Prathikarana Vedhi

മുത്തലാക്കും യൂണിഫോം സിവില്‍കോഡും : ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ ഇടപടല്‍ ഏതുതരത്തില്‍

സോമരാജന്‍ പണിക്കര്‍ 

ഭരണഘടന കൊണ്ടുവന്നതു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സർക്കാർ ആണു . അതിനു രൂപം നൽകിയ ശിൽപ്പി ആകട്ടെ ലോകം കണ്ട മികച്ച പ്രതിഭാശാലി ആയ ഒരാൾ , ഡോ . ബീ ആർ അംബേദ്കർ .

യൂണിഫോം സിവിൽ കോഡ് ഇപ്പോൾ ഭരിക്കുന്ന കേന്ദ്രസർക്കാറിനെ നയിക്കുന്ന ബീ ജെ പീ കൊണ്ടുവന്ന ആശയം അല്ല . അതു അവർ നടപ്പാക്കും എന്നു പറയുന്നതു മറ്റു രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നതു പോലെ രാഷ്ട്രീയകാരണങ്ങൾ ഉണ്ടാവാം .എന്നാൽ അതു നടപ്പാക്കാൻ പാടില്ല എന്നു പറയുന്നതിന്റെ രാഷ്ട്രീയം എന്താണു ? അതു നടപ്പാക്കാൻ ഒരു ചർച്ച നടത്തുന്നതു ഭരണഘടനാ വിരുദ്ധം ആണോ ?

ഇന്ത്യ കണ്ട ഏറ്റവും മതേതരനായ നേതാക്കളിൽ ഒരാൾ ജവഹർലാൽ നെഹ്രു ആയിരുന്നു . ഒരുപക്ഷേ കോൺഗ്രസ്സ് ഇത്ര മതേതരം ആവാൻ കാരണം തന്നെ അദ്ദേഹം നയിച്ചതു കൊണ്ടായിരിക്കാം .ഒരു വ്യക്തിയുടെ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുന്ന പല മതനിയമങ്ങളും പല മതങ്ങളിലും ഉണ്ടു . അതിൽ ഇരയാക്കാപ്പെടുന്നവർക്കു ഇന്നു ഏക ആശ്രയം കോടതികൾ ആണു .

ഹിന്ദു വ്യക്തിനിയമവും കൃസ്ത്യൻ പിന്തുടർച്ചാ അവകാശ നിയമവും മുസ്ലീം മതനിയമവും ഇങ്ങനെ പലതവണ കോടതികൾ ഇടപെട്ട് നീതി ഉറപ്പാക്കാൻ സുപ്രധാന വിധികൾ പുറപ്പെടുവിച്ചതാണു . ന്യൂനപക്ഷം എന്നാൽ അതു ഇസ്ലാം മാത്രമാണു എന്ന ഒരു ധാരണ പരത്തിയതു വോട്ട് ബാങ്ക് രാഷ്ട്രീയ തന്ത്രം ആക്കിയ വിവിധ രാഷ്ട്രീയ കക്ഷികൾ ആണു . ശരിയത്തു എന്നതു ആർക്കും ഒരിക്കലും മാറ്റാനോ ചർച്ച ചെയ്യാനോ പറ്റാത്ത ഒന്നാണു എന്ന ധാരണ ഉണ്ടാക്കിയതും ഇവർ തന്നെ .

ശരിയത്തു ആവട്ടെ മറ്റു ഏതു മതപരമായ നിയമമോ കീഴ്വഴക്കമോ ആചാരമോ ദുരാചാരമോ ആവട്ടെ അതു ഭരണഘടന നൽകുന്ന ഒരു പൗരന്റെ മൗലിക അവകാശത്തേ നിഷേധിക്കുന്നുണ്ടോ ? ഉണ്ടു എങ്കിൽ അതു ഭരണഘടനാ വിരുദ്ധം ആണു . കോടതി പറയുന്നതും യൂണിഫോം സിവിൽ കോഡ് വേണം എന്നു പറയുന്നതും ഈ ഒറ്റ വാദം ന്യായം ആയതു കൊണ്ടാണു .

