News Story

ബന്ധുക്കൾ ശത്രുക്കളാകുമ്പോൾ… പടിയിറങ്ങിയത് കണ്ണൂരിലെ പാർട്ടിയുടെ കരുത്തും,പിണറായിയുടെ വലം കയ്യും

സുജാതാ ഭാസ്കര്‍ 

ഏത് വിവാദക്കൊടുങ്കാറ്റിലും പതറാത്ത, ഒന്നിനേയും കൂസാത്ത കണ്ണൂരിന്റെ കരുത്തനായ നേതാവ് അതായിരുന്നു ഇ പി ജയരാജൻ.എന്നും വിവാദങ്ങളുടെ കളിത്തോഴൻ.മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈ, പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ഇ.പി ജയരാജന്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമായത്.ഉന്നതപദവികളിലിരിക്കെയാണ് ഇപി ജയരാജനെതിരെ വീണ്ടും പാര്‍ട്ടി നടപടി വരുന്നത്.

വിവാദ വ്യവസായി ഫാരിസ് അബൂബേക്കറിൽ നിന്ന് 62 ലക്ഷം രൂപ സംഭാവന വാങ്ങിയതും, ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനിക്കായി രണ്ട് കോടി രൂപയുടെ ബോണ്ട് സ്വീകരിച്ചതും പാർട്ടിക്ക് ഇന്നും പഴി ആണ്. ദേശാഭിമാനിയിൽ നിന്ന് സ്ഥാനം നഷ്ടമാകുകയും ശാസന നേരിടുകയും ചെയ്ത ഇ പി വീണ്ടും തിരിച്ചു വന്നതിനു ശേഷം പത്രത്തിന്റെ സ്ഥലം വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് കൈമാറി വീണ്ടും വിവാദത്തിലേക്ക്.വിശ്വസ്തനെ സംരക്ഷിക്കാന്‍ പിണറായിയും അമിത താത്പര്യം കാട്ടാതിരുന്നതോടെ അഴിമതി വിരുദ്ധ പ്രചരണം നടത്തി അധികാരത്തിലേറിയ സര്‍ക്കാരില്‍ മധുവിധുകാലത്തു തന്നെ ആദ്യ അഴിമതി രാജിയും നേരിടേണ്ടി വന്നു.

വിഭാഗീയതയുടെ കാലത്ത് ഒറ്റക്കെട്ടായി നിന്ന കണ്ണൂര്‍ ലോബിക്കുള്ളില്‍ ബന്ധുനിയമന വിവാദത്തില്‍ പെട്ട മന്ത്രി ഇപി ജയരാജനെ സംരക്ഷിക്കുന്നതിന് പക്ഷെ ഏകാഭിപ്രായമായിരുന്നില്ല.ജയരാജനെ ഒഴിവാക്കി മന്ത്രിസഭയുടെ പ്രതിശ്ചായ കൂട്ടി മാതൃക കാട്ടണമെന്ന ആവശ്യത്തിനായിരുന്നു മുന്‍തൂക്കം.പാര്‍ട്ടിയെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഇ.പി. ജയരാജനു രണ്ടാംനിര നേതാക്കളാരും രക്ഷയ്ക്കു വന്നിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.പാർട്ടിക്കുള്ളിലെ പുരോഗമന വാദി കൂടിയായിരുന്നു ഇ പി.പിണറായിയുടെ കാലത്ത് പാര്‍ട്ടി സെക്രട്ടറിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായിനിന്ന ജയരാജന്‍ പാര്‍ട്ടിയില്‍ അനിഷേധ്യന്‍ ആയിരുന്നു. പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായെങ്കിലും ആരോപണത്തിന്റെ കുടുക്കിൽ നിന്ന് ജയരാജനെ ഊരിയെടുക്കാൻ പിണറായിക്കായില്ല.

എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത് എത്തി. ഡി.വൈ.എഫ്.ഐ പ്രഥമ അഖിലേന്ത്യാ പ്രസിഡന്‍റ്. ദീര്‍ഘകാലം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു. 1991ല്‍ അഴീക്കോട് നിന്നാണ് ആദ്യം നിയമസഭയിലെത്തിയത്. കണ്ണൂര്‍ സിപിഎമ്മില്‍ എന്നും തന്റേതായ സ്ഥാനം നിലനിര്‍ത്തിയ നേതാവാണ് ഇ.പി ജയരാജന്‍.കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായി പ്രവര്‍ത്തിക്കവേ 1995ല്‍ ചണ്ഡീഗഡിൽ നടന്ന 15-ആം പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങവേ തീവണ്ടിയില്‍ വെച്ച്‌ വാടകക്കൊലയാളികളുടെ വെടിയേറ്റു. കഴുത്തിൽ തെരഞ്ഞ വെടിയുണ്ട എടുത്താൽ ജീവന് അപകടമാണെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ഇപ്പോഴും വെടിയുണ്ടയുമായി മുന്നോട്ട്. പിണറായി ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു കൊലയാളികളുടെ ലക്‌ഷ്യം.ഈ കേസില്‍ എം വി രാഘവന്‍, കെ സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.

