രാഷ്ട്രത്തേയും ജനങ്ങളേയും മറന്നുള്ള രാഷ്ട്രീയഅന്ധത ആത്മഹത്യാപരം

361

പണ്ടൊക്കെ “തീവ്രവാദം” എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഏതൊരു ശരാശരി മലയാളിയുടെയും മനസ്സില്‍ ഓടിയെത്തിയിരുന്ന രൂപം ലാദന്റെയും താലിബാനി അഫ്ഗാനികളുടെയുമായിരുന്നു..എന്നാല്‍ ഇന്നോ നാഴികകള്‍ ഇടവിട്ടുള്ള വാര്‍ത്താവിശകലനങ്ങളില്‍ തീവ്രവാദമെന്ന വാക്ക് കേട്ട് നമ്മുടെ കാതുകള്‍ തഴമ്പിച്ചു…ഒപ്പം ഏതു മലയാളിയാണ് പുതിയ തീവ്രവാദപട്ടം നേടിയവനെന്നു നോക്കാന്‍ വേണ്ടി മാത്രം ആ വാര്‍ത്താശകലങ്ങളിലേക്ക് നോക്കാന്‍ നമ്മള്‍ ശീലിക്കുകയും ചെയ്തു..മലയാളമണ്ണില്‍ മതതീവ്രവാദം ആഴത്തില്‍ വേരോടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി..കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയും തടിയന്‍റ്റവിട നസീറുമൊക്കെ ദേശസ്നേഹം മൂത്ത് ജയിലിലായവരോ സ്വാതന്ത്ര്യസമരസേനാനികളോ അല്ലായെന്നു കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം..ഇന്നലെ ഇടതുപക്ഷപാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ നിന്നും മതതീവ്രവാദത്തിന്റെ പേരില്‍ അഞ്ചുപേര്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റില്‍ ആവുക കൂടി ചെയ്തതോടെ ദൈവത്തിന്റെ സ്വന്തം നാട് തീവ്രവാദികളുടെ സ്വന്തം നാടായി മാറിതുടങ്ങുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ നമ്മള്‍ അംഗീകരിച്ചേ മതിയാകൂ..

എന്ത് കൊണ്ട് വീണ്ടും കണ്ണൂര്‍??ഏറെ ചിന്തിക്കേണ്ട ഒരു വിഷയമാണിത്..പാര്‍ട്ടിഗ്രാമങ്ങള്‍ക്ക് പേരുകേട്ട കണ്ണൂരില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ തീവ്രവാദം ശക്തമായി വേരോടണമെങ്കില്‍ ഒരൊറ്റ കാരണമേയുള്ളൂ..ഫാസിസ്റ്റ് ശക്തിയെന്ന് അപരനാമം ചാര്‍ത്തപ്പെട്ട സംഘപരിവാറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള “രാഷ്ട്രീയവൈരത്തെ” തീവ്രവാദം വളര്‍ത്താനുള്ള വളക്കൂറുള്ള മണ്ണായി മതതീവ്രവാദികള്‍ ഏറ്റെടുത്തുപോയി..മറ്റുള്ളവന്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരസ്പരം ചുരിക വീശി മരണം വരിച്ചിരുന്ന ധീരന്മാരായ ചേകവന്മാരുടെ നാടാണ് കണ്ണൂര്‍ ..കണ്ണൂര്‍കാര്‍ എന്നും അങ്ങനെയായിരുന്നു. എന്തിനെയും അങ്ങേയറ്റം തീവ്രതയോടെ കാണുന്നവര്‍. അത് ചിന്താധാരയാകട്ടെ, പ്രസ്ഥാനമാകട്ടെ, വിചാരവികാരങ്ങളാകട്ടെ, തീവ്രതയുടെ അങ്ങേയറ്റത്ത് കാണുന്ന കണ്ണൂരുകാരുടെ ഈ മനോധാരയെ എന്നും ചൂഷണം ചെയ്തിരുന്നവരാണ് ഭരണകര്‍ത്താക്കള്‍..ഇതേ മനോധാരയുടെ വിളഭൂമിയെ ചൂഷണം ചെയ്ത പുതിയ കര്‍ഷകരാണ് മതതീവ്രവാദികള്‍..

