Interviews

സി പി എം ആയുധം താഴെ വെയ്ക്കണം ; ബി ജെ പി നേതാവിന്റെ മുന്നറിയിപ്പ് / ആശയപരമായി സി പി എം നെ നേരിടാൻ ബി ജെ പി തയാർ -എ എൻ രാധാകൃഷ്‌ണനുമായി അഭിമുഖം

സബ്ജു ഗംഗാധരന്‍

കേന്ദ്ര ഗവർമെന്റിന്റെ സമഗ്ര വികസന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി, കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ജോബ് ഫെയറുകൾക്ക് യുവാക്കളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് . കഴിവുറ്റ സംഘാടനത്തിലൂടെ, ഇത്തരമൊരു പദ്ധതിക്ക് കേരളത്തിൽ കളമൊരുക്കുന്നതിൽ മുഖ്യ കാർമികത്വം വഹിച്ചത്, ബി ജെ പി യുടെ കേരള ഘടകം ജനറൽ സെക്രെട്ടറി എ എൻ രാധാകൃഷ്ണനാണ്. തിരുവനന്തപുരം SMV സ്കൂളിലുള്ള ജോബ് ഫെയറിന്റെ വേദിയിലിരുന്ന്, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ ബിജെപി വിഭാവനം ചെയ്യുന്ന ഇടപെടലുകളെക്കുറിച്ചും, നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള നിലപാടുകളെക്കുറിച്ചും എ എൻ രാധാകൃഷ്ണൻ ഈസ്റ് കോസ്റ് ഓൺലൈനിനോട് സംസാരിക്കുന്നു .

ചോ :ജോബ് ഫെയറിൽ നിന്നു തന്നെ തുടങ്ങാം. ഇത്തരമൊരു പദ്ധതിയ്ക്ക് പിന്നിലെ അടിസ്ഥാന ആശയവും, പ്രചോദനവും എന്താണ് ?

എ.എൻ.ആർ : ആദ്യം തന്നെ പറയട്ടെ, ജോബ് ഫെയർ ബി ജെ പി യുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ള പദ്ധതിയല്ല. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി, കേരളത്തിനെ സമസ്ത മേഖലകളിലും വികസനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള, സമഗ്രമായ ഒരു പദ്ധതിക്ക് മേക്ക് ഇൻ കേരളം രൂപം കൊടുത്തിട്ടുണ്ട് . പ്രത്യേകിച്ച് 2018 അവസാനത്തോടുകൂടി, കേരളത്തിന്റെ വികസന അജണ്ട സെറ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു മെഗാ സമ്മിറ്റ് കൊച്ചിയിൽ വെച്ചു നടക്കുകയാണ്.അപ്പോൾ കൊച്ചി കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സാമൂഹിക സേവന സംഘടനയായ ” സൈൻ” ഉം. കേരള ചേമ്പർ ഓഫ് കോമേഴ്ഷ്യൽ ഇൻഡസ്ട്രീസും, മറ്റ് ചെറുതും വലുതുമായ എല്ലാ സംഘടനകളും ചേർന്നാണ് ഈ മെഗാ സമ്മിറ്റിനു രൂപം കൊടുത്തിട്ടുള്ളത്. ആ മെഗാ സമ്മിറ്റിനു മുൻപ്, കേരളത്തിലെ ഏകദേശം നാല്പതോളം കേന്ദ്രങ്ങളിൽ ഇതുപോലുള്ള തൊഴിൽ മേളകൾ സംഘടിപ്പിക്കുക എന്നതാണ് പദ്ധതി . ആ തൊഴിൽ മേളകളിലൂടെ ഏകദേശം ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ കൊടുകാണാന് ആഗ്രഹിക്കുന്നത്. അതിൽ അഞ്ചാം ക്ലാസ് മുതൽ , പ്രഫഷെനലുകൾ വരെയുള്ളവർക്കുള്ള അവസരങ്ങൾ ഉണ്ടാവണം , അതാണ് അടിസ്ഥാനപരമായി ജോബ് ഫെയർ കൊണ്ട് ഉദ്ദേശിക്കുന്നത് . ഈ തൊഴിൽപദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിൽ പുതിയൊരു തൊഴിൽ സംസ്കാരം ഉണ്ടായിവരണമെന്നാഗ്രഹിക്കുന്നുണ്ട് . കൊച്ചിയിൽ നടക്കുന്ന മെഗാ സമ്മിറ്റോടു കൂടി കേരളത്തിൽ വാണിജ്യ നിക്ഷേപ സാധ്യതകൾ ഉയർന്നു വരികയും ചെയ്യണം. പ്രധാന മന്ത്രിയുടെ മുദ്ര ബാങ്ക് ലോൺ പദ്ധതിയുമായി സംയോചിപ്പിച്ചുകൊണ്ട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും. കേന്ദ്ര പദ്ധതിയായ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യായ കൗശൽ യോജനയുടെ ഭാഗമായി തൊഴിലുകളിൽ നൈപുണ്യ പരിശീലനം നൽകാനും പദ്ധതികളുണ്ട് .

