Prathikarana Vedhi

സമരവും ഭരണവുമെന്ന സി.പി.എം കർമ്മ പദ്ധതി വീണ്ടും തിരിച്ചു വരുമ്പോൾ : എങ്ങും എത്താൻ സാധ്യതയില്ലാത്ത ഈ സമരത്തിൽ എൽ.ഡി.എഫും യു.ഡി.എഫും മാണിയെക്കൂടി കൂട്ടിക്കൂടെ

മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കും അഭിവാദ്യങ്ങൾ
അർപ്പിച്ചു കെ.വി.എസ് ഹരിദാസ് എഴുതുന്നു

ഇന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹമാണല്ലോ ; തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫീസിനു മുന്നിൽ. കേന്ദ്ര വിരുദ്ധ സമരം തിരിച്ചുവരികയാണ് ഇതിന്റെ പ്രത്യേകത . സമരവും ഭരണവും എന്നത് പഴയ കാലത്ത് സിപിഎമ്മിന്റെ ഒരു കർമ്മ പദ്ധതിയായിരുന്നു. ഇടക്കാലത്ത് അതൊക്കെ ഉപേക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കാനും ഒന്നിച്ചുനീങ്ങാനും ശ്രമങ്ങൾ നടത്തിയിരുന്നു ഇക്കൂട്ടർ. എവിടെയുമെത്താൻ പോകുന്നില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പുറപ്പാട് എന്നത് ജനങ്ങൾക്കറിയാം എന്നതാണ് ആശ്വാസം. ജനങ്ങൾ ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. അഴിമതിക്കും കള്ളപ്പണത്തിനും എതിരായ പോരാട്ടമാണ് നടക്കുന്നത് എന്നും അത് മുന്നോട്ടു പോകണമെന്നും ജനങ്ങൾ കരുതുന്നു. അതിനായി കുറച്ചൊക്കെ വിഷമങ്ങൾ സഹിക്കാനവർ തയ്യാറുമാണ്. അധികാരമേറ്റപ്പോൾ പിണറായി വിജയൻ ഇതിനു സമാനമായ നിലപാടാണ് എടുത്തിരുന്നത് എന്നത് മറന്നുകൂടാ. ഇന്നിപ്പോൾ അദ്ദേഹം അതൊക്കെ മറക്കുന്നുവെന്നുവേണം കരുതാൻ. ഒരിക്കലും സഹകരണ മേഖലയെ തളർത്താൻ ബിജെപിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ ശ്രമിക്കില്ല. ഇന്ന് ഈ മേഖലയിൽ സംഘ പരിവാർ പ്രസ്ഥാനങ്ങൾ സജീവമാണ്. സഹകാർ ഭാരതി എത്രയോ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. അവർക്കിവിടെ ഒരു വലിയ സ്ഥാനം ഇന്നുണ്ടാവുന്നുമുണ്ട് . എന്നാലവർ ഒരിക്കലും ആദായ നികുതി നൽകാതെ, കള്ളപ്പണം സൂക്ഷിക്കുന്ന ഒരു സ്ഥാപനത്തിന്റെ സംരക്ഷകരാവില്ല. അതുതന്നെയാണല്ലോ നമ്മുടെ മുഖ്യമന്ത്രിയും ആദ്യമേ ചെയ്യേണ്ടത്………?. എന്തായാലും മുഖ്യമന്ത്രിക്കും സുഹൃത്തുക്കൾക്കും ആശംസകൾ; അഭിവാദ്യങ്ങൾ.

