KeralaNews

80 ലക്ഷം രൂപയുടെ ബെന്‍സ് ദിവസങ്ങള്‍ക്കകം കട്ടപ്പുറത്ത്; ഉടമയുടെ വ്യത്യസ്ത പ്രതിഷേധം വൈറല്‍

തിരുവനന്തപുരം: സ്വപ്ന വാഹനമായ ബെൻസ് കാർ തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയായ അനില്‍കുമാര്‍ അപ്പുക്കുട്ടന്‍ നായർക്ക് പണികൊടുത്തിരിക്കുകയാണ്. 80 ലക്ഷം രൂപ മുടക്കി വാങ്ങിയ ബെന്‍സ് ഒരു മാസത്തിനുള്ളില്‍ കട്ടപ്പുറത്തായി. തുടർന്ന് വാഹനത്തിന്റെ ഡീലർമാരെ അറിയിച്ചപ്പോൾ വേണ്ട വിധം അവർ പ്രതികരിച്ചില്ല. ഇതിനെതിരെ കാർ ഉടമ കാറിനു റീത്ത് വച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു. കൂടാതെ ഈ ഹോട്ടലുടമയുടെ പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്.

80 ലക്ഷം രൂപ വിലമതിക്കുന്ന ജിഎല്‍ഇ 250 മോഡല്‍ ബെന്‍സ് കാര്‍ എറണാകുളത്തെ രാജശ്രീ മോട്ടോഴ്സില്‍ നിന്നും ഒക്ടോബര്‍ 6നാണ് വാങ്ങിയത്. കാര്‍ വാങ്ങിയതിന് ശേഷം ആകെ 745 കാലോമീറ്റര്‍ മാത്രമെ സഞ്ചരിച്ചിട്ടുള്ളു. അപ്പോഴേക്കും ഗിയര്‍ബോക്സ് കേടായി. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഗിയര്‍ ബോക്സ് കേടായത്. കാറു വാങ്ങി 13 ദിവസം മാത്രമേ ആയിരുന്നുള്ളൂ. തുടര്‍ന്ന് തിരുവനന്തപുരത്തെ ബെന്‍സിന്റെ ഔദ്യോഗിക വര്‍ക്ഷോപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്നു തന്നെ ഇദ്ദേഹം വാഹനത്തിന്റെ ഡീലര്‍മാരായ രാജശ്രീ മോട്ടോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. പക്ഷേ വേണ്ട വിധം അവര്‍ പ്രതികരിച്ചില്ല. വേണമെങ്കില്‍ കേടായ ഗിയര്‍ബോക്സ് നന്നാക്കി തരാം എന്നു മാത്രമായിരുന്നു ഡീലറുടെ മറുപടി. ആറുമാസം വരെ വാറണ്ടി നല്‍കിയിട്ടുണ്ടെങ്കിലും ഒരു മാസത്തിനുള്ളില്‍ കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ പൈസ തിരികെ നല്‍കാനോ അല്ലെങ്കില്‍ പുതിയത് നല്‍കാനോ തയ്യാറായില്ല. ഇതോടെ പ്രതിഷേധത്തിന് അനില്‍കുമാര്‍ തയ്യാറായി.

കാറിനു മുകളില്‍ റീത്തുകള്‍ വച്ച്‌ ഷോറൂമിന് മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തിയിട്ടിരിക്കുകയാണ്. റോഡ് ടാക്സും ഇന്‍ഷുറന്‍സ് തുകയും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കി വാഹനം തിരിച്ചെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഫോട്ടോകള്‍ ഷെയര്‍ ചെയ്താണ് സോഷ്യല്‍ മീഡിയ ഈ വിവാദത്തെ വൈറലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button