Editorial

ഇന്തോ-പാക് സൈനികശക്തി വിലയിരുത്തുമ്പോള്‍: ഒരു യുദ്ധമുണ്ടായാല്‍

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ സമാധാനത്തിന്‍റെ പാതയില്‍, ചര്‍ച്ചയിലൂടെ പരിഹരിക്കുക മാത്രമാണ് ഏറ്റവും നല്ല പ്രായോഗികമാര്‍ഗ്ഗം. പക്ഷേ അപ്പോഴും, അന്താരാഷ്‌ട്ര യുദ്ധമര്യാദകള്‍ക്കൊന്നും വിലകല്‍പ്പിക്കാത്ത പാക് ഭരണകൂടത്തേയും, ഭരണകൂടത്തെ തങ്ങളുടെ ചൊല്പ്പടിക്ക് നിര്‍ത്തുന്ന പാക് പട്ടാളത്തേയും നമ്മള്‍ കരുതിയിരിക്കണം. അതായത്, സൈനികമായ ഒരു ഇടപെടലിന് ഇന്ത്യ സദാസന്നദ്ധരായിരിക്കണം എന്ന്‍ ചുരുക്കം. ഉറി അക്രമണത്തിന് ശേഷം സംജാതമായിരിക്കുന്ന സംഘര്‍ഷാവസ്ഥ പരിഗണിച്ച് ഇരുരാജ്യങ്ങളും തങ്ങളുടെ സൈനികഘടകങ്ങളെ യുദ്ധസജ്ജരാക്കാനുള്ള സാദ്ധ്യതകളാണ് എവിടെയും ചര്‍ച്ചാവിഷയം.

ഈ അവസരത്തില്‍ ഇരുരാജ്യങ്ങളുടേയും സൈനികശക്തിയെപ്പറ്റിയുള്ള ഒരു താരതമ്യം അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ് നടത്തുന്നത്. ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തരായ നാലാമത്തെ സൈനികശക്തിയാണ്. പാകിസ്ഥാന് ആഗോളതലത്തില്‍ 13-ആം സ്ഥാനമാണുള്ളത്.

മിലിട്ടറി ബജറ്റ്: ഇന്ത്യയുടെ മിലിട്ടറി ബജറ്റ് 45.2-ബില്ല്യണ്‍ ഡോളറാണ്. ഇത് ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ സൈനിക ബജറ്റാണ്. പാകിസ്ഥാന്‍റെ സൈനിക ബജറ്റ് ഇന്ത്യയുടെ 1/7 മാത്രമേയുള്ളൂ. 6.31-ബില്ല്യണ്‍ ഡോളര്‍ വരുന്ന പാക് സൈനിക ബജറ്റിന് ലോകത്ത് 33-ആം സ്ഥാനമാണുള്ളത്.

സൈനികശക്തി: കര്‍മ്മനിരതരായ സൈനികഘടകങ്ങള്‍, കരുതല്‍ സൈനികഘടകങ്ങള്‍, പാരാമിലിട്ടറി ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ ആകെ സൈനികശക്തി 47-ലക്ഷത്തിനു മുകളിലാണ്. അമേരിക്ക, റഷ്യ, ചൈന എന്നീ വന്‍ശക്തികള്‍ മാത്രമാണ് സൈനികശക്തിയില്‍ ഇന്ത്യയ്ക്ക് മുകളിലുള്ളത്. പാകിസ്ഥാന്‍റെ മൊത്തം ലേബര്‍ഫോഴ്സിന്‍റെ എണ്ണം 14-ലക്ഷമാണ്. ഇന്ത്യയുടെ 1/3-മാത്രം വരുന്ന ഈ ഫോഴ്സിന് ലോകത്ത് 10-ആമത് സ്ഥാനമാണുള്ളത്.

എയര്‍ക്രാഫ്റ്റുകളുടെ എണ്ണം: ഇന്ത്യയുടെ കൈവശം 2086 എയര്‍ക്രാഫ്റ്റുകള്‍ ആണ് ഉള്ളത്. വ്യോമപ്രതിരോധരംഗത്ത് ഇത് ഇന്ത്യയ്ക്ക് നാലാം സ്ഥാനം നല്‍കുന്നു. ഇതില്‍ യുദ്ധവിമാനങ്ങളും, ബോംബറുകളും, അറ്റാക്ക് എയര്‍ക്രാഫ്റ്റുകളും എല്ലാം ഉള്‍പ്പെടും.

923-എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമായുള്ള പാകിസ്ഥാന് ലോകത്ത് 11-ആം സ്ഥാനമുണ്ട്.

