്കും മനസിലാകുന്നതാണ്.

രാഹുലിന്‍റെ നേതൃപാടവം ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമാകാന്‍ കാരണം സുപ്രീംകോടതിയിലെ ഇന്നലത്തെ അദ്ദേഹത്തിന്‍റെ മലക്കംമറിച്ചില്‍ പ്രകടനമാണ്. ഒരു ട്രപ്പീസ് കളിക്കാരന്‍റെ മെയ്വഴക്കത്തോടെ അദ്ദേഹം ഗാന്ധിവധത്തിലെ ആര്‍എസ്എസിന്‍റെ പങ്കിനെപ്പറ്റിയുള്ള തന്‍റെ പ്രസ്താവനയില്‍ മലക്കംമറിഞ്ഞു.
2015-ല്‍ മുംബൈയിലെ ഭീവണ്ടിയില്‍ വച്ച് നടത്തിയ ഗാന്ധിവധവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയാണ് രാഹുലിന് ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പാകെ തിരുത്തേണ്ടി വന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏതു തരത്തിലുള്ള അര്‍ത്ഥമാണോ രാഹുല്‍ ആ പ്രസ്താവനയ്ക്ക് കല്‍പ്പിച്ചത്, ആ അര്‍ത്ഥം തന്‍റെ വക്കീലന്മാര്‍ മുഖേന രാഹുല്‍ കോടതിയില്‍ അവതരിപ്പിച്ചു. രാഹുലിന്‍റെ ഈ വിശദീകരണം മുഖവിലയ്ക്കെടുത്ത കോടതി കേസിന്‍റെ അടുത്ത വാദം കേള്‍ക്കല്‍ ദിനം സെപ്റ്റംബര്‍ 1-ആയി നിശ്ചയിച്ച് പിരിഞ്ഞു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, താന്‍ ഉദ്ദേശിക്കുന്ന അല്ലെങ്കില്‍ ഉദ്ദേശിച്ച അര്‍ത്ഥം രാഹുല്‍ കോടതിയില്‍ അവതരിപ്പിച്ചു എന്നുള്ളതാണ്. ഭീവണ്ടിയില്‍ രാഹുല്‍ പ്രസംഗിച്ചത്:

“आर.एस.एस कि लोगों ने गांधीजी को गोली मारी. और आज उनके लोग गांधीजी कि बात करते हैं.” എന്നാണ്.

ഇതിന്‍റെ പദാനുപദ തര്‍ജ്ജമ ഇപ്രാകരം വരും:

“ആര്‍എസ്എസിന്‍റെ ആളുകള്‍ ഗാന്ധിജിയെ വെടിവയ്ച്ചു. എന്നിട്ടിപ്പോള്‍ അവര്‍ ഗാന്ധിജിയെക്കുറിച്ച് പറയുന്നു,” എന്നാണ്.

ഇന്നലെ കോടതിയില്‍ രാഹുല്‍ ബോധിപ്പിച്ചത് ആര്‍എസ്എസ് എന്ന സംഘടനയെ മൊത്തത്തില്‍ താന്‍ കുറ്റപ്പെടുത്തിയിട്ടില്ല എന്നും, ആര്‍എസ്എസിലെ ചില ആളുകള്‍ എന്നേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നുമാണ്. അതായത്, ആര്‍എസ്എസാണ് ഗാന്ധിഘാതകര്‍ എന്ന പതിറ്റാണ്ടുകളോളം പഴക്കമുള്ള, തന്‍റെ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും ഇപ്പോഴും പലസമയത്തും, ഉന്നയിക്കുന്ന ആരോപണം രാഹുല്‍ പിന്‍വലിച്ചു. അല്ലെങ്കില്‍ ആ ആരോപണം അദ്ദേഹം വിഴുങ്ങി. കോടതിനടപടികളില്‍ നിന്ന്‍ രക്ഷനേടാന്‍ ആ പ്രസ്താവന എപ്രകാരം വ്യാഖ്യാനിക്കപ്പെടണമോ, അപ്രകാരം അതിനൊരു വ്യാഖ്യാനം ചമച്ചു, കോടതിയുടെ മുന്‍പില്‍ ബോധിപ്പിച്ചു. യഥാര്‍ത്ഥ അഭിപ്രായത്തില്‍ നിന്ന്‍ മലക്കം മറിഞ്ഞുകൊണ്ടുള്ള ഈ സൂത്രപ്പണി ഏതായാലും കോടതി മുഖവിലയ്ക്കെടുത്തതോടെ ഇപ്പോള്‍ പന്ത് ഹര്‍ജിക്കാരനായ രാജേഷ് മഹാദേവ് കുന്തെയുടെ കോര്‍ട്ടിലാണ്. അദ്ദേഹത്തിന് വേണമെങ്കില്‍ ഹര്‍ജി പിന്‍വലിച്ച് കളിമതിയാക്കാം. അല്ലെങ്കില്‍, രാഹുലിന്‍റെ ഇന്നലത്തെ വ്യാഖ്യാനം തെറ്റാണെന്ന് കോടതിയില്‍ സമര്‍ത്ഥിക്കാം.

