East Coast Special

ഗുരുസാഗരത്തില്‍ ഒളിപ്പിച്ച മാറ്റത്തിന്റെ മുത്തുകള്‍

അഞ്ജു പ്രഭീഷ്’

“ഗുരു” എന്ന രണ്ടക്ഷരത്തിന്റെ മഹിമ വെറും വാക്കുകളിലോ അക്ഷരങ്ങളിലോ ഒതുങ്ങുന്നതല്ല. ഗുരു പരമ്പരയില്‍പ്പെടാത്ത ഒരു സംസ്കാരവും നിലനില്ക്കില്ല തന്നെ. ‘ഗുരുര്‍ ബ്രഹ്മ, ഗുരുരര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരാ, ഗുരുര്‍ സാക്ഷാത് പരബ്രഹ്മം, തസ്മൈ ശ്രീ ഗുരവേ നമ ; എന്നതില്‍ ഗുരു തത്ത്വം പൂര്‍ണ്ണമായിരിക്കുന്നു. നമ്മള്‍ ഓരോരുത്തരും വെറുമൊരു കല്‍വിളക്കാണ്.ആ കല്‍വിളക്കില്‍ അറിവിന്റെ എണ്ണ ഒഴിച്ച് നന്മയാകുന്ന തിരിയിട്ടുക്കൊണ്ട് ജ്ഞാനത്തിന്റെ ദീപം തെളിയിച്ചു തരുന്നവരാണ് ഗുരുക്കന്മാര്‍.ഇന്ന് ഒരു അദ്ധ്യാപകദിനം കൂടി അനുഷ്ടാനമായി കടന്നുപോകുകയാണ്.ഇപ്പോള്‍ എല്ലാദിനങ്ങളും ഒരു നിശ്ചിത ചട്ടക്കൂട്ടിനുള്ളില്‍ വീര്‍പ്പുമുട്ടി സൈബര്‍ലോകത്തിന്റെ നാല്ചുവരുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ടു കടന്നുപോകുകയാണല്ലോ പതിവ്..പ്രൈമറി,സെക്കന്ററി ക്ലാസ്സുമുറികളിലും കലാലയചുവരുകള്‍ക്കുള്ളിലും അറിവു പകര്‍ന്നുതന്നവരെല്ലാവരും പൂര്‍ണ്ണമായുംസുവര്‍ണ്ണസ്മൃതികള്‍ പ്രദാനം ചെയ്തവരല്ലെങ്കിലും ഒരിക്കലെങ്കിലും അകക്കനലുകളിലെങ്ങോ അദ്ധ്യാപനമെന്ന മഹത്ദൗത്യത്തിന്റെ മിന്നലാട്ടങ്ങള്‍ പകര്‍ന്നാടിയവരായിരുന്നുവെന്നു ചില മുഖങ്ങള്‍ എന്നെ എപ്പോഴും ഓര്‍മ്മിപ്പിച്ചുക്കൊണ്ടേയിരുന്നു. അവരില്‍ എന്റെ സ്വന്തം മാഷെന്നും ടീച്ചറെന്നും അധികാരത്തോടെ പറയാന്‍ കഴിയുന്ന ചില മുഖങ്ങള്‍ ഉണ്ട്.ക്ലാസ്മുറിയെന്ന നാലുചുമരുകള്‍ക്കുള്ളില്‍ വച്ചല്ലാതെ പുറത്തോ ഒരു പ്രവര്‍ത്തിയോ വാക്കോ ഒരു പക്ഷെ കേവലമൗനമോ കൊണ്ട് എനിക്ക് ഗുരുസ്ഥാനീയരായവരുണ്ട്.വേറിട്ട ചിന്തകളിലൂടെ എന്നെ നയിച്ചവരുമുണ്ട്..അവരെയൊക്കെ ഈ അദ്ധ്യാപകദിനത്തില്‍ ഒരു മാത്ര മനസുക്കൊണ്ട് പ്രണമിക്കുന്നു.