മറ്റൊന്നുകൂടി പറയേണ്ടതുണ്ട്. കേരളത്തിലെ സഹകരണ മേഖല പൊതുവെ നന്നായി പ്രവർത്തിക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച ചില പ്രശ്നങ്ങൾ ഉണ്ടെന്നത് മറക്കാനും വയ്യ. എന്നാൽ കേന്ദ്ര സർക്കാരും ഭാരത റിസർവ് ബാങ്കും ഒരു തീരുമാനമെടുക്കുമ്പോൾ കേരളത്തിലെ സഹകരണ ബാങ്കുകളെ മാത്രമായി കാണാനും ചിന്തിക്കാനും കഴിയുമോ. മറ്റു സംസ്ഥാനങ്ങളും ഇതേ വാദമുന്നയിച്ചാൽ എന്താണ് അവർക്കു ചെയ്യാൻ കഴിയുക. ബീഹാറിലും യുപിയിലും എന്തിനേറെ മഹാരാഷ്ട്രയിൽ പോലും സഹകരണ മേഖലയിലെ താപ്പാനകളുടെ കഥകൾ പറയാതിരിക്കുകയാവില്ലേ ഭേദം. അത്തരക്കാരെ ഈ ജോലി, പഴയ നോട്ട് മാറുന്ന ചുമതല, ഏൽപ്പിച്ചാൽ പിന്നെ ഈ ഉദ്യമത്തിനുതന്നെ പ്രസക്തി ഇല്ലാതാവില്ലേ?. കള്ളപ്പണം എവിടെനിന്നെല്ലാമെത്തും , എങ്ങിനെയൊക്കെ അത് വെളുപ്പിക്കും എന്നതെല്ലാം ഊഹിക്കാനാവുമല്ലോ. അതൊക്കെകൊണ്ടാവണം ജില്ലാ സഹകരണ ബാങ്കുകളെപ്പോലും ആ ചുമതലയിൽനിന്നും ഒഴിവാക്കിയത്. അതൊക്കെ മുഖ്യമന്ത്രി പിണറായി വിജയന് മനസ്സിലാവേണ്ടതാണ്, സാധാരണ നിലക്ക്. എന്നിട്ടും പരസ്യമായി പഴയ നോട്ടുമാറാൻ സഹകരണ ബാങ്കുകളെ ചുമതലപ്പെടുത്തണം എന്നാവശ്യപ്പെടുന്നത് കഷ്ടമാണ് ; ഖേദകരമാണ്. സിപിഎം നേതാവ് എന്നതിനുപരിയായി അദ്ദേഹം മുഖ്യമന്ത്രിയായി ചിന്തിക്കേണ്ടതുണ്ടായിരുന്നു എന്നാണ് പറയാൻ തോന്നുന്നത്‌.

കഴിഞ്ഞ ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫ് കേരളത്തിലുയർത്തിയ അഴിമതിക്കേസുകൾ മറക്കാനായി എന്ന് എനിക്ക് തോന്നുന്നില്ല. വീട്ടിൽ നോട്ടെണ്ണൽ യന്ത്രം വെച്ചിരുന്ന മന്ത്രിമാരെക്കുറിച്ചും മറ്റും നാമെത്ര കേട്ടതാണ്. ഏതെല്ലാം നേതാക്കൾക്കെതിരെയാണ് അന്ന് ഇടതുനേതാക്കൾ ആരോപണങ്ങൾ ഉയർത്തിയത്. വിഎസ് അച്യുതാനന്ദൻ പറഞ്ഞതിന് ഒരു കയ്യും കണക്കുമില്ല. അന്ന് പറഞ്ഞതെല്ലാം ശരിയാണെങ്കിൽ അക്കാലത്ത് അവരെല്ലാമുണ്ടാക്കിയെന്നു പറയുന്ന ആ പണമൊക്കെ ഒരിക്കലും അക്കൗണ്ട് ചെയ്യപ്പെടുകയില്ല എന്നതും പ്രത്യേകം പറയേണ്ടതില്ല. അതിന്റെ ഒക്കെ കേന്ദ്രമേത് എന്നത്‌ പരസ്യമായി പറയാതെതന്നെ മുഖ്യമന്ത്രിക്ക് മനസിലാവുമെന്നറിയാം. അതൊക്കെ മറന്നുകൊണ്ട് ഇന്നിപ്പോൾ അതേ കോൺഗ്രസ് – യുഡിഎഫ് നേതാക്കളെയും കൂട്ടുപിടിച്ചുകൊണ്ട് അദ്ദേഹമിന്ന് ആർബിഐക്കുമുന്നിൽ “അഴിമതി വിരുദ്ധ സമരം” തുടരുമ്പോൾ ദു:ഖവും വിഷമവും വേദനയും തോന്നുന്നു. കെഎംമാണിയെകൂടെ അതിനൊപ്പം കൂട്ടാനുള്ള സന്മനസ്സ്‌ കാണിക്കണം എന്ന് അഭ്യർഥിക്കാനും ഈ വേള ഉപയോഗിക്കട്ടെ. അഴിമതിക്ക് ജയിലിൽപോയ ആർ ബാലകൃഷ്ണ പിള്ളയോടൊപ്പം കെഎം മാണിക്കും തീർച്ചയായും ഒരു സ്ഥാനമുണ്ടാവും.

