NewsEditorial

രാഷ്ട്രീയ കൊലപാതക പരമ്പര: എന്തിന് വേണ്ടിയെന്ന് ആര്‍ക്കും ഉത്തരമില്ല: നാട്ടുകാരുടെ കണ്ണ് നനയിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണങ്ങളിലേയ്ക്കിറങ്ങി ചെല്ലുമ്പോള്‍ ആരുടെ മനസ്സിലും ചോദിയ്ക്കുന്ന ചോദ്യമാണ് ആര്‍ക്കു വേണ്ടി, എന്തിന് വേണ്ടിയാണ് കൊലനടത്തുന്നത്. ഈ ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. കൊണ്ടും കൊടുത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നേറുമ്പോള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ് അവിടത്തെ ജനങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരോ രക്തസാക്ഷികളെ സമ്മാനിക്കുമ്പോള്‍ ഒരു കുടുംബത്തിന് നഷ്ടമാകുന്നത് ആ കുടുംബത്തിന്റെ ആണിക്കല്ലാണ്. ഇത് മനസിലാക്കിയവരാണ് ഇവിടുത്തെ ജനങ്ങള്‍. ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സമാധാന യോഗം വിളിച്ചുകൂട്ടണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാല്‍ കണ്ണൂരില്‍ കലാപഭീതി ഉയര്‍ന്ന സാഹചര്യത്തില്‍ ഭരണനേതൃത്വം നിസ്സംഗമായെന്ന് ആക്ഷേപമുയരുന്നു. കണ്ണൂരില്‍ സമാധാനം കൈവരുത്തുന്നതിന് മുഖ്യമന്ത്രി നേരിട്ടിടപെട്ട് സമാധാനയോഗം വിളിക്കണമെന്ന് എല്ലാ കോണില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും അതിനോട് പ്രതികരിക്കാതിരിക്കുകയാണ് നേതൃത്വം. സര്‍വകക്ഷി സമാധാനയോഗം വിളിച്ചുചേര്‍ക്കണമെന്ന ജനകീയ ആവശ്യം ജില്ലാ ഭരണകൂടം അറിയിച്ചിട്ടും നടപടിയില്ല.

തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പിണറായിയില്‍ വിജയാഹ്ലാദ പ്രകടനം നടക്കുമ്പോള്‍ ഉണ്ടായ അക്രമമാണ് സംഭവപരമ്പരയിലെ ആദ്യത്തേത്. ആ സംഭവത്തില്‍ കൊലപാതക കുറ്റത്തിന് ആര്‍.എസ്.എസ്സുകാരായ പ്രതികള്‍ അറസ്റ്റിലായി. ജില്ലയുടെ തെക്കന്‍ മേഖല പോലെ തുടര്‍ച്ചയായ അക്രമത്തിന്റെ കേന്ദ്രമായിരുന്നില്ല ഒരിക്കലും പയ്യന്നൂര്‍ പ്രദേശം. പയ്യന്നൂര്‍ കുന്നരുവില്‍ സി.പി.എം. പ്രവര്‍ത്തകനെ വീട്ട് മുറ്റത്തിട്ട് കൊല ചെയ്തതോടെ പയ്യന്നൂരും പകയുടെ കേന്ദ്രമായി. സി.പി.എം.പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട് രണ്ട് മണിക്കൂറിനകം വീട്ടിനകത്തിട്ടാണ് അന്നൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലചെയ്തത്.

പിണറായിയിലെ ആദ്യ സംഭവത്തിലെന്നപോലെ പയ്യന്നൂരിലും പരക്കെ വീടാക്രമണവും സ്ഥാപനങ്ങള്‍ തകര്‍ക്കലും നടന്നു. നിയമവ്യവസ്ഥ നിലനില്‍ക്കുന്ന സ്ഥലമാണെന്ന തോന്നലേയില്ലാതെയാണ് അക്രമങ്ങള്‍ തുടര്‍ന്നത്. പയ്യന്നൂരില്‍ ഇത്രയും ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടായിട്ടും ഭീതി നിറഞ്ഞുനിന്നിട്ടും ഭരണ നേതൃത്വം സമാധാന യോഗം വിളിക്കാന്‍ പോലും തയ്യാറായില്ല.

പയ്യന്നൂരില്‍ നിന്ന് അക്രമസംഭവങ്ങള്‍ തില്ലങ്കേരി, മുഴക്കുന്ന് മേഖലയിലേക്കാണ് പിന്നീട് വ്യാപിച്ചത്. പരസ്പരം ആക്രമണങ്ങളും ബോംബേറും ഊഴമിട്ടുനടക്കുന്ന അനുഭവമാണുണ്ടായത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്നുവെന്ന വാര്‍ത്തയും പരന്നു

കൂത്തുപറമ്പിനടുത്ത് കോട്ടയംപൊയിലില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മരിച്ചു. വീട്ടില്‍ സൂക്ഷിച്ച ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് കേസ്.
ഈ സംഭവങ്ങളെല്ലാമുണ്ടായപ്പോള്‍ ജില്ലാ ഭരണകൂടം പോലും സാധാരണയായി നടത്താറുള്ളതുപോലുള്ള സമാധാന ശ്രമങ്ങളുമായി മുന്നോട്ടുവന്നില്ല. കളക്ടര്‍ സമാധാന യോഗം വിളിച്ചെങ്കിലും അതിന്റെ തീരുമാനപ്രകാരം പ്രാദേശികതലത്തില്‍ യോഗം ചേര്‍ന്നില്ല. ഫലം തില്ലങ്കേരി, മുഴക്കുന്ന് ഭാഗങ്ങളിലെ അക്രമം തുടരുന്നതിനൊപ്പം കൂത്തുപറമ്പ്, കണ്ണവം, തൊക്കിലങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലേക്കും അക്രമം വ്യാപിച്ചു. അക്രമമൊന്നും അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം.ലോക്കല്‍ കമ്മിറ്റി അംഗത്തെ ജോലിസ്ഥലത്തുകയറി വെട്ടിക്കൊന്നു. അതിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ നാട്ടില്‍ പിണറായിയില്‍ പട്ടാപ്പകല്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.

കൂത്തുപറമ്പ് മേഖലയിലാകെ വീടുകള്‍ക്ക് നേരെ അക്രമം നടക്കുന്നു. തലശ്ശേരിയിലെ ചില സ്ഥലങ്ങളിലും വീടാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ജില്ലാ ഭരണകൂടത്തിന് ചെയ്യാന്‍ കഴിയുന്നതിനും എത്രയോ അപ്പുറമാണ് കണ്ണൂരിലെ പ്രശ്‌ന പരിഹാരം. പോലീസ് മാത്രം വിചാരിച്ചാല്‍ സമാധാനമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ഉത്തരമേഖലാ ഐ.ജി. ദിനേന്ദ്ര കാശ്യപിന്റെ പ്രതികരണം.

മുഖ്യമന്ത്രി ഇടപെട്ട് ഉന്നതതല സമാധാന യോഗം നടത്തുകയും അതനുസരിച്ചുള്ള നടപടികള്‍ മുഖംനോക്കാതെ സ്വീകരിക്കുകയും ചെയ്താല്‍ താത്കാലികമായെങ്കിലും സമാധാനം കൈവരിക്കാനാകുമെന്നതാണ് കണ്ണൂര്‍ക്കാരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button