job fair

ചോ :രാജ്യം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയത്തിലേയ്ക്ക് വരാം, നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളുടെ വാദങ്ങളിൽ , ബി ജെ പി കേരളം ഘടകത്തിന്റെ നിലപാടെന്താണ് ?

എ.എൻ.ആർ : വിപ്ലവാത്മകമായ ഒരു സാമ്പത്തിക പരിഷ്‌കരണ ആശയമാണ് കേന്ദ്രം ഈ നടപടിയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത് . സ്വാഭാവികമായും അത് നടപ്പിലാവാൻ വേണ്ട ചില പ്രായോഗിക ബുദ്ധിമുട്ടുകൾ അതിനുനുണ്ടാവും. മൻമോഹൻ സർക്കാരിന്റെ കാലത്തെയും, 2011ലേയും റിപ്പോർട്ടുകൾ പരിശോധിച്ചാൽ ആളോഹരി വരുമാനം 27 രൂപയാണ് . ഈ സാഹചര്യത്തിൽ നിർദ്ധനരായ ആളുകളെ ലക്‌ഷ്യം വെച്ചുള്ള സാമ്പത്തിക പരിഷ്കരണ പദ്ധതിയാണ് ഇത്. കേരളത്തിലേയ്ക്ക് വന്നാൽ, ഇവിടെ കണ്ടയ്നറുകൾ വഴി ഏകദേശം 30,000 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെത്തുന്നുവെന്ന്, നമ്മുടെ സാമ്പത്തിക വിധക്തന്മാരും, ഉയർന്ന പോലീസ് ഉദ്യോകസ്ഥന്മാരും വരെ വ്യക്തമാക്കിയിട്ടുണ്ട്, അതിൽ 10000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന കാര്യമാണ് . ബാക്കി 20000 കോടി രൂപ ഇവിടുത്തെ വ്യാപാര, വ്യവസായ മേഖലകളിലെ ഒരു വിഭാഗം സമ്പന്നൻമാരിലേക്കാണ് എത്തുന്നത് , വൻ ഭൂമി ഇടപാടുകളും മറ്റുമായി അവർ ഇവിടെയൊരു സമാന്തര സാമ്പത്തിക വ്യവസ്ഥ നിർമിച്ചെടുത്തിട്ടുണ്ട് . ഇതൊരുദാഹരണം മാത്രമാണ്  ഇത്തരം ചങ്ങലകൾ പൊളിയുമെന്നതാണ് ഈ മൂവ്മെന്റ് സമൂഹത്തിലുണ്ടാക്കാൻ പോകുന്ന മാറ്റം, ഇത് തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാനാവാത്തവരാണ് എതിർ വാദങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നത് .

Jobfair03

ചോ : തോമസ് ഐസക് ആയിരുന്നല്ലോ, മുഖ്യമായും വിമശനവുമായി രംഗത്തെത്തിയത് ?