മാർക്സിസ്റ്റുകൾ തീവ്രവാദത്തെ “പക്ഷം നോക്കാതെ” എതിർക്കുന്നവരാണെന്നും, അതിനുള്ള ആർജ്ജവം അവർക്കു മാത്രമേയുള്ളൂവെന്നുമൊക്കെയുള്ള ധാരണയാണ് പരക്കെ പൊതുജനങ്ങള്‍ക്കിടയില്‍ ഉള്ളത്. എന്നിട്ടും എന്തുകൊണ്ട് വീണ്ടും വീണ്ടും കണ്ണൂരില്‍ തന്നെ തീവ്രവാദത്തിന്റെ മുള്ളുകള്‍ തറയ്ക്കുന്നു.. മാർക്സിസ്റ്റുകളുടെ തട്ടകമായ കണ്ണൂരിൽ നിന്നു തന്നെയാണ് തീവ്രവാദബന്ധമുള്ളവർ ഏറെയും കുടുങ്ങിയിരിക്കുന്നത് എന്ന വസ്തുത മുന്നോട്ടു വയ്ക്കുന്ന പ്രകടമായ സൂചനകൾ ഈ ധാരണയെ തകിടം മറിക്കുന്നതല്ലേ?? എന്തുകൊണ്ട് മുസ്ലീം ലീഗിന്റെ തട്ടകമായ മലപ്പുറം ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് ഇടനിലമാവുന്നില്ല?? മൂവാറ്റുപുഴയിലെ കൈവെട്ട് സംഭവത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടിന്റെയും സഹോദര സംഘടനകളുടെയും ആപ്പീസുകൾ റെയ്ഡ് ചെയ്യുന്നതിനെ അതിന്റെ നേതാക്കൾ ചോദ്യം ചെയ്തത് പോലും കണ്ണൂരിൽ കൊല നടക്കുമ്പോൾ സി.പി.എം. ആപ്പീസുകൾ റെയ്ഡ് ചെയ്യാറില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടാണ്. പോപ്പുലർ ഫ്രണ്ട് ആസ്ഥാനങ്ങളില്‍ നിന്ന് ആയുധങ്ങൾ പിടിച്ചതിനെക്കുറിച്ച് അവർക്ക് പറയാനുള്ളതും കണ്ണൂരിലെ സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും പാര്‍ട്ടി ഓഫീസുകളില്‍ പരിശോധിച്ചാലും ആയുധങ്ങൾ കിട്ടുമെന്നായിരുന്നു…

മതതീവ്രവാദത്തിന്റെ വേരുകള്‍ ശക്തമായി കേരളമണ്ണില്‍ വേരോടിയത് 1992ലെ ബാബറി മസ്ജിദ്‌ സംഭവത്തിനു ശേഷമായിരുന്നു. പള്ളി തകര്‍ത്തത്തിനെതിരെയുള്ള മുസ്ലീം വികാരമാണ് തീവ്രവാദസ്വഭാവമുള്ള പല സംഘടനകളെയും ശക്തമായി വളര്‍ത്തിയ പ്രധാന ഘടകം. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി മുസ്ലീം ലീഗിനുള്ള സഖ്യമാണ് ഈ വിഷയത്തില്‍ ലീഗിന്റെ മൃദുസമീപനത്തിന്റെ കാരണമെന്ന് മനസ്സിലാക്കിയ ഇത്തരം സംഘടനകള്‍ ലീഗുമായി അകലം പ്രാപിച്ചു. ലീഗ്‌വിരുദ്ധത ഇത്തരം മതതീവ്ര സംഘടനകളെ സി.പി.എമ്മിനോട് അടുക്കാൻ പ്രേരിപ്പിച്ചു. ഈ അവസരം വോട്ടുബാങ്ക് ലക്‌ഷ്യം വച്ച ഇടതുപക്ഷം നന്നായി മുതലെടുക്കുകയും ചെയ്തു. ഇറാഖ്, പലസ്തീൻ തുടങ്ങിയ പ്രശ്നങ്ങൾ മുസ്ലിങ്ങളിൽ ജനിപ്പിച്ച അമേരിക്കൻ വിരുദ്ധതയെ ഇടതുപക്ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി കൂട്ടിയിണക്കി. സദ്ദാംഹുസൈനു ധീരരക്ത സാക്ഷിയുടെ പരിവേഷം നല്കാന്‍ ഇടതുപക്ഷം ഒട്ടും അമാന്തിച്ചില്ല.. മതസംബന്ധിയായ എന്തിനോടുമെതിരെ മാർക്സിസ്റ്റുകൾ കാണിക്കുന്ന ശൌര്യം ഹൈന്ദവമായവയ്ക്കാണു എന്നും ബാധകമായിക്കാണാറുള്ളത്. അത് ഇന്നും അങ്ങനെ തന്നെയല്ലേ? ബീഫ് ഫെസ്റ്റ് നടത്താന്‍ ധൈര്യം കാണിച്ച പാര്‍ട്ടി എന്ത് കൊണ്ട് അതേ ആശയത്തിലൂന്നി ഒരു പോര്‍ക്ക്‌ ഫെസ്റ്റ് നടത്താന്‍ ധൈര്യപ്പെട്ടില്ല? ഈ ഹിന്ദുത്വവിരുദ്ധ നിലപാടിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് മതതീവ്രവാദികള്‍ ആയിരുന്നു. ഇസ്ലാം മതം ഹൃദയത്തില്‍ സ്വീകരിച്ച ഒരു മുസല്‍മാനും പറയില്ല ഭാരതം അവര്‍ക്ക് നരകമാണെന്ന്. അഞ്ചു നേരം നിസ്കാരം ചെയ്യുന്ന യഥാര്‍ത്ഥ മുസല്‍മാനു അറിയാം കേരളത്തിന്റെ മതസാഹോദര്യം ..

