KeralaNewsEditor's Choice

ശ്രീനാരായണഗുരുവിന്‍റെ ആത്മീയഔന്നത്യത്തെപ്പറ്റി ആഴത്തിലുള്ള ഒരു പരിശോധന

സ്വാതികൃഷ്ണ എഴുതുന്നു

ശ്രീനാരായണ ഗുരു. (1856 ഓഗസ്റ്റ് 20 – 1928 സെപ്റ്റംബർ 20)
.
ശ്രീ ശങ്കരാചാര്യരുടെ അദ്വൈത വേദാന്തം മുറുകെ പിടിച്ചു , പ്രവൃത്തി പഥത്തില്‍ അതിന്‍റെ നന്മയെ സ്വാംശീകരിച്ച് പ്രചരിപ്പിച്ചു , അതിലൂടെ അധസ്ഥിത വിഭാഗങ്ങളെ അവരുടെ കൂടെ നിന്ന് മുന്നോക്ക ധാരയിലേക്ക് ഉയര്‍ത്തി കൊണ്ട് വന്ന സന്യാസി ശ്രേഷ്ഠന്‍ ആയിരുന്നു ശ്രീ നാരായണ ഗുരു..ശ്രീ നാരായണ്‍ ഗുരുവിന്‍റെ ഓരോ കൃതികളും പഠിക്കുന്നവര്‍ക്ക് സുവ്യക്തമായി മനസ്സിലാകാവുന്ന കാര്യമാണ് ഓരോ വരികളിലും തുടിച്ചു നില്‍ക്കുന്ന അദ്വൈത വേദാന്തത്തിന്‍റെ മഹിമ. മനോഹരമായ എന്നാല്‍ സരളമായ ഭാഷാശൈലിയില്‍ കാവ്യാത്മകമായി വേദാന്ത തത്വങ്ങള്‍ വര്‍ണ്ണിച്ചിരിക്കുന്നത് പലപ്പോഴും അത്ഭുതം ഉളവാക്കുന്നവയാണ്..ഗുരുവിന്‍റെ വ്യക്തി പ്രഭാവത്തിന്‍റെ പിന്നിലെ ഉജ്വല ശക്തി ഭാരതീയ ആത്മീയ ദര്‍ശനങ്ങളുടെ അവസാന വാക്കായ അദ്വൈത വേദാന്തം ആയിരുന്നു എന്നത് പലപ്പോഴും സാമൂഹിക പരിഷ്കര്‍ത്താവ് എന്ന നിലയില്‍ മാത്രം അവതരിപ്പിച്ചു തങ്ങളുടെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്ത്ര ബുദ്ധിജീവികള്‍ കണ്ടില്ലെന്നു നടിക്കുന്നു…അദ്വൈത തത്വങ്ങളെ അധസ്ഥിത വിഭാഗത്തിന്‍റെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവൃത്തികളുടെ ആധാരമാക്കി മാറ്റാന്‍ ശ്രീ നാരായണ ഗുരുവിനു ഒരു പക്ഷെ മറ്റാരെക്കാളും അധികം സാധിച്ചു എന്നു വേണം കരുതാന്‍. വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഗുരുവിന്‍റെ തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും ജനങ്ങളെ അദ്ദേഹത്തിലേക്ക് വന്‍ തോതില്‍ ആകര്‍ഷിച്ചു. 1888-ല്‍ ‍ അരുവിപ്പുറത്തു സ്ഥാപിച്ച ശിവക്ഷേത്രം ആരാധനാലയങ്ങളില്‍ നിലനിന്നിരുന്ന ജാതീയമായ അയിത്തത്തിനെതിരെ ജ്വലിക്കുന്ന ചരിത്രം ആയി മാറി. ശിവഗിരി ക്ഷേത്രത്തോടനുബന്ധിച്ച് ആശ്രമവും സംസ്‌കൃത പാഠശാലയും ഗുരു സ്ഥാപിച്ചു. അരുവിപ്പുറത്ത് ബലികർമ്മാദികൾ നടത്തുന്നതിന് മേൽനോട്ടംവഹിച്ചുവന്ന ‘വാവൂട്ടുസഭ’ യെ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ രജിസ്റ്റർ ചെയ്തുകൊണ്ട് സംഘടനാ സന്ദേശവും ഗുരു നൽകി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും വിദേശങ്ങളിലും ശ്രീ നാരായണഗുരു ക്ഷേത്രപ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ഗുരുവിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.
