മഹാഭാരതവിചാരം‘ തന്ന ചിന്തകൾ

283

ജ്യോതിര്‍മയി ശങ്കരന്‍

തൃശ്ശൂരിലെ കേരളലളിതകലാ അക്കാദമിയിൽ പുതിയതായി നിർമ്മിച്ച ഓപ്പൺ എയർ(?) /ആമ്ഫി തിയറ്ററിൽ ‘ മഹാഭാരതവിചാരം ‘ എന്ന പേരിൽ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം. വൈകീട്ട് അഞ്ചരമുതൽ രാത്രി എട്ടുമണിവരെ നീണ്ടു നിന്ന പ്രഭാഷണത്തിന്റെ ഒഴുക്കിൽ സമയം കടന്നു പോയതറിഞ്ഞില്ല.ഡോ. സുനിൽ പി ഇളയിടത്തെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി കേൾക്കുകയായിരുന്നു. “Historical background of Mahabhaaratha “ആയിരുന്നു വിഷയം. ഇതിനു ശേഷം മഹാഭാരതയുദ്ധത്തെ അനുസ്മരിയ്ക്കാനെന്നോണം വച്ചിരുന്ന “കർണ്ണശപഥം” കഥകളിയും ഞങ്ങൾ ആകാംക്ഷപൂർവ്വം തന്നെ കാത്തിരിയ്ക്കുന്ന ഒന്നായിരുന്നു. (ചിത്രകലാപ്രദർശനവും നടക്കുന്നു.) രണ്ടും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ രാത്രി സമയം പന്ത്രണ്ടര. പക്ഷേ , ആകപ്പാടെ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു- കർണ്ണനൊപ്പം കരയാൻ തോന്നിയെങ്കിലും. മനസ്സിലാകപ്പടെ മഹാഭാരതചിന്തകൾ മാത്രം. വെറുതെയിരിയ്ക്കുമ്പോൾ ഒന്നാലോചിച്ചാൽ കാടുകയറുവിധം അതിപ്പോഴും വളർന്നുകൊണ്ടേയിരിയ്ക്കുന്നു.

മഹാഭാരതം എന്നും അങ്ങിനെനെയാണല്ലോ? ഓർക്കും തോറും, വായിയ്ക്കും തോറും ആ മാസ്മരികത കൂടിക്കൊണ്ടെയിരിയ്ക്കുന്നു. അതു സാഹിത്യത്തിന്റെ മാത്രം അല്ലെങ്കിൽ അത് എഴുതപ്പെട്ട രീതിയുടെ മാത്രം പ്രത്യേകതയാണോ? ആയിരിയ്ക്കാം , അല്ലായിരിയ്ക്കാം.ഇവിടെ അങ്ങിനെയൊരു യുദ്ധം ശരിയ്ക്കും നടന്നു കാണുമോ എന്ന ചിന്ത തന്നെ മതി,നമുക്കു കാടു കയറാൻ. അതു നടന്ന സ്ഥലം, കാലഘട്ടം എന്നിവയൊക്കെപ്പറ്റി ആലോചിയ്ക്കാനും വകയേറെ. “മഹാഭാരതത്തിന്റെ ചരിത്രഭൂമിക” മുഴുവനും ഡോ. സുനിൽ.പി. ഇളയിടത്ത്ന്റെ വാക്ധോരണിയിലൂടെ ഒഴുകിവന്നപ്പോൾ മനസ്സിൽ വിരിഞ്ഞ ചിത്രങ്ങൾക്കു ശരിയ്ക്കും മിഴിവുണ്ടായിരുന്നു.കുലധർമ്മത്തിൽ നിന്നും വർണ്ണ ധർമ്മത്തിലേയ്ക്കും ബൌദ്ധധർമ്മത്തിലേയ്ക്കുമുള്ള മനുഷ്യജീവിതത്തിന്റെ കുതിപ്പിന്നിടയിലെ ചരിത്ര സംഭവം മാത്രമാണിത്.

