NewsInternational

മൊസൂളില്‍ സഖ്യസേന മുന്നേറുന്നു: സ്ത്രീകളേയും കുട്ടികളേയും മറയാക്കി ഭീകരര്‍

മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ് ഭീകരരില്‍നിന്ന് ഇറാഖിലെ മൊസൂള്‍ നഗരം തിരിച്ച്‌ പിടിക്കാനുള്ള ഇറാഖി സൈന്യത്തിന്റെയും സഖ്യസേനയുടെയും ശ്രമം പുതിയ വഴിത്തിരിവിലേക്ക്. വ്യോമാക്രമണത്തിലൂടെ ശത്രുവിനെ തുരത്തി സഖ്യസേന ഒരുക്കുന്ന വഴിയിലൂടെ കരമാര്‍ഗം മുന്നേറുന്ന ഇറാഖി സൈന്യം ഐസിസിന്റെ താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ഓരോന്നായി പിടിച്ചടക്കുകയാണ്. എന്നാൽ ഐസിസ് സ്‌ത്രീകളെയും കുട്ടികളെയും മുന്‍നിര്‍ത്തി അവരുടെ മറവില്‍നിന്ന് അന്തിമ പോരാട്ടത്തിനൊരുങ്ങുകയാണ്.

ഇറാഖിന്റെയും കുര്‍ദിലെയും സൈന്യത്തിന് പിന്തുണയായി നില്‍ക്കുകന്നത് അമേരിക്കയുടെ നേതൃത്വത്തില്‍ 60 രാജ്യങ്ങളില്‍നിന്നുള്ള സേനയാണ്. സഖ്യസേനയും ഇറാഖ് സൈന്യവും വന്‍തോതിലുള്ള ബോംബാക്രമണവും കരയാക്രമണവും നടത്തി മുന്നേറ്റം നടത്തിക്കഴിഞ്ഞു. എന്നാല്‍, മനുഷ്യമതില്‍ തീര്‍ത്ത് അതിന് പിന്നിലിരുന്ന് പ്രത്യാക്രമണം നടത്തുന്ന ഐസിസിനെ നേരിടുന്നതില്‍ സഖ്യസേന ഇപ്പോള്‍ വെല്ലുവിളി നേരിടുകയാണ്. അതിനു കാരണം നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളിടെയും നേര്‍ക്ക് ആക്രമണം അഴിച്ചുവിടാനുള്ള മടിയാണ്.

ഐസിസ് മൊസൂള്‍ നഗരത്തിലുടനീളം ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന ആശങ്കയുമുണ്ട്. അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് വന്‍തോതില്‍ ജനക്കൂട്ടം പലായനം ചെയ്യുന്നുണ്ടെങ്കിലും ശേഷിക്കുന്നവരോട് നഗരത്തിന്റെ ഉള്‍ കേന്ദ്രങ്ങളിലേക്ക് പോകാന്‍ ഐസിസ് ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന പോരാട്ടത്തില്‍ ഇവരെ മനുഷ്യകവചമാക്കി മാറ്റാനാണ് ഭീകരര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. 15 ലക്ഷത്തോളം പേരെങ്കിലും മൊസൂളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിനു അന്തിമ പോരാട്ടത്തില്‍ ഇവരുടെ സ്ഥിതിയെന്താകുമെന്ന ആശങ്കയുണ്ട്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സഖ്യസേനയും ഇറാഖും ഐസിസ് ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം ആക്രമണം നടത്തുമെന്നാണ് സൂചന. ഐസിസ് എണ്ണ നിറച്ച കിടങ്ങുകള്‍ തീര്‍ത്ത് സംരക്ഷണകവചം തീര്‍ത്തിട്ടുണ്ടെങ്കിലും വ്യോമാക്രമണത്തിലൂടെ അതിനെ മറികടക്കാനാവുമെന്നാണ് സഖ്യസേന പ്രതീക്ഷിക്കുന്നത്. ടൈഗ്രിസ് നദിയുടെ ഇരുകരകളെ സംയോജിപ്പിക്കുന്ന പാലം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

നിരപരാധികളായ ജനങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടാകില്ലെന്ന പ്രതീക്ഷയിൽ, വ്യോമാക്രണം തടയുന്നതിന് നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ മുകളില്‍ സ്ത്രീകളെയും കുട്ടികളെയും പാര്‍പ്പിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇറാഖി സേന ഐസിസ് ഭീകരരന്മാരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ശക്തമായ ആക്രമണം സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.

അതിനിടെ, മൊസൂളിലെ ഐസിസിന്റെ തലവന്മാരെല്ലാവരും ഭാര്യമാരുമായി രക്ഷപ്പെട്ടുവെന്ന സൂചനയുമുണ്ട്. ഐസിസ് തലവന്മാരെല്ലാവരും മുങ്ങിയെന്ന വിവരം പുറത്തുവിട്ടത് അമേരിക്കന്‍-സഖ്യസേനയുടെ നീക്കങ്ങള്‍ നിയന്ത്രിക്കുന്ന മേജര്‍ ജനറല്‍ ഗാരി വോള്‍സ്കിയാണ്. ഐസിസ് തലവന്‍ അബൂ ബക്കര്‍ അല്‍ ബാഗ്ദാദിയുടെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button