.
ശ്രീനാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികജീവിതം തികച്ചും ഭാരതീയ ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കും വിധമുള്ള പദ്ധതിയില്‍തന്നെയായിരുന്നു. പരമഭട്ടാരകശ്രീ ചട്ടമ്പിസ്വാമികളാല്‍ ദീക്ഷിതനായി ബാലസുബ്രഹ്മണ്യന്‍റെ സഗുണോപാസനയും പിന്നീട് യോഗമാര്‍ഗ്ഗവും ഒടുവില്‍ ആത്മസാക്ഷാത്കാരരൂപമായ ബ്രഹ്മവിദ്യയിലും എത്തി നിന്ന ഉപാസനാകാണ്ഡമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ശങ്കരാദ്വൈതത്തിന്റെയും ശൈവസിദ്ധാന്തമതത്തിന്റെയും സമന്വയം ഗുരുപരമ്പരയാ അദ്ദേഹത്തില്‍ സിദ്ധിച്ചിട്ടുണ്ട്. സഗുണപരവും അദ്വൈതപരവുമായ ശൈവദര്‍ശനങ്ങള്‍ അദ്ധേഹത്തിന്റെ കൃതികളില്‍ കാണാം. ഒപ്പംതന്നെ ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ പിന്‍ബലമുള്ള ശങ്കരദര്‍ശനവും അദ്ദേഹത്തിന്റെ മഹത്തായ കൃതികളില്‍ ദൃശ്യമാണ്. ശിവപ്രതിഷ്ഠ ശൈവസിദ്ധാന്തത്തെയും കണ്ണാടിപ്രതിഷ്ഠ ശാങ്കരാദ്വൈതത്തെയും പ്രതിനിധീകരിക്കുന്നു എന്ന് തന്നെ പറയാം. അതിനു അടിസ്ഥാനം വൈദികമായ ശ്രുതിയും ദ്രാവിഡമായ ശൈവസിദ്ധാന്തവുമാണ്. രണ്ടും ഒരേതത്വത്തിന്റെ വിവിധ അവതരണങ്ങള്‍ എന്ന സത്യം പലപ്പോഴും നാം മറന്നു പോകുന്നു.
.
യുക്തിക്കു നിരക്കാത്ത അന്ധവിശ്വാസങ്ങള്‍ക്കും, പ്രാകൃതമായ അനാചാരങ്ങള്‍ക്കും, ജാതീയ വേര്‍തിരിവിനും, സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, കിരാതമായ മറ്റനവധി സമ്പ്രദായങ്ങള്‍ എന്നിവയ്ക്കെല്ലാം എതിരെ നാരായണ ഗുരുവിന്‍റെ തീഷ്ണമായ പ്രവര്‍ത്തനങ്ങള്‍ വളരെവേഗം വിജയം കൈവരിച്ചു..താഴ്ന്ന വിഭാഗമെന്ന് കരുതപ്പെട്ടിരുന്ന വര്‍ഗങ്ങളെ ഉയര്‍ത്തി കൊണ്ട് വന്ന്‍ തുല്യത ബോധം അവരില്‍ നിറക്കാന്‍ അദ്ദേഹത്തിന്‍റെ വാക്കുകളും പ്രവൃത്തികളും സഹായകങ്ങള്‍ ആയി. താണ ജാതിക്കാര്‍ക്ക് വഴിനടക്കാനും ,ആരാധിക്കാനും തുടങ്ങി അനവധി വിപ്ലവ സമരങ്ങള്‍ അദേഹത്തിനു കീഴില്‍ ഉടലെടുത്തു. അദ്ദേഹത്തിന്റെ സാംസ്‌ക്കാരിക പ്രവർത്തനം ഏതെങ്കിലും ജാതിയിലോ മതത്തിലോ ഒതുങ്ങി നിന്നില്ല. അന്നത്തെ പല സാമൂഹിക പ്രവര്‍ത്തകര്‍ ഒട്ടുമിക്കവരു ഗുരുവിന്‍റെ ഉപദേശങ്ങളുടെ പിന്‍പറ്റി പ്രവര്‍ത്തന മേഖലയെ വിപുലീകരിക്കുകയും ചെയ്തു പോന്നു. 1920-ൽ മുട്ടത്തുറയിൽ വച്ചു ചേർന്ന സമ്മേളനത്തിൽ പുലയരുടെ അഭ്യുന്നതിക്ക്‌ പല മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം നല്‍കിയതില്‍ പിന്നെ പുലയ സമുദായനേതാവായ അയ്യങ്കാളി ഗുരുവിന്‍റെ ഉപദേശം കര്‍മ്മ മാര്‍ഗമാക്കി മാറ്റി പ്രവര്‍ത്തനം വ്യാപിപ്പിച്ചു.. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. സംസ്കൃതത്തിലും, മലയാളത്തിലുമായി അനേകം കൃതികൾ ഇതിനിടയില്‍ അദ്ദേഹം രചിച്ചു. 1928 സെപ്റ്റംബർ 20 നു ശിവഗിരിയില്‍ വെച്ച് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം സമാധിയായി.
.
