Kerala

സിപിഎമ്മിന് പാര്‍ട്ടി വളര്‍ത്താനുള്ള മാര്‍ഗമാണ് സഹകരണ മേഖലയെന്ന് വി മുരളീധരന്‍

കോഴിക്കോട്: സിപിഎമ്മിന്റെ സമരത്തിനെതിരെ പ്രതികരിച്ച് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍. സഹകരണ മേഖലയിലെ ലക്ഷക്കണക്കിന് ഇടപാടുകാരെ മനുഷ്യകവചമാക്കുകയാണ് സിപിഎമ്മെന്ന് മുരളീധരന്‍ പറയുന്നു. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിക്കുന്നു.

ധനസമാഹരണ കേന്ദ്രമായും പാര്‍ട്ടി വളര്‍ത്താന്‍ അണികള്‍ക്കു തൊഴില്‍ നല്‍കാനുള്ള മേഖലയായുമാണ് സിപിഎം സഹകരണസ്ഥാപനങ്ങളെ ഉപയോഗിക്കുന്നത്. ബിജെപി ഇത് അനുവദിച്ചു കൊടുക്കില്ലെന്നും ഇതിനെതിരെയാണ് പ്രതികരിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു. കേരളത്തിലെ സഹകരണ മേഖലയില്‍ 1,27,000 കോടി രൂപയുടെ നിക്ഷേപമുണ്ട്.

ഈ സഹകരണമേഖലയുടെ മുഴുവന്‍ നിയന്ത്രണം പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ കൈകളിലാണ്. സംസ്ഥാനം ഭരിക്കുന്നത് ഏതു മുന്നണിയായാലും ഇതിന്റെ താക്കോല്‍ സിപിഎമ്മിന്റെ കൈകളിലായിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ നിക്ഷേപങ്ങളും വായ്പകളുമെല്ലാം സിപിഎമ്മിന്റെ മേല്‍നോട്ടത്തിലുമാണ്. സിപിഎമ്മിന് സഹകരണ മേഖലയില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അവര്‍ സുതാര്യമല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം അവിടെ നിക്ഷേപിക്കുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

പാര്‍ട്ടി വളര്‍ത്താനുള്ള മാര്‍ഗമായും സിപിഎം സഹകരണ മേഖലയെ ഉപയോഗിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അതിനുദാഹരണമാണ് കണ്ണൂര്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെന്നും മുരളീധരന്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button