കേരളത്തിലെ യുഡിഎഫിന്റെ ഭാഗമാണ് ജനതാദൾ -യു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ആ കക്ഷിയുടെ ദേശീയ അധ്യക്ഷൻ. നോട്ടുപിൻവലിക്കൽ പ്രശ്നത്തിൽ നിതീഷ് സ്വീകരിച്ച ഒരു നിലപാടുണ്ട്. ഇന്നലെയും അത് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തി. നരേന്ദ്ര മോഡി സർക്കാർ ചെയ്യുന്നതിനെ സർവാത്മനാ സ്വാഗതം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ജെഡി-യു വിന്റെ കേരളത്തിലെ നേതാക്കൾഅതൊക്കെ അതെല്ലാം മനസിലാക്കുകയും കൂട്ടുകാരായ കോൺഗ്രസ്- ലീഗ് നേതാക്കളെ പറഞ്ഞു മനസിലാക്കുകയും ചെയ്താൽ നന്നായി. നിതീഷാവും അതിലേറ്റവുമധികം സന്തോഷിക്കുക.

ഇപ്പോഴും കേരളത്തിന് എല്ലാ വഴികളും അടഞ്ഞു എന്ന് ഞാൻ കരുതുന്നില്ല. ആദായ നികുതി അധികൃതർ നൽകിയ റിപ്പോർട്ടും മറ്റും ആർ ബിഐയുടെയും കേന്ദ്ര സർക്കാരിന്റെയും മുന്നിലുണ്ട്. നികുതി നൽകാത്ത, പരിശോധന അനുവദിക്കാത്ത, നിക്ഷേപകരുടെ കണക്കു നൽകാത്ത , കണക്കുകളും നിക്ഷേപകരുടെ വിശദാംശങ്ങളും ചോദിച്ചെത്തുന്ന ആദായനികുതി ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കാനായാൽ കാര്യങ്ങളിൽ കുറച്ചുകൂടി അനുഭാവപൂർണമായ നിലപാട് കൈക്കൊള്ളാൻ ഈ കേന്ദ്ര സർക്കാരും മറ്റും തയ്യാറായിക്കൂടായ്കയില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിന് പ്രത്യേകിച്ചും വലിയ റോൾ വഹിക്കാനുണ്ട് എന്നത് പ്രത്യേകം പറയേണ്ടതില്ല. ആദായ നികുതി കേന്ദ്ര സർക്കാർ പിരിച്ചെടുക്കുമ്പോൾ അതിൽ വലിയൊരു വിഹിതം കേരളത്തിനും അർഹതപ്പെട്ടതാണ് എന്നതും നാം മറക്കരുതല്ലോ. സർവോപരി കേന്ദ്ര സർക്കാരിന് , നരേന്ദ്ര മോദിക്ക്, പ്രധാനം ജനങ്ങളുടെ ക്ഷേമമാണല്ലോ. അഴിമതിയും കള്ളപ്പണവും മറ്റും തടയണം എന്നതാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ആ യാത്രയിൽ നിന്നും കേരളം വിട്ടുനിൽക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ ആർബിഐ ആസ്ഥാനത്തിനു മുന്നിലേക്കുള്ള സമരയാത്ര കാണിച്ചുതരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button