ഗുരു പ്രതിഷ്ഠ നിര്‍വഹിച്ച ചില ക്ഷേത്രങ്ങള്‍
.
• അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063
• ചിറയിന്‍കീഴ്‌ വക്കം വേലായുധന്‍ കോവില്‍- കൊല്ലവര്‍ഷം 1063
• വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063
• മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1063 കുംഭം
• ആയിരം തെങ്ങ്‌ ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067
• കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം – കൊല്ലവര്‍ഷം 1068
• വേളിക്കാട്‌ കാര്‍ത്തികേയക്ഷേത്രം – കൊല്ലവര്‍ഷം 1068 മീനം
• കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യന്‍ ക്ഷേത്രം – കൊല്ലവര്‍ഷം 1609
• കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം – കൊല്ലവര്‍ഷം 1070
• മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം – കൊല്ലവര്‍ഷം 1071 വൃശ്ചികം
• മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078
• കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം – കൊല്ലവര്‍ഷം 1080
• തലശ്ശേരി ജഗന്നാഥക്ഷേത്രം – കൊല്ലവര്‍ഷം 1083 കുംഭം
• കോട്ടാര്‍ ഗണപതിക്ഷേത്രം – കൊല്ലവര്‍ഷം 1084 മീനം
• ഇല്ലിക്കല്‍ കമ്പിളിങ്ങി അര്‍ദ്ധനാരീശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1084 മീനം
• കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1085 മേടം
• മംഗലാപുരം ഗോകര്‍ണനാഥക്ഷേത്രം- കൊല്ലവര്‍ഷം 1085 കുംഭം
• ചെറായി ഗൗരീശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1087 മകരം
• ശിവഗിരി ശാരദാമഠം- കൊല്ലവര്‍ഷം 1087 മേടം
• അരുമാനൂര്‍ ശ്രീ നയിനാര്‍ദേവക്ഷേത്രം- കൊല്ലവര്‍ഷം 1088
• അഞ്ചുതെങ്ങ്‌ ശ്രീ ഞ്ജാനേശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1090 മീനം
• ചെങ്ങന്നൂര്‍ സിദ്ധേശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1090
• പളളുരുത്തി ശ്രീഭവാനി ക്ഷേത്രം —കൊല്ലവര്‍ഷം 1091 കുംഭം
• കണ്ണൂര്‍ ശ്രീസുന്ദരേശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1091
• കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1092 ചിങ്ങം
• പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം – കൊല്ലവര്‍ഷം 1094 കുംഭം
• കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1096 ഇടവം
• മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രം ( സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)- കൊല്ലവര്‍ഷം 1097
• പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1098 മിഥുനം
• പാര്‍ളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം- കൊല്ലവര്‍ഷം 1101 മീനം
• എട്ടപ്പടി ആനന്ദഷണ്‍മുഖക്ഷേത്രം – കൊല്ലവര്‍ഷം 1102 ഇടവം 23.
• കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രം ( “ഓം’ എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടി)- കൊല്ലവര്‍ഷം 1102 ഇടവം 31.
• വെച്ചല്ലൂര്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം
• പ്രസിദ്ധമായ കോട്ടയം നാഗമ്പടം ശിവക്ഷേത്രം – കൊല്ലവര്‍ഷം 1083
• പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം – കൊല്ലവര്‍ഷം 1083
.
ശ്രീനാരായണഗുരു ഏറ്റവും അധികം ഊന്നല്‍ നല്‍കിയ മേഖലകള്‍ വ്യവസായം, വാണിജ്യം, മതപരിഷ്‌കരണം, വിദ്യാഭ്യാസം, കൃഷി, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയവയായിരുന്നു. വിദ്യകൊണ്ട് സ്വതന്ത്രരാകാനും, സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്യുക മാത്രമല്ല പ്രസ്ഥാനങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങളെ ഉദേശിച്ച രീതിയില്‍ വ്യപിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു . ഭൗതികവും, ആത്മീയവുമായ വികാസമാണ് ഗുരു ലക്ഷ്യമാക്കിയത്. അന്ധവിശ്വാസങ്ങളും ഉച്ചനീചത്വങ്ങളും അജ്ഞതയും പേറിയ കേരള ജനതയെ തട്ടിയുണര്‍ത്തി, ജാതിപരമായ വിദ്വേഷങ്ങള്‍ കൂടാതെ ഒരു സമൂഹമായി മാറാന്‍ പ്രേരിപ്പിച്ചത് ഗുരുവാണ്. വൈക്കം സത്യാഗ്രഹത്തിനും , ഗുരുവായൂര്‍ സത്യാഗ്രഹത്തിനും എല്ലാം നേത്രുത്വ ശക്തിയായി പ്രവര്‍ത്തിച്ച ഗുരുദേവന്‍ കേരള നവോത്ഥാനത്തിന്റെ പിതൃ സ്ഥാനം അലങ്കരിക്കുന്നു.
.
എന്നാല്‍ ..
.
പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് എത്തി ചേരുവാന്‍ ഏതു മാര്‍ഗവും സ്വീകരിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ ചരിത്രകാരന്മാരും , താത്വികാചാര്യന്മാരും ഗുരുവിനെ പാടേ അവഗണിക്കുകയും , പലപ്പോഴും അപമാനിക്കുകയും ചെയ്തു പോരുന്നതിനു പിന്നീടുള്ള ചരിത്രം സാക്ഷ്യം വഹിച്ചു , ശ്രീനാരായണ ഗുരുവിനെയും പ്രസ്ഥാനങ്ങളെയും ബൂര്‍ഷാ വിഭാഗത്തില്‍ പെടുത്തി കഴിയാവുന്നിടത്തോളം അപമാനിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും EMS അടക്കമുള്ള നേതാക്കളും ശ്രമിച്ചു പോന്നതിനു അനവധി ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.