ഇവിടെ മാലദ്വീപ് എന്ന കൊച്ചുരാജ്യത്തില്‍ ഞാനെന്ന അദ്ധ്യാപിക അദ്ധ്യാപനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വെറുതെയൊന്നു ചിന്തിക്കുമ്പോള്‍,ഇന്നാണ് ഞങ്ങളുടെ രാജ്യത്തെ അദ്ധ്യാപകദിനമെന്നു ഇവിടുത്തെ കുഞ്ഞുങ്ങളോട് പറയുമ്പോള്‍,എനിക്ക് കാണാം അവരുടെ കണ്ണുകളില്‍ നിറഞ്ഞുപൊന്തുന്ന അത്ഭുതം..കാരണം അവര്‍ക്കറിയാവുന്ന അന്താരാഷ്ട്ര അദ്ധ്യാപകദിനം അടുത്തമാസം അഞ്ചാം തീയതിയാണ്.ആ ആകാംക്ഷയും അത്ഭുതവും നന്നായി ആസ്വദിച്ചുക്കൊണ്ട് അവരോടു ഞാന്‍ ഭാരതീയസംസ്കാരത്തില്‍ ഗുരുവിന്റെ സ്ഥാനത്തെക്കുറിച്ച് സംസാരിച്ചു.അവിടെ ഗുരുവിനു കല്പിക്കുന്ന ദൈവികതുല്യതയെക്കുറിച്ച് പറഞ്ഞു.അപ്പോഴാണ്‌ എന്നെ സ്ഥബ്ദയാക്കിക്കൊണ്ട് പത്താംക്ലാസിലെ “അറുഷം” എന്നില്‍ പുതുചിന്തകളുടെ പെരുമഴ പെയ്യിച്ചത്.അദ്ധ്യാപകനെന്നതു അറിവിന്റെ നിറഞ്ഞ അവസ്ഥകൊണ്ട് ദൈവതുല്യമായ ഗുരുപ്രഭാവം ആര്‍ജിച്ച ആളാണെന്നത് തികച്ചു സാങ്കല്‍പ്പികമായ ഒരു അവസ്ഥയാണ്. ഞങ്ങള്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ വന്നു നില്‍ക്കുന്ന ഓരോ അദ്ധ്യാപകനും വെറും മനുഷ്യനാണ്. അയാള്‍ക്ക് സ്വഭാവ വൈകല്യങ്ങളുണ്ട്, ജീവിത പ്രശ്നങ്ങളുണ്ട്, ദാമ്പത്യ പൊരുത്തക്കേടുകളുണ്ട്, ഉള്ളില്‍ ഒളിപ്പിച്ചു വയ്ക്കുന്ന ഒരുപാട് അഭിനിവേശങ്ങളുണ്ട്. മറ്റേതൊരു മനുഷ്യനെപ്പോലെയും അയാള്‍ അനവധി വൈകാരിക വിക്ഷോഭങ്ങള്‍ക്ക് വിധേയനാണ്. ഇത്തരം അദ്ധ്യാപകരെയാണോ നിങ്ങള്‍ ഭാരതീയര്‍ ദൈവികതയുടെ തിളങ്ങുന്ന പരിവേഷം നല്കി മുഖമൂടിയില്‍ ഒളിപ്പിച്ച കൃത്രിമവ്യക്തിപ്രഭാവം നല്കി ആദരിക്കുന്നത്?? ആദരിക്കേണ്ടത് അദ്ധ്യാപനം എന്ന തൊഴിലിനെയല്ല മറിച്ച് വ്യക്തിത്വങ്ങളെയാണ്.ഏതൊരു തൊഴിലിനേയും പോലെ തന്നെയല്ലേ അദ്ധ്യാപനവും???അവന്റെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായി നല്കാനുള്ള ഉത്തരം എന്റെ കൈയ്യില്‍ ഉണ്ടായില്ലെന്നുള്ളതാണ് വാസ്തവം.അല്ലെങ്കില്‍ തന്നെ അവന്‍ ചോദിച്ചതില്‍ എന്താണ് തെറ്റ്??ദൈവത്തിനു മുകളില്‍ അവന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം സ്ഥാനമാനം നല്കി ആദരിക്കാനും വേണ്ട വ്യക്തിത്വം ഉണ്ടോ ഞാനുള്‍പ്പെടുന്ന ഇന്നത്തെ അദ്ധ്യാപകര്‍ക്ക്??.അതൊരു തിരിച്ചറിവായിരുന്നു..നാളുകളായി അദ്ധ്യാപികയെന്ന തിളങ്ങുന്ന മുഖംമൂടിക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച ഞാനെന്ന വ്യക്തിയുടെ തിരിച്ചറിവായിരുന്നുവത്.ആ തിരിച്ചറിവ് എനിക്ക് നല്കിയതോ എന്റെ ഒരു ശിഷ്യനും..