കടുത്ത പിണറായി പക്ഷക്കാരൻ. വിഎസ് പക്ഷനിരയെ വെട്ടാനും പിണറായിക്കൊപ്പം ഇപിയുണ്ടായിരുന്നു.ആ അടുപ്പം തന്നെയാണ് ഇപിയെ മന്ത്രിസഭയിലെ രണ്ടാമനാക്കിയത്.കണ്ണൂരിലെ മൂന്ന് ജയരാജന്മാരില്‍ ഒന്നാമന്‍ തന്നെയാണ് ഇ പി ജയരാജൻ. മട്ടന്നൂരില്‍നിന്ന് രണ്ടാംവട്ടവും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ജയിച്ചു വന്നത്. മണ്ഡലത്തിലേക്ക് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങൾ കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുള്ള തങ്ങളുടെ എംഎല്‍എ മന്ത്രിസ്ഥാനം രാജിവച്ചതില്‍ നിരാശയിലാണ് മട്ടന്നൂരുകാര്‍.
ആരോപണങ്ങളുടെ രീതിയിലാണെങ്കിലും വഴിവിട്ട നിയമനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. എന്നാല്‍, പാര്‍ട്ടിക്കാരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വിവിധ പദവികളില്‍ നിയമിച്ചതിനെയും ബന്ധുനിയമനത്തെയും വേറിട്ടുകാണേണ്ടതുണ്ടെന്നു നേതൃത്വം കരുതുന്നു.

വ്യവസായ മന്ത്രിയുടെ മകനും ദേശാഭിമാനി മുന്‍ജീവനക്കാരനും ചേര്‍ന്നാണു കോഴനിയമനങ്ങള്‍ക്കു കരുനീക്കിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇതിന്റെ മറവില്‍ മറിഞ്ഞതു ലക്ഷങ്ങള്‍.വിവരങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണു കാര്യങ്ങള്‍ ജയരാജന്റെ കൈവിട്ടുപോയത്. ഇടതുപക്ഷത്തെ അനുകൂലിക്കുന്ന സൈബര്‍ പോരാളികള്‍ പോലും കൈവിട്ടതോടെ സൈബര്‍ ലോകത്തും ജയരാജനു രക്ഷയില്ലാതായി.ബന്ധുസ്നേഹം മൂത്ത് വിവാദത്തില്‍ കുടുങ്ങി ജയരാജന്‍ രാജിവെക്കുമ്പോള്‍ സിപിഎമ്മില്‍ അത് പുതിയ അന്ത:ച്ഛിദ്രങ്ങള്‍ക്ക് ഇടയാക്കുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്.

ബന്ധുവായ സുധീർ നമ്പ്യാരുടെ നിയമനമാണ് ജയരാജനെ കുരുക്കിൽ കൊണ്ടെത്തിച്ചത്. സുധീർ എന്നും വിവാദങ്ങളുടെ തോഴനും.ഇ പി ജയരാജന്റെ ഭാര്യയുടെ ചേച്ചിയായ പി കെ ശ്രീമതി എംപിയുടെ മകന്‍ പി കെ സുധീറിന്റെ പേരിൽ മുൻപും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉടമകള്‍ക്കു വേണ്ടി 300 ഏക്കര്‍ കറുവാത്തോട്ടം കൃത്രിമം കാണിച്ചു വെളിപ്പിക്കാന്‍ ഒത്താശ ചെയ്തെന്ന ആരോപണം നിലനിൽക്കുന്നുമുണ്ട്.നേരത്തെ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നടത്തുന്ന പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന ആരോപണം സുധീറിനെതിരായി ഉയര്‍ന്നിട്ടുണ്ട്. ബന്ധുക്കൾ ശത്രുക്കളായപ്പോൾ പൊലിഞ്ഞത് ഇ പിയുടെ മന്ത്രിസ്ഥാനം ആണെന്നത് ശ്രദ്ധേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button