KeralaNews

സിപിഐയെ കളിയാക്കി സ്വരാജ്

എറണാകുളം: സിപിഐയെ കടുത്ത ഭാഷയില്‍ പരിഹസിച്ചും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ വിമര്‍ശിച്ചും തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് രംഗത്ത്.

സിപിഎമ്മില്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്ന് സ്വരാജ് തന്നോട് പറഞ്ഞതായ രാജുവിന്റെ പ്രസ്താവനയാണ് സ്വരാജിനെ ചൊടിപ്പിച്ചത്. ഇങ്ങനെയൊക്കെ പറയാന്‍ കാണിച്ച രാജുവിന്റെ തൊലിക്കട്ടിക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വരാജ് പരിഹസിച്ചത്.

ഇങ്ങനെ പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത ആളുകളാണ് എറണാകുളത്തെ സിപിഐയെ നയിക്കുന്നതെങ്കില്‍ ദേശീയ ജനാധിപത്യ വിപ്ലവം എറണാകുളം ജില്ലയില്‍ ഉടന്‍ നടക്കുമെന്നും ‘എങ്കിലും എന്റെ രാജ്വേട്ടാ..’ എന്ന് തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

സ്വരാജിന്റെകുറിപ്പ് വായിക്കാം…

എങ്കിലും എന്റെ രാജ്വേട്ടാ ……
സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി സ .പി.രാജു വിന്റേതായി പുറത്തു വന്ന പ്രസ്താവന വായിച്ചു. ഇതെന്തൊരു തള്ളാണെന്റെ രാജ്വേട്ടാ …. സി പി എമ്മിൽ ഗ്രൂപ്പിസവും, വ്യക്തി പൂജയുമാണെന്ന് ഞാൻ സി പി ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചെന്ന് പരാതി പറഞ്ഞത്രെ ….!.

കാൽ നൂറ്റാണ്ടായി സി പി ഐ യുടെ ജില്ലാ കമ്മിറ്റിയംഗമായി പ്രവർത്തിച്ച ആൾ സി പി ഐ വിട്ട് സി പി എം വേദിയിൽ കടന്നു വന്നതിന്റെ വിഭ്രാന്തി കൊണ്ടാണെങ്കിലും ഇങ്ങനെയൊക്കെ വെച്ചു കാച്ചാമോ?

ജീവിതത്തിൽ ഇന്നുവരെ , എന്നു വെച്ചാൽ ഈ കുറിപ്പെഴുതുന്ന നിമിഷം വരെ സി പി ഐ യുടെ ഒരു ഓഫീസിലും കടന്നു ചെന്നിട്ടില്ലാത്ത ഒരാളാണ് ഞാൻ. സി പി ഐ ഓഫീസിൽ കാലുകുത്തില്ലെന്ന ശപഥമെടുത്തതു കൊണ്ടൊന്നുമല്ല. പോകേണ്ട ആവശ്യം വന്നിട്ടില്ല. അത്ര മാത്രം. പി. രാജു എന്ന മനുഷ്യനെ ഞാൻ പരിചയപ്പെടുന്നതു തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ ഘട്ടത്തിലും ഒരു ഘടക കക്ഷിയുടേയും ഓഫീസിൽ ഞാൻ പോയിട്ടില്ല . LDF ലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത് . ആ സാഹചര്യത്തിൽ ഘടകകക്ഷികളുടെ ഓഫീസിലെത്തി വോട്ടു ചോദിക്കുന്നത് അവരെ അവിശ്വസിക്കുന്നതിന് തുല്യമല്ലേ . അങ്ങനെയാണ് ഞാൻ ചിന്തിച്ചത്. അതേതായാലും നന്നായെന്ന് ഇപ്പോൾ തോന്നുന്നു.

ഏതായാലും സി പി എമ്മിനെക്കുറിച്ച് എനിക്കുള്ള പരാതികൾക്ക് പരിഹാരം തേടി ഞാൻ സി പി ഐ ഓഫീസിലെത്തി എന്നൊക്കെ പറയാൻ കാണിച്ച ആ തൊലിക്കട്ടിക്ക് നോബൽ സമ്മാനം കൊടുത്താലും മതിയാവില്ല . ഇങ്ങനെ പച്ചക്കള്ളം പറയാൻ മടിയില്ലാത്ത ആളുകളാണ് ജില്ലയിൽ സി പി ഐ യെ നയിക്കുന്നതെങ്കിൽ … സംശയിക്കാനില്ല ” ദേശീയ ജനാധിപത്യ വിപ്ലവം ” എറണാകുളം ജില്ലയിൽ ഉടൻ നടക്കാനിടയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button