എ.എൻ.ആർ :തോമസ് ഐസക്, വളരെ കഴിവുറ്റ ഒരു സാമ്പത്തിക വിധക്തനാണ് , പക്ഷെ എന്ത് അടിസ്ഥാനത്തിലാണ് പെട്ടെന്നൊരു അഭിപ്രായ പ്രകടനത്തിന് അദ്ദേഹം തയ്യാറായതെന്ന് എനിക്ക് മനസ്സിലാവുന്നില്ല . ആശയപരമായ സംവാദത്തിന് ഞാൻ തയ്യാറാണ്. അദ്ദേഹത്തെപ്പോലൊരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു ഉണ്ടായത് .ഇടതു പക്ഷത്തിന്റെ ഒരു സാധാരണ ഒരു രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് ഉണ്ടാവുന്ന സാധാരണ രാഷ്ട്രീയ പ്രതികരണമായി മാത്രം അതിനെ കണ്ടാൽ മതി. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ് , അദ്ദേഹം പറയുന്നു ട്രെഷറികൾ അടച്ചു പൂട്ടേണ്ടി വരുമെന്ന്, കഴിഞ്ഞ ഗവർമെന്റ് അതിനൊരുങ്ങിയപ്പോൾ 15000 കോടി സാമ്പത്തിക സഹായം അനുവദിച്ചത് മോദി സർക്കാരാണ് . 1957 നു ശേഷമുള്ള ബഡ്‌ജെറ്റുകൾ പരിശോധിച്ചാൽ മോദി സർക്കാർ സ്വീകരിച്ചപോലെ ക്രീയാത്മകമായ ഒരു ഒരു സാമ്പത്തിക നടപടികളും കേരളത്തിലുണ്ടായിട്ടില്ല .നികുതി വരുമാനം മുഴുവൻ പെൻഷന് പോവുകയാണ്, അടിസ്ഥാന സൗകര്യ വികസനത്തിന് ഇവിടെ ഊന്നൽ കൊടുക്കുന്നില്ല., 34000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ പോലും ഇവിടുത്തെ സർക്കാറിനാവുന്നില്ല .കേരളത്തിന്റെ ഖജനാവിൽ പണമില്ലെന്നാണ് പറച്ചിൽ . നികുതി വരുമാനത്തിൽ കുറവൊന്നുമില്ലാത്ത കേരളത്തിൽ ഇത്തരമൊരവസ്ഥ വന്നതെങ്ങനെയാണ്? ഒരു സമാന്തര സമ്പത് വ്യവസ്ഥ ഇവിടെ ശക്തിപ്പെടുന്നു എന്നതല്ലേ അത് സൂചിപ്പിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിന് പകരം രാഷ്‌ടീയ മന്ത്രിസ്ഥാനത്തിരുന്ന് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്.

ചോ : സാധാരണക്കാരുടെ ദൈനംദിനാവശ്യങ്ങളുമായി ബന്ധപ്പെട്ടാണ്, മുഖ്യധാരാ മാധ്യമങ്ങളടക്കം ഈ പ്രശ്നം ചർച്ച ചെയ്യുന്നത് , അതിനോടുള്ള നിലപാട് ?

എ.എൻ.ആർ : നാലായിരം രൂപ വരെ ഒരു ദിവസം ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാൻ സാധിക്കും .സാധാരണക്കാരെ സംബന്ധിച്ച്‌ നാലായിരം രൂപ മതിയല്ലോ ഒരു ദിവസത്തേയ്ക്ക്. ബിസിനെസ്സുകാർക്കും, മറ്റ് ആവശ്യമുള്ളവർക്കും.പണം പരസ്പരം ട്രാസ്‌ഫെർ ചെയ്യാനുള്ള നിലവിലുള്ള സംവിധാനം ഉണ്ടല്ലോ. അത് ഫലപ്രദമായി ആൾക്കാർ ഉപയോഗപ്പെടുത്തുന്നുമുണ്ട് , തോമസ് ഐസക് പറയുന്നു നാലായിരം രൂപ പോരാ എന്ന്. കേരളത്തിൽ ഒരുപറ്റം മാധ്യമങ്ങൾ എ ടി എം കൾക്ക് മുന്നിൽ ക്യാമറ കൊണ്ടുവച്ച്‌. അസത്യ പ്രചാരണങ്ങൾ നടത്തുകയാണ് . പണം മാറ്റാൻ ഡിസംബർ വരെ സമയമുണ്ട് . അഞ്ഞൂറും ആയിരവും മാത്രമുള്ളവർ പോലും ബാങ്കുകൾക്ക് മുന്നിൽ നിരന്നു നിൽക്കുകയാണ്, ആളുകളിൽ ഭയാശങ്കകൾ വളർത്താനാണ് മാധ്യമങ്ങളും, ഒരു വിഭാഗം രാഷ്ട്രീയക്കാരുംശ്രമിക്കുന്നത്.

ചോ :ചില വിഭാഗം ബാങ്ക് ജീവനക്കാർ ഇതിനിടെ സംഘടനാ സംമേളനം വിളിച്ചു കൂട്ടിയല്ലോ ?