ഗുരു നമ്മുടെ സംസ്കാരത്തില്‍ ദൈവമാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള സ്ഥാനം നല്കേണ്ട ഉന്നതവ്യക്തി. സദാ വെളിച്ചം വിതറുന്ന സൂര്യചന്ദ്രന്മാരെ പോലെ അറിവിന്റെ വെളിച്ചം നമ്മളില്‍ തെളിക്കുന്ന ഗുരുക്കന്മാരെ ആദരിക്കണമെന്നു നമ്മുടെ സംസ്കാരം നമ്മെ നൂറ്റാണ്ടുകളിലൂടെ പഠിപ്പിച്ചുകൊണ്ടിരുന്നു.അറിയാതെയറിയാതെ നമ്മളില്‍ ഓരോരുത്തരിലും അങ്ങനൊരു വിശ്വാസം അടിയുറച്ചുപോകുകയും ചെയ്തു..പക്ഷേ കാലത്തിന്റെ കുത്തൊഴുക്കില്‍ പല വിശ്വാസപ്രമാണങ്ങളും മാറ്റിയെഴുതപ്പെട്ട കൂട്ടത്തില്‍ അദ്ധ്യാപനവും ഉള്‍പ്പെട്ടു.അങ്ങനെ മഹാവൃക്ഷങ്ങളുടെ ചുവടുകളില്‍ നിന്നും ഉയിര്‍ക്കൊണ്ട ആ തത്വസംഹിതയ്ക്കും ഇളക്കം തുടങ്ങി.നളന്ദയും തക്ഷശിലയും പാരലല്‍കോളേജുകളുടെയും മാനേജുമെന്റ് കലാലയങ്ങളുടെയും പരസ്യചിത്രങ്ങളായി വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ തുടങ്ങിയ മാറ്റത്തിന്റെ അലയൊലികള്‍ മാറ്റുവിന്‍ ചട്ടങ്ങളെയെന്നു ഏറ്റുപാടി.അവയില്‍ പരമപവിത്രമായ ഗുരുശിഷ്യബന്ധങ്ങളും മറ്റേതൊരു ബന്ധത്തെപോലെയും സുതാര്യമായിതീര്‍ന്നു..തങ്ങള്‍ക്ക് മുന്നിലിരുന്ന കുട്ടികള്‍ തങ്ങളുടെയും മുന്നില്‍ നടന്നുതുടങ്ങിയപ്പോള്‍ ആ നടത്തത്തിനു വേഗതയേറിയപ്പോള്‍ ചിലപ്പോഴൊക്കെ ബലമായി പിടിച്ചുവാങ്ങിയിരുന്ന കുട്ടികളുടെ ആദരവും സ്നേഹവും നഷ്ടമായിയെന്നു മനസിലായി തുടങ്ങിയപ്പോള്‍ ഞാനുള്‍പ്പെടുന്ന അദ്ധ്യാപകസമൂഹത്തിലെ പലരെയും സമ്മോഹിതനായ സവ്യസാചിയാക്കി..കാലം മാറുന്നതിനനുസരിച്ചു മാറ്റം ഉള്‍ക്കൊള്ളേണ്ട ഒന്നാണ് അദ്ധ്യാപനവുമെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കാനാണ് നമ്മളില്‍ പലരും ഇഷ്ടപ്പെട്ടിരുന്നത് .അച്ചടക്കത്തിന്റെ ആയുധമായി കണക്കാക്കിയിരുന്ന “വടി”യെ ഉപേക്ഷിക്കാന്‍ നമ്മളില്‍ പലരും കാണിച്ചിരുന്ന വൈമുഖ്യം എന്തിനായിരുന്നു?മാറ്റം അനിവാര്യമാണ്.അകലവും വലുപ്പവും അനുനിമിഷം കുറഞ്ഞുക്കൊണ്ടിരിക്കുന്ന ലോകവും സാങ്കേതികവിദ്യയുടെ പ്രഭാവവും മാറ്റങ്ങള്‍ക്കു തിരികൊളുത്തിയപ്പോള്‍ കാലാകാലങ്ങളായി പാരമ്പര്യത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ അടക്കിപ്പിടിച്ച പലതിനും മാറ്റം വന്നു.അധ്യാപകനിലും പാഠപുസ്തകങ്ങളിലും മാത്രം ഒതുങ്ങിനിന്ന വിവരസഞ്ചയം മഹാവിവരപ്രളയം ആര്‍ത്തലച്ച് കുതിച്ചൊഴുകി പ്രവഹിക്കുമ്പോള്‍ അതിനൊപ്പം ചേര്‍ന്ന് മഹാപ്രവാഹമായി ഒഴുകാന്‍ തുടങ്ങി.മാറ്റത്തെക്കുറിച്ച് വിലപിച്ചതുകൊണ്ടോ അതിനെതിരെ പുറം തിരിഞ്ഞുനിന്നതുകൊണ്ടോ ഒന്നും ചെയ്യാനില്ലെന്ന് നമ്മളെ പണ്ട്പഠിപ്പിച്ചതും മഹാഗുരുക്കന്മാര്‍ തന്നെയല്ലേ? മാറുന്ന ഈ ലോകത്തില്‍ ഞാനടക്കമുള്ള അദ്ധ്യാപകസമൂഹം എങ്ങനെയാണ് മാറേണ്ടത്??