ഉത്തരേന്ത്യയിലെ മുപ്പത്തഞ്ചു നഗരങ്ങളെ ആർക്കിയോളോജിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിൽ, അവിടെക്കണ്ടെത്തിയ പ്രാചീന സാമഗ്രികളെക്കൂടി കണക്കിലെടുത്ത് മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തെന്നു കരുതുന്ന ഭാഗങ്ങളായി രേഖപ്പെടുത്താനായിട്ടുണ്ട്. കാലിമേച്ചു നടന്നിരുന്ന വർഗ്ഗം , കൂട്ടമായി സ്ഥിരതാമസം തുടങ്ങിയതും കൊച്ചു നാട്ടുരാജ്യങ്ങളുണ്ടായതും അവ പിന്നീട് മറ്റു രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി കൊള്ളയടിച്ചതുമെല്ലാം ഒരിടത്തു കുമിഞ്ഞു കൂടിയ ധാന്യ-സമ്പത് വ്യവസ്ഥയുടെ ശരിയായ വിതരണത്തിനു വേണ്ടിയായിരുന്നെന്ന കണ്ടെത്തൽ എന്നെസ്സംബന്ധിച്ചിടത്തോളം തീർത്തും പുതിയതായിരുന്നു. അതേ പോലെ തന്നെ രാജാക്കന്മാരുടെ ചൂതുകളിയും കുമിഞ്ഞുകൂടിയ സമ്പത്തിനെ വഴിതിരിച്ചുവിടാൻ മാത്രമാണെന്നോർത്തപ്പോൾ ചൂതിനു ക്ഷണിച്ചാൽ രാജാക്കന്മാർ അത് നിരസിയ്ക്കാൻ പാടില്ലെന്ന നിയമത്തെ ഓർക്കാതിരിയ്ക്കാനായില്ല. കാലം കണ്ടെത്തിയ ഇത്തരം മാർഗ്ഗങ്ങൾ പുതുയുഗത്തിലും കേറിയും ഇറങ്ങിയുമിരിയ്ക്കുന്ന സെൻസക്സ് സൂചികയുടെ രൂപത്തിൽ നമ്മളെ ചൂതിനു ക്ഷണിയ്ക്കുന്നില്ലേ എന്ന തോന്നൽ എന്നിലുണ്ടാവാതിരുന്നില്ല. മാറുന്ന കാലത്തിനൊത്തു ധനസമ്പാദനരീതികളും അവയുടെ വിതരണരീതിയും മാറാതെങ്ങനെ, അല്ലേ?

അക്ഷൌഹിണിപ്പടയെപ്പറ്റി സുനിൽ ഇളയിടം പറഞ്ഞകാര്യങ്ങൾ അൽ‌പ്പം ചിന്തയ്ക്കു വകതരാതിരുന്നില്ല.

അക്ഷൗഹിണിക്കു ഗണിത ദക്ഷര്‍ കണ്ട കണക്കിഹ

ഇരുപത്തേഴായിരവുമൊന്ന് നൂറ്റെഴുപതും രഥം

ആനകണക്കുമീവണ്ണം താനല്ലോ പറയാമിഹ

നൂറായിരം പിന്നെയൊന്‍പതിനായിരമതില്‍ പരം

മുന്നൂറുമന്‍പതും കാലാള്‍ പടയ്ക്കുള്ള കണക്കിഹ

അറുപത്തയ്യായിരത്തിയറുനൂറൊത്ത പത്തുതാന്‍

ശരിയായിക്കുതിരകള്‍ക്കറിയാമേ കണക്കിഹ’.

എന്നാണു മഹാഭാരതത്തിൽ.അതായത് 21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാൾ എന്നിവ അടങ്ങിയ സൈന്യം. ചത്തൊടുങ്ങിയതെന്നു പറയപ്പെടുന്ന 18 അക്ഷൌഹിണിപ്പടയിൽ എത്രയധികം ആളൂകൾ കാണും. ?മഹാക്ഷൗഹിണിപ്പടയിലാണെങ്കിലോ ,1,32,12,490 ആനയും അത്രയും തേരും, 3,96,37,470 കുതിരയും 6,60,62,450 കാലാളും അടങ്ങിയതാണ്. ഇത്രയുമൊക്കെ ആൾക്കാരും ആനയും കുതിരയുമെല്ലാം അന്നത്തെക്കാലത്ത് ലഭ്യമായിരുന്നുവോ? ഇല്ലെന്നു നിസ്സംശയം പറയാം.അപ്പോൾ പിന്നെ ഒന്നു തീർച്ച,മഹാഭാരത യുദ്ധത്തെ പറഞ്ഞു പറഞ്ഞു വളരെയേറേ വലുതാക്കിക്കാട്ടിയെന്ന സത്യം. പ്രഭാഷണം കേട്ടപ്പോൾ ഇതൊക്കെ ഒന്നുകൂടി ഓർമ്മപ്പെടുത്തലായി.എന്നിട്ടും മഹാഭാരതയുദ്ധത്തിനെ മനസ്സിൽ പണ്ടത്തേതിനേക്കാൽ ചെറുതായി സങ്കൽ‌പ്പിയ്ക്കാൻ കഴിയുന്നില്ലെന്നു മനസ്സിലായപ്പോൾ അതെത്രമാത്രം നമ്മുടെ മനസ്സിനേയും മനുഷ്യകുലത്തെയൊട്ടാകെയും സ്വാധീനിച്ചു കഴിഞ്ഞെന്ന സത്യം മനസ്സിലാക്കാനായി.