എ.എൻ.ആർ : കേരളത്തിലെ വലിയൊരു വിഭാഗം ബാങ്ക് ജീവനക്കാരും ഇടതു പക്ഷ ട്രേഡ് യൂണിയനിൽ പെട്ടവരാണ് . അവരിപ്പോൾ പ്രവർത്തിക്കുന്നത് രാജ്യ താല്പര്യത്തിനു വിരുദ്ധമായിട്ടാണെന്ന് മനസിലാക്കണം .അല്ലെങ്കിൽ ഈ സമയത്ത് അവർ സമ്മേളനം നടത്തുമോ.രണ്ടാഴ്ച മാറ്റിവച്ച് സമ്മേളനം നടത്തിയാൽ എന്ത് സംഭവിക്കാനാണ് .

ചോ : ഒരു സംഘടനാ എന്ന നിലയിൽ പാർട്ടി ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും, രാഷ്ട്രീയമായി ശക്തിപ്പെടുന്നതിനും ബി ജെ പി യുടെ ഭാവി പദ്ധതികളെന്തൊക്കെയാണ് ?

എ.എൻ.ആർ : കേരളം മുഴുവനായി ,ബൂത്ത് തലത്തിൽ തന്നെ പഠന ശിബിരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് .മെമ്പർഷിപ് വിതരണം ശക്തിപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിച്ചു .രാജ്യവ്യാപകമായി ബി ജെ പി യുടെ പരിശീലന പരിപാടികൾ സജീവമായി നടക്കുന്നുണ്ട് . അതിന്റെ ഭാഗമായ ട്രെയിനിങ് കേരളത്തിൽ മൂന്ന് തലത്തിലാണ് നടക്കുന്നത് . നവംബറോടു കൂടി ബൂത്തു തലത്തിലുള്ള പരിപാടികൾ ആരംഭിക്കും , നവംബർ അവസാനത്തോട് കൂടി ജില്ലാതല ശിബിരങ്ങൾ പൂർത്തിയാക്കും .ഡിസംബർ രണ്ടാം വാരത്തോടുകൂടി സംസ്ഥാന തലത്തിലേയ്ക്ക് പഠനശിബിരങ്ങളും , പരിശീലന പരിപാടികളും വ്യാപിപ്പിക്കും, ആശയപരമായ പോരാട്ടങ്ങൾക്ക് അണികളെ ശക്തിപ്പെടുത്തുകയാണ് ഉദ്ദേശം .വൈരുദ്ധ്യാത്മിക ഭൗതിക വാദത്തിനും , മുതലാളിത്വ രാഷ്ട്രീയ നിലപാടുകൾക്കും എതിരെ,”ഏകാത്മക മാനവ ദർശനം “എന്ന ആശയം മുൻ നിർത്തി പോരാടാനാണ് ബി ജെ പി തയ്യാറെടുക്കുന്നത് .

ചോ :കണ്ണൂരിലടക്കം തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ , ആശയപരമായ ഈ പോരാട്ടത്തിന്റെ സ്പേസിനെ ഇല്ലാതാക്കുകയല്ലേ? ശാരീരികമായ രാഷ്ട്രീയ പ്രതികരണങ്ങളെ എങ്ങെനെയാണ് ബി ജെ പി ആശയപരമായി നേരിടുക ?

എ.എൻ.ആർ : ആയുധം താഴെ വെക്കാനാണ് ബി ജെ പി മാർക്സിസ്റ്റ് പാർട്ടിയോട് ആവശ്യപ്പെടുന്നത്. ആശയപരമായ പോരാട്ടത്തിന് ഞങ്ങൾ തയ്യാറാണ്, അതാണ് രാജ്യത്തിന് ആവശ്യം. ആയുധം കൊണ്ട് ഒന്നും നേടാൻ പോകുന്നില്ല .താഴെ തട്ട് മുതൽ ആശയപരമായ സംവാദങ്ങൾക്ക് അണികളെ ശാക്തീകരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് .

കേരളത്തിന്റെ ഭാവി വികസനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള, ചോദ്യങ്ങളോട് ഒട്ടും വൈകാരികമാവാതെ, വിവേകത്തോടെ പ്രീതികരിക്കുന്ന, എ എൻ രാധാകൃഷ്ണൻ ,ജോബ് ഫെയറിനെത്തിയ യുവാക്കൾക്കിടയിലേക്ക് തന്നെ തിരിച്ചു പോകുമ്പോൾ , കേരളം ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളിയെ അദ്ദേഹത്തിൽ കണ്ടെടുക്കാൻ കഴിയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button