യുദ്ധടാങ്കുകളുടെ എണ്ണം: ഇന്ത്യയുടെ കൈവശമുള്ളത് ആകെ 6464 യുദ്ധടാങ്കുകളാണ് (ലോകത്ത് 4-ആം സ്ഥാനം). ലോകത്ത് 10-ആം സ്ഥാനത്തുള്ള പാകിസ്ഥാന് 2924 യുദ്ധടാങ്കുകളാണ് സ്വന്തമായുള്ളത്.

മിലിട്ടറി സാറ്റലൈറ്റുകള്‍‍: സൈനിക ആവശ്യങ്ങള്‍ക്ക് ഉപയുക്തമായ 5 സാറ്റലൈറ്റുകള്‍ (ജിസാറ്റ്, റിസാറ്റ്, കാര്‍ട്ടോസാറ്റ് സീരിസ്) ഇന്ത്യയ്ക്ക് സ്വന്തമായി ഉള്ളപ്പോള്‍ പാകിസ്ഥാന്‍റെ മിലിട്ടറി സാറ്റലൈറ്റുകളുടെ എണ്ണം “പൂജ്യ”മാണ്. ലോകത്ത് സ്വന്തമായി 1 മിലിട്ടറി സാറ്റലൈറ്റെങ്കിലും ഉള്ള 18-രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.

നാവികകപ്പലുകളുടെ എണ്ണം: ഇന്ത്യയ്ക്ക് സ്വന്തമായി ഉള്ള നേവിഷിപ്പുകളുടെ എണ്ണം 295 ആണ്. ലോകത്ത് 7-ആം സ്ഥാനത്തുള്ള ഇന്ത്യയുടെ പുറകില്‍ 11-ആം സ്ഥാനത്ത് നില്‍ക്കുന്ന പാകിസ്ഥാന്‍റെ കൈവശം 197 നേവിഷിപ്പുകളാണുള്ളത്.

മുങ്ങിക്കപ്പലുകളുടെ എണ്ണം: സബ്മറൈന്‍ ശക്തിയില്‍ ലോകത്ത് 8-ആം സ്ഥാനം സ്വന്തമായുള്ള ഇന്ത്യയ്ക്ക് 13 സബ്മറൈനുകള്‍ സ്വന്തമായുണ്ട്. 16-ആം സ്ഥാനത്തുള്ള പാകിസ്ഥാന്‍റെ കൈവശം 5 സബ്മറൈനുകളാണുള്ളത്.

ഡെസ്ട്രോയറുകള്‍: 11 ഡെസ്ട്രോയറുകള്‍ സ്വന്തമായുള്ള ഇന്ത്യ ഈ രംഗത്ത് ലോകത്തില്‍ 6-ആം സ്ഥാനം കയ്യാളുന്നു. 1 ഡെസ്ട്രോയര്‍ മാത്രം കൈവശമുള്ള പാകിസ്ഥാന് 19-ആം സ്ഥാനമാണുള്ളത്.

ആണവ മുങ്ങിക്കപ്പലുകള്‍: രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ (ഐഎന്‍എസ് അരിഹന്ത്, ഐഎന്‍സ് അരിദ്ധമാന്‍ (നിര്‍മ്മാണത്തില്‍)) സ്വന്തമായുള്ള ഇന്ത്യ ആണവ മുങ്ങിക്കപ്പലുകള്‍ കൈവശമുള്ള 6 രാജ്യങ്ങളില്‍ ഒന്നാണ്. പാകിസ്ഥാന്‍റെ പക്കല്‍ ആണവ മുങ്ങിക്കപ്പലുകള്‍ ഒന്നു പോലും ഇല്ല.

ആണവായുധങ്ങള്‍: ആണവായുധങ്ങളുടെ എണ്ണത്തില്‍ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയോട് തുല്ല്യത അവകാശപ്പെടാവുന്നത്. രണ്ടു രാജ്യങ്ങള്‍ക്കും സ്വന്തമായി 90-110 ആണവായുധങ്ങള്‍ സ്വന്തമായുണ്ട്. ഇത് ലോകത്ത് ആറാം സ്ഥാനം നല്‍കുന്നു ഇരുരാജ്യങ്ങള്‍ക്കും.

നേരിട്ടൊരു യുദ്ധമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കുക മാത്രമാണ് ഇന്ത്യയോട് പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന് പയറ്റാവുന്ന ഏകഅടവ്. ബാക്കി എല്ലാ സൈനികമേഖലകളിലും ഇന്ത്യന്‍ സൈനികശക്തി പാകിസ്ഥാനേക്കാള്‍ കാതങ്ങള്‍ മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button