തെരഞ്ഞെടുപ്പിൽ ജയിക്കാൻ വിഭാഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുന്ന നയമായിരുന്നു എന്നും എൽ.ഡി.എഫും യു.ഡി. എഫും പിന്തുടര്‍ന്നുപോന്നത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ സൂത്രധാരന്‍ മദനിക്ക് ഗാന്ധിയന്‍ പരിവേഷം പോലും ഇടക്കാലത്ത് ഇരുപാര്‍ട്ടികളും നല്കിയിരുന്നു.. ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് മ്‌അദനി ജയിലിൽ കഴിയുമ്പോൾ രണ്ടു മുന്നണികളും ചേർന്ന് അദ്ദേഹത്തിന് നീതി ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസാക്കിയതിനും കേരളം സാക്ഷിയായി.. സഹജീവിസ്നേഹവും നീതിബോധവും കൊണ്ടായിരുന്നുവോ ഇരുമുന്നണികളും മദനിക്ക് വേണ്ടി വാദിച്ചത്?? വെറും സ്വാര്‍ത്ഥരാഷ്ട്രീയലാഭം മാത്രമായിരുന്നു അതിന്റെ പിന്നിലെന്നു ഇരു രാഷ്ട്രീയപാര്‍ട്ടിയിലും അന്ധമായി വിശ്വസിക്കാത്ത ഏതൊരു ശരാശരി മലയാളിക്കും മനസ്സിലാവുന്ന കാര്യമല്ലേ???

കേരളീയര്‍ക്ക്, പ്രത്യേകിച്ച്, കണ്ണൂരുകാര്‍ക്ക് ഇപ്പോഴത്തെ ഈ അറസ്റ്റ് അത്രയേറെ അപ്രതീക്ഷിതവും അത്ഭുതാവഹവും ഒന്നും തന്നെയല്ല. എത്രയോ നാളുകളായി നമുക്കു സൂചനകൾ ലഭിച്ചുകൊണ്ടിരുന്നതാണ്. എത്രയോ സംഭവവികാസങ്ങള്‍ക്ക്‌ നമ്മള്‍ സാക്ഷ്യം വഹിച്ചവരാണ്. ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന പല സംഘടനകളുടെയും തീവ്രവാദസ്വഭാവം എത്രയോ തവണ വെളിച്ചത്തു വന്നതാണ്. നമുക്കിടയില്‍ തന്നെയുള്ള തീവ്രവാദികളെ എത്രയോ വട്ടം നമ്മള്‍ തിരിച്ചറിഞ്ഞതുമാണ്. എന്നിട്ടും നമ്മള്‍ എന്ത് ചെയ്തു? നമ്മുടെ പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളും ഭരണകര്‍ത്താക്കളും എന്ത് ചെയ്തു?? ഇത്തരം മതതീവ്രസംഘടനയ്ക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ ഇവിടുത്തെ ഭരണവര്‍ഗ്ഗത്തിനായോ?? കേന്ദ്ര ഏജന്‍സി പലവട്ടം സംസ്ഥാനസര്‍ക്കാരിനു നല്‍കിയ എല്ലാ മുന്നറിയിപ്പുകളെയും സമുദായവിരുദ്ധമായി ചിത്രീകരിച്ചു, സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി, തീവ്രവാദികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കാനല്ലേ ഇരുമുന്നണികളും എന്നും ശ്രമിച്ചത്??