പുരാവസ്തു ഖനനം ചെയ്തു കിട്ടിയ പഴയകാല ജീവിതരീതി തന്ന കണക്കുകൂട്ടലുകൾ തന്നെയാണ് ഇന്നു നമുക്ക് യുദ്ധകാലത്തെപ്പറ്റിയുള്ള സമയവിവരക്കണക്കുകൾ തരുന്നതെങ്കിലും ഇരുമ്പിന്റെ ഉപയോഗം യുദ്ധത്തിന്നെത്രമാത്രം അത്യാവശ്യമാണെന്നതും ഓർമ്മിയ്ക്കേണ്ടതു തന്നെ. അങ്ങിനെയാകുമ്പോൾ ഇരുമ്പു ഉപയോഗിച്ചു തുടങ്ങിയ ഒരു കാലഘട്ടത്തിൽ നടന്ന ഒരു യുദ്ധം തന്നെയാണിത്. ആദ്യമായി ഇരുമ്പുപയോഗിച്ചു തുടങ്ങിയത് ബി. സി.ആറാം നൂറ്റാണ്ടിലാണ്. മഹാഭാരതയുദ്ധം നടന്ന സമയം എട്ടും ഒമ്പതും നൂറ്റാണ്ടുകൾക്കിടയിലെന്നും പറയുമ്പോൾ തന്നെ ബാഹ്യമായ യുദ്ധമായിരുന്നില്ല, മറിച്ച് മഹാഭാരതയുദ്ധം വെറും ആന്തരികമായ ഒന്നായിരുന്നുവെന്നു ശഠിയ്ക്കുന്നവരെക്കുറിച്ചും കേൾക്കാനിടയായി.

സത്യയുത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാലുയുഗങ്ങൾ ചേർന്നുണ്ടാകുന്ന ഒരു കൽ‌പ്പത്തെയാണല്ലോ ഒരധർമ്മയുഗമായിക്കണക്കാക്കുന്നത്. നൂറുശതമാനവും ധർമ്മനിഷ്ഠമായ സത്യയുഗത്തിൽ നിന്നും ഓരോ യുഗത്തിലേയ്ക്കു കടക്കുംതോറും ധർമ്മം കുറഞ്ഞുവരുകയും കലിയുഗത്തിൽ അത് നിശ്ശേഷം ഇല്ലാതാകുകയും ചെയ്യുന്നുവെന്നും ധർമ്മസംസ്ഥാപനാർത്ഥം ഭഗവാൻ പുനരവതരിയ്ക്കുന്നുവെന്നുമാണല്ലോ നമ്മുടെ വിശ്വാസവും ഗീത പറയുന്നതും. അപ്പോൾ കലിയുഗത്തിൽ ധർമ്മം നിശ്ശേഷമില്ലാതായപ്പോൾ ഭഗവാൻ അവതരിയ്ക്കുകയും ധർമ്മത്തെ പുനസ്ഥാപിയ്ക്കുകയും ചെയ്തെന്ന വിശ്വാസമാണു നമ്മെ ഇപ്പോഴും നയിയ്ക്കുന്നത് എത്രവർഷം മുൻപായിരിയ്ക്കാമെന്നത് ഇന്നും തർക്കവിഷയമായിരിയ്ക്കാം. ചിങ്ങ മാസത്തിലെ അഷ്ടമി രോഹിണിയെ നമ്മൾ കൃഷ്ണന്റെ ജന്മദിനമായി കൊണ്ടാടുന്നു.ക്രിസ്തുവിനു മുൻപ് 3228 ജൂലൈ 08 നാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നു കണക്കാകിയവരുണ്ട് കൃസ്തുവിനു മുൻപെന്നോ പിൻപെന്നോ അതിനെ നിർണ്ണയിയ്ക്കുന്നതും തെറ്റ്. ചരിത്രം എന്നും നമ്മുടെ കയ്യിൽ നിന്നും വഴുതാൻ ശ്രമിയ്ക്കുന്നു, അതേ സമയം കൈപ്പിടിയ്ക്കുള്ളിലൊതുക്കാമെന്ന വ്യാമോഹവും നമുക്കേകുന്നു.

നല്ലൊരു വൈകുന്നേരം വളരെ ക്ഷമയോടെ മുഴുവനും കേട്ടിരുന്ന കാണികളിൽ പ്രായമോ ജാതിയോ മതമോ ഒന്നും പ്രശ്നമായില്ല. മനസ്സിൽ കുറെയേറെ ഉണർവ്വും ബാക്കി,. ഡോ. സുനിൽ ഇളയിടത്തിനും ,കേരള ലളിതകലാ അക്കാദമിയ്ക്കും നന്ദി. തുടർന്നു അരങ്ങേറിയ ‘കർണ്ണശപഥം” കഥകളി മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ മിഴിവും എടുത്തുകാട്ടി. ദുര്യോധനനും കർണ്ണനും കുന്തിയുമെല്ലാം ജീവനോടെ മന്നിൽ. കരയാതിരിയ്ക്കാനായില്ല, കർണ്ണനോടൊത്ത്. ധന്യമായ ഒരു ദിവസം തന്നെ!