വിജ്ഞാനത്തിനായുള്ള ഒടുങ്ങാത്ത തൃഷ്ണയുള്ള കുട്ടിയ്ക്ക് എന്തു വിവരവും ലഭ്യമാക്കാന്‍ പര്യാപ്തമായ വിവരസാങ്കേതിക വിദ്യ കൈത്തുമ്പില്‍ ലഭ്യം.മാറിയ സാഹചര്യം അധ്യപകനെ ഒരു പഠിതാവാക്കിമാറ്റുമ്പോള്‍ പുതിയസാഹചര്യവും സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ.സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ദോഷങ്ങളെക്കുറിച്ച് മാത്രം ഏറെ കേള്‍ക്കാറുള്ള നമ്മള്‍ വികസിത രാജ്യങ്ങളില്‍ വിദഗ്ധരുമായി ആശയവിനിമയം ചെയ്യാനുള്ള വേദിയാണെന്ന് ഓര്‍ക്കുന്നില്ല പലപ്പോഴും..മാത്രവുമല്ല,അധ്യാപകനും കുട്ടിക്കും വിവരവിനിമയത്തിനും ആശയസംവാദത്തിനും ഉള്ള ഒരു എളുപ്പചാലകം കൂടിയാണത്.ഇവിടെയും അദ്ധ്യാപകസമൂഹത്തിനു പലതും ചെയ്യാന്‍ കഴിയും..

വിവരങ്ങളുടെ ആധിക്യം പ്രശ്നമാകുന്ന ആധുനിക ലോകത്തില്‍ ഏത് തിരഞ്ഞെടുക്കണം എന്ത് തള്ളണം എന്നതിന് ശരിയുത്തരം നല്‍കാന്‍ നമ്മള്‍ അധ്യാപകര്‍ അല്ലാതെ മറ്റാരാണുള്ളത്? ശരിയും തെറ്റും വേര്‍തിരിച്ചുകാട്ടിക്കൊടുക്കാന്‍ നമുക്ക് കഴിയുമല്ലോ?ഗുരുകുലക്കാലം മുതല്‍ക്കേ ജീവിതപാതയില്‍ കൈപ്പിടിച്ച്‌ വഴിനടത്തി മുന്നോട്ടുനയിപ്പിച്ചത് നമ്മളടങ്ങുന്ന ഗുരുക്കന്മാര്‍ തന്നെയല്ലേ?,മൂല്യബോധവും ദിശാബോധവും നമ്മളെക്കാള്‍ മറ്റാര്‍ക്ക് നല്കാന്‍ കഴിയും?അധ്യാപകന്‍ കേവലം ‘ഫെസിലിറ്റേറ്റര്‍’ ആയാല്‍ പോരാ,അളവുകളെ അതിവര്‍ത്തിക്കുന്ന ജ്ഞാനവ്യക്തിത്വപ്രഭാവമാകണം .തീര്‍ച്ചയായും ആ “ജ്ഞാനവ്യക്തിത്വപ്രഭാവങ്ങള്‍ക്കു”മാത്രമേ അദ്ധ്യാപനമെന്ന മഹത് ആശയത്തെ വംശനാശഭീഷണിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുകയുള്ളു,.മൂല്യാധിഷ്ഠിതമായ ഒരു അദ്ധ്യാപന ചട്ടക്കൂടില്‍ മാത്രം ഒതുങ്ങുന്നതല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. പാശ്ചാത്യസംസ്കാരത്തിന്റെ പുറകെ പായുമ്പോള്‍, ഹൈടെക് സംസ്കാരം കെട്ടിപടുത്തുയര്‍ത്തുമ്പോള്‍ ,ലോകം സൈബര്‍വലയ്ക്കുള്ളില്‍ ഒതുങ്ങുമ്പോഴും മഹത്വം ഒട്ടും ചോരാതെ നില്‍ക്കുന്ന ഒന്നേയുള്ളൂ-അതാണ്‌ അദ്ധ്യാപനം..മാറുന്ന കാലത്തിനനുസരിച്ച്,കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും ആ മഹത്തായ തൊഴിലിന്റെ വക്താക്കളാക്കാന്‍ നമുക്ക് ശ്രമിക്കാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button