എന്നും തീവ്രവാദത്തിന്റെ ആശയങ്ങള്‍ ശക്തമായി എഴുതിയിരുന്ന തേജസ്സ് ദിനപത്രത്തിനെതിരെ കോടതിയലക്ഷ്യക്കേസ് വന്നപ്പോൾ അവർക്കുവേണ്ടി അഭിഭാഷകനായി എത്തിയത് സി.പി.എമ്മിന്റെ തന്നെ ഔദ്യോഗിക എം.പിയായിരുന്ന ശ്രീ. സെബാസ്റ്റ്യൻ പോളായിരുന്നു. ഇന്ന് കനകമലയില്‍ അറസ്റ്റിലായ ഒരാള്‍ അതേ തേജസ്‌ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത് അറിയാതെയെങ്കിലും ഇത്തരക്കാര്‍ക്ക് മറപിടിക്കേണ്ടി വരുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ തന്നെയാണ്. കാക്കി ട്രൗസര്‍ ഇട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പട്ടാളച്ചിട്ടയിൽ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ ചാനലുകൾ ആവർത്തിച്ചു കാണിച്ചിരുന്നപ്പോള്‍ ആ ദൃശ്യങ്ങളില്‍ അപകടം മണക്കാത്തവരായിരുന്നു നമ്മുടെ മാധ്യമസമൂഹം.. മാര്‍ച്ചുകളില്‍ പോലും ഇത്തരം സംഘടനകള്‍ മാതൃകയാക്കിയത് ആര്‍ എസ് എസിനെയും സി പി എമ്മിനെയും ആയിരുന്നു.. ചുരുക്കത്തിൽ പൊതുമണ്ഡലത്തെ മലിനമാക്കുന്ന വിഭാഗീയ പ്രസ്ഥാനങ്ങളൊക്കെ സഞ്ചരിക്കുന്നത് മുഖ്യധാരാ പ്രസ്ഥാനങ്ങൾ വെട്ടിത്തെളിച്ച പാതയിലൂടെ തന്നെയെന്നതാണ് പരമമായ സത്യം..

നമ്മുടെ കേരളത്തില്‍ നിലനിന്നുപോന്ന, അഥവാ ഇന്നും നിലവിലുള്ള രാഷ്ട്രീയസാഹചര്യമാണ് തീവ്രവാദം ഇത്ര വളരാന്‍ കാരണമായതെന്ന് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. വോട്ടുബാങ്കുകൾ നൽകുന്ന പ്രലോഭനത്തെ അതിജീവിക്കത്തക്ക ആര്‍ജ്ജവമുള്ള എത്ര രാഷ്ട്രീയനേതാക്കള്‍ ഇന്ന് നമുക്കുണ്ട്?? കേരളത്തില്‍ വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടികൂടില്ലെന്ന ഉറച്ച നിലപാടെടുടത്ത ഇ.എം.എസ്സിന്റെ കാലത്തെ സി.പി.എം. പിന്നീട്‌ സഞ്ചരിച്ച ഒരു ദിശ നോക്കൂ..അറിയാതെയെങ്കിലും വര്‍ഗ്ഗീയ വിധ്വംസക ശക്തികളുടെ വളര്‍ച്ചയ്ക്ക് അവരും കാരണമായി തീര്‍ന്നിട്ടുണ്ട് .

കേന്ദ്ര ഏജന്‍സിയുടെ കനകമലയിലെ അറസ്റ്റോടെ പരസ്പരം പഴിചാരുന്ന ഇടതുവലതുമുന്നണികൾ സത്യത്തിൽ സ്വന്തം മുഖത്തുതന്നെയാണു ചെളി വാരി എറിയുന്നത്!! നിങ്ങള്‍ നിങ്ങളില്‍ തന്നെ ആത്മപരിശോധന നടത്തി നോക്കൂ..അപ്പോള്‍ സ്വന്തം മനസാക്ഷിയുടെ കണ്ണാടിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്‌ നിങ്ങളെ തന്നെയല്ലേ??