ഇന്ന്‍ രാഹുലിന്‍റെ ഭീവണ്ടി പ്രസംഗത്തിന്‍റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്ന സ്ഥിതിക്ക് സെപ്റ്റംബര്‍ ഒന്നാം തിയതി, അടുത്ത വിചാരണദിനത്തില്‍, രാഹുലിനെതിരെ കുന്തെ പ്രത്യാക്രമണം നടത്താന്‍ തന്നെയാണ് സാധ്യത. അതിന്‍റെ പരിണിതഫലം എന്താകുമെന്ന് കാത്തിരുന്നു കാണാം.

ചിരവൈരികളായ ആര്‍എസ്എസിനെതിരെയുള്ള ഒരു നിശിത വിമര്‍ശനം – അതും താന്‍ മാത്രമല്ല, തന്‍റെ പാര്‍ട്ടി ഒന്നടങ്കം ഉപയോഗിച്ചിരുന്ന ഒരു വിമര്‍ശനം – തെറ്റാണെന്ന് കോടതിയില്‍ സമ്മതിക്കുക വഴി തന്‍റെ പാര്‍ട്ടിക്ക് രാഷ്ട്രീയയുദ്ധക്കളത്തിലെ ഒരു ദിവ്യായുധം നഷ്ടപ്പെടുത്തുക മാത്രമല്ല രാഹുല്‍ ചെയ്തത്, താനൊരു ദുര്‍ബല നേതാവാണെന്ന സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന്‍ തന്നെയുയര്‍ന്നു തുടങ്ങിയ വിലയിരുത്തലുകള്‍ അടിവരയിട്ട് സമ്മതിക്കുക കൂടിയാണ്. സ്വന്തം പാര്‍ട്ടി അണികള്‍ മാത്രം കേള്‍വിക്കാരായുള്ള പ്രസംഗവേദികളില്‍ രാഹുല്‍ തന്‍റെ എതിരാളികളെ കടന്നാക്രമിക്കും, വെല്ലുവിളിക്കും, ഭീഷണിപ്പെടുത്തും. പക്ഷേ, ഈ രാഷ്ട്രീയഎതിരാളികളുമായി നേരിട്ടുള്ള ഒരു വാഗ്വാദത്തിനോ, വസ്തുനിഷ്ഠമായ ഒരു ചര്‍ച്ചയ്ക്കോ അവസരം വരുമ്പോള്‍ ഓടിയൊളിക്കുകയും ചെയ്യുന്നത് രാഹുലിന്‍റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ്.

രാഹുലിന്‍റെ ഈ ഒളിച്ചോട്ടത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു രോഹിത് വെമുല ആത്മഹത്യ, കനയ്യ കുമാര്‍ അറസ്റ്റ് എന്നീ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു സംഭവം. രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍, കനയ്യ കുമാര്‍ സംഭവം ഉണ്ടായപ്പോള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിയിലും ചെന്ന്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രണ്ടവസരങ്ങളിലും മൈക്ക് കയ്യില്‍ക്കിട്ടി, തത് സ്ഥിതിയില്‍ തന്നെ അനുകൂലിക്കുന്ന കേഴ്വിക്കാരും തയാറായി ഇരുന്നപ്പോള്‍ രാഹുല്‍ എതിരാളികളെ കടിച്ചുകീറുന്ന ഗര്‍ജ്ജിക്കുന്ന സിംഹമായി.

രണ്ട് ദിവസങ്ങള്‍ക്കിപ്പുറം പാര്‍ലമെന്‍റില്‍ പ്രസ്തുതവിഷയങ്ങളെപ്പറ്റി ഒരു സംവാദത്തിന് ക്ഷണിക്കപ്പെട്ടപ്പോള്‍ അതൊഴിവാക്കി ഓടിയൊളിക്കാന്‍ രാഹുല്‍ യാതൊരു മടിയും കാണിച്ചില്ലെന്ന് മാത്രമല്ല, “നിങ്ങള്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കില്ല” എന്ന വിചിത്രമായ ന്യായം ഉന്നയിക്കുകയും ചെയ്തു.

എതിര്ചോദ്യങ്ങള്‍ ധാരാളമുണ്ടാകാന്‍ സാധ്യതയുള്ള പത്രസമ്മേളനങ്ങളില്‍ പങ്കെടുക്കാനുള്ള രാഹുലിന്‍റെ വിമുഖത ഏറെ പ്രസിദ്ധമാണ്. അഥവാ പങ്കെടുക്കുകയാണെങ്കില്‍ത്തന്നെ ചോദ്യങ്ങള്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകാത്തവയാകാന്‍ പാര്‍ട്ടി സംവിധാനം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള സൂത്രപ്പണികളിലൂടെ രാഹുല്‍ തത്കാല നേട്ടങ്ങള്‍ കൊയ്യുമായിരിക്കാം, ഒരു സ്കൂള്‍കുട്ടി ക്ലാസ്പരീക്ഷകളില്‍ സൂത്രപ്പണികളിലൂടെ വിജയിക്കുന്നതു പോലെ. പക്ഷേ, പൊതുപരീക്ഷയില്‍ ആ വിദ്യാര്‍ഥി ദയനീയമായി പരാജയപ്പെടുകയും ചെയ്യും. അതേ അവസ്ഥയിലൂടെ ഇപ്പോള്‍ രാഹുല്‍ പലതവണ കടന്നു പോയിരിക്കുന്നു. വിചിന്തനത്തിനും, പരിഹാരം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനും സമയം അതിക്രമിച്ചിരിക്കുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button