ഷാബാനു കേസിൽ കോടതി ഭരണഘടനാ വിരുദ്ധം എന്നു വിധി എഴുതിയ സുപ്രധാന വിധി പുരുഷാധിപത്യം മാത്രം അംഗീകരിക്കുന്ന മതനേതാക്കളുടെ ഭീഷണിയേ തുടർന്നു അന്നത്തേ യുവാവായ പുരൊഗമന വാദി ആയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു ഒരു ബില്ല് കൊണ്ടു വന്നു അട്ടിമറിക്കേണ്ടി വന്നു . മതേതരത്വം ഉയർത്തിപ്പിടിക്കേണ്ട കോൺഗ്രസ്സ് ആദ്യമായി മതപ്രീണനം തുറന്നു കാണിച്ചു .

ഷാബാനു കേസിൽ കോൺഗ്രസ്സിനു ഇടപെടേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നു . എന്നാൽ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടു നഷ്ടപ്പെടുമോ എന്ന ഭീതി കോൺഗ്രസ്സിനെ വേട്ടയാടി .

മുത്തലാക് നിരവധി തവണ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട ഒരു നിയമം ആണു . അതിന്റെ ഇരകൾ ലക്ഷക്കണക്കിനു നിസ്സഹായരായ മുസ്ലീം വനിതകൾ ആണു . അതിലെ വിഷയം മതമല്ല മറിച്ചു മനുഷ്യാവകാശ നിഷേധവും തുല്യ നീതി നിഷേധവും ആണു .

അതു വാദത്തിനു വന്നപ്പോൾ സുപ്രീം കോടതി കേന്ദ്രസർക്കാറിനോടു ” ഇത്തരം കേസുകൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കാൻ യൂണിഫോം സിവിൽ കോഡു എന്തു കൊണ്ടു നടപ്പാക്കാൻ താമസം വരുത്തുന്നു ? ” എന്നു ചോദിക്കുക മാത്രം ആണു ഉണ്ടായതു .

അതിനു മറുപടി ആയി സർക്കാർ കോടതിയിൽ മുതലാക് പല ഇസ്ലാമിക് രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു എന്നും അതു ഇന്ത്യൻ ഭരണഘടനക്കു വിരുദ്ധം ആണെന്നും യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ പ്രാരംഭ ആലോചനക്കായി ഒരു ചർച്ച തുടങ്ങി വെക്കാം എന്നും അതിനു ലോ കമ്മീഷനെ ചുമതപ്പെടുത്താം എന്നും ഒരു സത്യവാങ്ങ്മൂലത്തിൽ അറിയിക്കുകയാണു ഉണ്ടായതു .

യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ ഇപ്പോൾ ആലോചന ഇല്ല എന്നു കേന്ദ്ര സർക്കാർ പലതവണ വ്യക്തമാക്കി എങ്കിലും ആ വിവരം ബോധപൂർവ്വം മറച്ചു വെച്ചു മുത്തലാക് നെ എതിർക്കുന്ന കേന്ദ്ര സർക്കാരിനെ എതിർക്കുകയാണു മിക്ക മതേതര പുരോഗമന കക്ഷികളും മതനേതാക്കളും മുസ്ലീം ലീഗും വനിതാ ലീഗും ഇപ്പോൾ ചെയ്യുന്നതു .

കേന്ദ്രസർക്കാർ ഒരു ഹിന്ദു സർക്കാർ ആണെന്നും അവർ എന്നും ന്യൂനപക്ഷത്തിനു എതിരാണു എന്നും അതിനാൽ എന്തു വില കൊടുത്തും മുതലാക് നിരോധിക്കാനുള്ള നീക്കത്തേ എതിർക്കണമെന്നും അതു യൂണിഫോം സിവിൽ കോഡ് പിൻ വാതിൽ വഴി കൊണ്ടുവരാൻ ഉള്ള നീക്കം ആണെന്നും അതു ന്യൂനപക്ഷ വിരുദ്ധം ആണെന്നും ആണു ഇവരെല്ലാം ഒരുപോലെ പ്രചരിപ്പിക്കുന്നതു .

ആടിനെ പട്ടിയാക്കുന്ന ഒരു പ്രചരണം ആണിതു . മുത്തലാക് ശരിയോ തെറ്റോ എന്നു ഒറ്റവാക്യത്തിൽ മറുപടി പറയുന്നതിൽ നിന്നു ഒളിച്ചോടുകയാണു സ്ത്രീ വിരുദ്ധവും പുരുഷാധിപത്യവും ഉയർത്തിപ്പിടിക്കുന്ന മിക്ക നേതാക്കളും .

