Kerala

മണ്ടത്തരങ്ങള്‍ നിര്‍ത്തി മണി വകുപ്പില്‍ ശ്രദ്ധിക്കണം : വി.മുരളീധരന്‍

തിരുവനന്തപുരം : തുടര്‍ച്ചയായി മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന മന്ത്രി എം.എം.മണി അത് അവസാനിപ്പിച്ചു തന്നെ ഏല്‍പ്പിച്ചിരിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്‍. മന്ത്രിസ്ഥാനത്തേക്കുപോലും എത്താന്‍ സാധ്യതയുണ്ടായിരുന്ന സിപിഎമ്മിന്റെ ശക്തനായ സ്ഥാനാര്‍ഥിയായ വി.ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് ഒ.രാജഗോപാല്‍ നിയമസഭയിലെത്തിയത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ടുകള്‍ വന്‍തോതില്‍ ഒ.രാജഗോപാലിനു ലഭിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍നിന്നും ഒ.രാജഗോപാലിനു വന്‍തോതില്‍ വോട്ടു ലഭിക്കുകയുണ്ടായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇടതു സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിക്കൊണ്ട് ഒ.രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്നും വന്‍തോതില്‍ രാജഗോപാലിനു വോട്ടു ലഭിച്ചത് സിപിഎമ്മില്‍നിന്നാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ ബിഡിജെഎസിലേക്കു ചോര്‍ന്നതിലുള്ള ആശങ്ക കാരണമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എം.എം.മണി വിമര്‍ശിക്കുന്നത്. തന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിലുള്ള കലിയും എം.എം.മണി പ്രകടിപ്പിക്കുകയാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചതെങ്കില്‍ 1000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ എം.എം.മണി നിയമസഭയിലേക്കു കടന്നുകൂടിയത്. ആലപ്പുഴയിലെ കുട്ടനാട്, തൃശൂരിലെ ചേലക്കര, ഇടുക്കി ജില്ലയിലെ പീരുമേട് തുടങ്ങി സിപിഎം ശക്തികേന്ദ്രങ്ങളില്‍ മികച്ച മുന്നേറ്റമാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് നടത്തിയത്. ഇതിലുള്ള പകതീര്‍ക്കാനാണു വെള്ളപ്പാള്ളിയെ ആക്രമിച്ചുകൊണ്ട് എം.എം.മണി ശ്രമിക്കുന്നത്.

ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്നും എല്‍ഡിഎഫില്‍ നിന്നും ഒരുപോലെ വോട്ടു ചോര്‍ന്നപ്പോഴാണ് തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അംഗസംഖ്യ അഞ്ചില്‍നിന്ന് 35ലേക്ക് ഉയര്‍ന്നത്. യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ടു വിഡ്ഢിത്തങ്ങള്‍ വിളിച്ചുപറഞ്ഞു ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യനാകുന്നതിനു പകരം വകുപ്പിന്റെ ചുമതലകള്‍ നിറവേറ്റാനാണ് എം.എം.മണി ശ്രമിക്കേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button