സവര്‍ണ്ണ , അവര്‍ണ്ണ വിഭാഗങ്ങളിലെ അനവധി ശിഷ്യ സമ്പത്ത് കൊണ്ട് ധനികന്‍ ആയിരുന്ന ഗുരുവിനെ അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി മാത്രം യത്നിച്ച ആചാര്യന്‍ എന്നും , ഗുരുദര്‍ശനം അനുസരിച്ച് ജീവിച്ച കുമാരനാശാന്‍ ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തെ സൃഷ്ഠിച്ചെടുക്കുകയും, അരക്കിട്ടുറപ്പിക്കുകയും ചെയ്ത ബൂര്‍ഷ്വാ ദര്‍ശനത്തിനു ഉടമയാണ് എന്നും EMS വാദിച്ചിരുന്നു. ഇടതു ചരിത്ര രേഖകളില്‍ ഒട്ടുമിക്കവയിലും രക്തസാക്ഷികളെ സൃഷ്ഠിക്കാതെ വളര്‍ന്ന ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ,പ്രസ്ഥാനത്തിനും അര്‍ഹിക്കുന്ന പരിഗണന പോലും നല്‍കാതെ ,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ലേബലില്‍ നടന്ന കൊച്ചു കൊച്ചു സമരങ്ങള്‍ക്കും ,രക്തസാക്ഷികള്‍ക്കും അനര്‍ഹമായ പരിഗണന കൊടുക്കുകയും രാഷ്ട്രീയ പ്രേരിതമായ എഴുത്തുകളിലൂടെയും , മാധ്യമങ്ങളിലൂടെയും ഗുരുവിന്‍റെ പ്രസക്തിയെ മറച്ചു വെക്കാന്‍ പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം അധ്വാനിച്ചിരുന്നു എന്നു സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാവുന്നതാണ്..സമത്വവും , അഹിംസയും ,ആത്മീയ ഭാവവും ,സമഭാവനയും ,തുല്യതാ ബോധവും ജനമനസ്സുകളില്‍ സൃഷ്ഠിക്കാന്‍ നാരായണ ഗുരുവിനോളം പോന്ന മറ്റൊരു സാമൂഹിക പരിഷ്കര്‍ത്താവും ശേഷം ജന്മം എടുത്തിട്ടില്ല എന്നു പറഞ്ഞാലും അതൊരിക്കലും അധികം ആകുകയില്ല..അദ്ധേഹത്തിന്റെ കൃതികളും , ജ്ഞാന വാണികളും ഇന്നും തലമുറകള്‍ അറിയാതെ പോകുന്നതിനു കാരണമാകുന്നത്, കേരള ചരിത്രം എത്രത്തോളം വികലമാക്കി മാറ്റി അവതരിപ്പിച്ചു എന്നതിനു ഉത്തമ ദ്രിഷ്ഠാന്തം ആണു. നാരായണ ഗുരു ദേവന്‍റെ സങ്കല്‍പ്പങ്ങളെയും കൃതികള്‍ക്കും ഇന്നും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നു മാത്രമല്ല അവയെല്ലാം ആര്‍ഷ ഭാരത ആഭാസം ആയി പ്രചരിപ്പിക്കുന്നതില്‍ അവര്‍ വളരെയധികം മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു..ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രം സന്യാസി വര്യന്മാരെ പോസ്റ്ററുകളില്‍ മാത്രം പ്രതിഷ്ഠിച്ചു ,എന്നാല്‍ അവരുടെ ആശയങ്ങളെ കണക്കറ്റു പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ നെറി കേടിനെ തെരുവില്‍ ചോദ്യം ചെയ്യേണ്ട അവസ്ഥ അവര്‍ തന്നെ സൃഷ്ഠിച്ചിരിക്കുന്നു..അര വയറു നിറയാത്തവനെ രക്ത സാക്ഷി ആക്കി , അവന്‍റെ കുടുംബത്തെ കണ്ണീര്‍ കുടിപ്പിച്ചു ഇന്നും പിന്തുടരുന്ന ഈ ചോര ചിന്തുന്ന പിന്തിരിപ്പന്‍ നയങ്ങളെ തൂത്തെറിഞ്ഞു മറ്റൊരു നവോത്ഥാനം കേരളത്തില്‍ ആരംഭിക്കേണ്ട അവസ്ഥയിലേക്ക് ഇന്നത്തെ സമൂഹം വിരല്‍ ചൂണ്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button