എറ്റവും പരിഹാസ്യമായി തോന്നുന്നത് ഒരു വനിതാ സ്ഥാനാർഥിയേ പോലും മൽസരിപ്പിക്കാത്തതിനു ഒരു വാക്കു പോലും എതിർത്തു പറയാതിരുന്ന വനിതാ ലീഗ് മുതലാക് ശരിയാണോ തെറ്റാണോ എന്നു പറയുന്നതിനു പകരം ഇതു യൂണിഫോം സിവിൽ കോഡ് കൊണ്ടുവരികയാണു എന്നും അതിനാൽ എതിർക്കണം എന്നുമാണു .

എറ്റവും വലിയ മതേതര കക്ഷി ആയ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ന്റെ എം പീ ആയ ശ്രീ എം ഐ ഷാനവാസ് മുത്തലാക് ആരെയും ബാധിക്കുന്ന വിഷയം അല്ലന്നും അതിൽ പരാതിയുള്ള വനിതകൾ കേരളത്തിൽ ഇല്ലന്നും പറഞ്ഞതു അൽഭുതപ്പെടുത്തുക തന്നെ ചെയ്തു . കോടതിയിൽ എത്തിയതു മുഴുവൻ വനിതകൾ ആണു എന്ന സത്യം ബോധപൂർവ്വം അദ്ദേഹം മറച്ചു വെക്കുകയും ചെയ്തു .

ലോ കമ്മീഷനിൽ മുസ്ലീം വനിതകൾ ഇല്ല എന്നു പരാതി പറഞ്ഞ അദ്ദേഹത്തിനു പക്ഷേ മുസ്ലീം വ്യക്തിനിയമ ബോർഡിൽ ഒരു വനിത ഇല്ലാത്തതിലോ മുസ്ലീം ലീഗ് സ്ഥാനാർഥി പട്ടികയിൽ വനിതകൾ ഇല്ലാത്തതിലോ മറുപടി ഇല്ല .

മുതലാക് മിക്ക ഇസ്ലാമിക രാജ്യങ്ങളും നിയമം വഴി നിരോധിച്ചതാണു എന്നതിനും മിക്ക എതിർപ്പുകാർക്കും മറുപടി ഇല്ല .മുത്തലാക് എതിർക്കപ്പെടുന്നതു അതു സ്ത്രീ വിരുദ്ധവും തുല്യ നീതി നിഷേധവും ആയതിനാൽ ആണു . പലരും പറയുന്ന ന്യൂന പക്ഷ വിരുദ്ധമോ പിൻ വാതിൽ യൂണിഫോം സിവിൽ കോഡ് അജൻഡയോ ഒന്നും അതിൽ ഇല്ല .

ചർച്ച ഒറ്റ ഉത്തരമാണു ഇപ്പോൾ തേടേണ്ടതു . മുത്തലാക് ശരിയോ തെറ്റോ ?, അതു നിയമം മൂലം നിരോധിക്കുന്നതിൽ എതിർപ്പു എന്താണു ?മുതലാക് സ്ത്രീ വിരുദ്ധവും തുല്യ നീതി നിഷേധവും ആണു എന്നു എന്തു കൊണ്ടു പറയുന്നില്ല ? ഉത്തരം ഒരു യെസ് ഓർ നോ പറയാൻ ഒരോ രാഷ്ട്രീയ പാർട്ടിയും മത നേതാവും വനിതാ നേതാവും തയ്യാറാകട്ടെ . യൂണിഫോം സിവിൽ കോഡുമായി മുത്തലാക് കൂട്ടിക്കെട്ടി ചർച്ച വഴി തിരിക്കേണ്ട കാര്യം എതായാലും ഇപ്പോൾ ഉദിക്കുന്നില്ല .അതു ചർച്ച ആവട്ടെ ; അതിനെ എന്തിനു ഭയക്കണം ? തുല്യനീതി യിൽ എങ്കിലും തുല്യമായി യോജിക്കാം . ഭരണഘടന ആദ്യം ; മതവും മതനിയമവും പിന്നീട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button