NewsInternational

അനിശ്ചിതത്ത്വങ്ങള്‍ മാറി ബ്രിട്ടന്‍ വീണ്ടും കുതിപ്പിലേക്ക്

ബ്രെക്സിറ്റ് ഫലം ഒടുവില്‍ വ്യക്തമാക്കുന്നു. അനിശ്ചിതത്ത്വങ്ങള്‍ മാറി ബ്രിട്ടന്‍ വീണ്ടും കുതിപ്പ് തുടങ്ങി. മുന്‍പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോണും മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണും അടക്കമുള്ള നിരവധി പേര്‍ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത് യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തില്‍ ബ്രിട്ടന്‍ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്ത് യൂണിയന്‍ വിട്ട് പോയാല്‍ രാജ്യം സാമ്പത്തികമായി തകരുമെന്നാണ്.

പുതിയ പ്രവണതകള്‍ വ്യക്തമാക്കുന്നത് ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്ത്വങ്ങള്‍ മാറിയെന്നും ബ്രിട്ടന്‍ വീണ്ടും കുതിപ്പ് തുടങ്ങിയെന്നുമാണ്. ബ്രെക്സിറ്റിന് ശേഷം താഴോട്ട് പോയിരുന്ന പൗണ്ടും ഇപ്പോള്‍ ഉണര്‍വിന്റെ പാതയിലാണ്. ബ്രെക്സിറ്റ് ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത് ജര്‍മനിക്കാണെന്നും വ്യക്തമായിട്ടുണ്ട്. ഈ സത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ബിസിനസ് കോണ്‍ഫിഡന്‍സ് സര്‍വേയിലാണ്.

സാമ്പത്തിക വിദഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നത് ജര്‍മനിയിലെ സ്ഥാപനങ്ങള്‍ വേനല്‍ക്കാല മാന്ദ്യത്തിലേക്ക് താണിരിക്കുന്നുവെന്നാണ്. അടുത്ത വര്‍ഷം ജര്‍മനിയുടെ സമ്പത്ത് വ്യവസ്ഥയ്ക്ക് ദുര്‍ബലമായ വളര്‍ച്ചയാണുണ്ടാവുകയെന്നു അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.എന്നാല്‍ ബ്രെക്സിറ്റിനെ തുടര്‍ന്നുണ്ടായ അല്‍പകാലത്തെ തകര്‍ച്ചയ്ക്ക് ശേഷം ബ്രിട്ടന്റെ സമ്പത്ത് വ്യവസ്ഥ ശക്തമായ തിരിച്ച്‌ വരവിന്റെ പാതയിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ഇന്നലെ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്.

റീട്ടെയിലര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആറ് മാസങ്ങള്‍ക്കിടെ തങ്ങള്‍ക്ക് ശക്തമായ വില്‍പനയുണ്ടായ മാസമാണിതെന്നാണ്. ബ്രെക്സിറ്റിനെ തുടര്‍ന്നുണ്ടായ അല്‍പദിവസങ്ങളിലെ വില്‍പനയിടിവില്‍ നിന്നും കരയകയറിയെന്നും അവര്‍ വെളിപ്പെടുത്തുന്നു. പഴയ പ്രതാപത്തിലേക്ക് വീണ്ടും തിരിച്ച്‌ പോയിക്കൊണ്ടിരിക്കുകയാണ് യുകെയിലെ ഹൈസ്ട്രീറ്റ്.

ബിസിനസ്സ് ഗ്രൂപ്പുകൾ വെളിപ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയനില്‍ നിന്നും രാജ്യം വിട്ട് പോകുന്നതിനെ തുടര്‍ന്നുള്ള ആശങ്കകളില്‍ നിന്നും ബ്രിട്ടീഷ് ഷോപ്പര്‍മാര്‍ മുക്തരായെന്നും തെളിഞ്ഞ കാലാവസ്ഥ അവരെ വീണ്ടും ഹൈ സ്ട്രീറ്റിലേക്ക് ഒഴുകാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നുമാണ് . ഇതിന് പുറമെ യുകെയില്‍ ബ്രെക്സിറ്റിന് ശേഷം തൊഴില്‍ നിരക്ക് റെക്കോര്‍ഡ് നിലവാരമായ 74.5 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി മേഖലയിലും ബ്രെക്സിറ്റിന് ശേഷം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button