News Story

സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം വേണമോ?

ജ്യോതിര്‍മയി ശങ്കരന്‍

സിനിമാ തിയേറ്ററുകളിൽ ഇനി മുതൽ സിനിമ തുടങ്ങുന്നതിനു മുൻപായി ദേശീയഗാനം നിർബന്ധമായും പാടിയിരിയ്ക്കണമെന്ന സുപ്രീം കോർട്ടിന്റെ ഓറ്ഡർ പലരിലും ഉണ്ടാക്കിയിരിയ്ക്കുന്ന പ്രതികരണം ശ്രദ്ധിച്ചപ്പോൾ അത്ഭുതം തോന്നി. അധികം പേർക്കും ഇത് അനാവശ്യമായ ഒന്നാണെന്ന പക്ഷമാണുള്ളത്. മറ്റു ചിലരാകട്ടെ, തിയേറ്ററുകളിൽ നാലു പ്രാവശ്യം പാടുന്നത് ദേശീയഗാനത്തെ അപലപിയ്ക്കലല്ലേ എന്നും ചോദിയ്ക്കുന്നു. പിന്നെയും ചോദ്യങ്ങൾ ഉയരുന്നു, ഈ കണക്കിനു എവിടെയെല്ലാം ദേശീയഗാനം നിർബന്ധമാക്കുമെന്നും വിളക്കു വെച്ചു പ്രാർത്ഥന നടത്തുമെന്നുമൊക്കെ കളിയാക്കുന്നവിധത്തിലും കുറ്റപ്പെടുത്തുന്നവിധത്തിലും.ഒരു കാര്യം മനസ്സിലാക്കാനായി, സാധാരണ ജനങ്ങൾക്ക് കേരളത്തിൽ ഇതിനെ അത്ര പെട്ടെന്ന് ഉൾക്കൊള്ളാനാവില്ലെന്ന സത്യം.എന്തിനേയും രാഷ്ട്രീയച്ഛവിയോടെ മാത്രം നോക്കാൻ പഠിയ്ക്കുന്ന നമ്മൾ കേരളീയർ ഇതിനു പുറകിലെ ഉദ്ദേശശുദ്ധിയെക്കുറിച്ചെന്തു ചിന്തിയ്ക്കാൻ, അല്ലേ ?

കഴിഞ്ഞ മുപ്പതു വർഷത്തിലധികം മുംബൈ മഹാനഗരിയിലെ പ്രവാസജീവിതം തന്ന അനുഭവച്ചൂടിലേ ഈ നീക്കത്തെ എനിയ്ക്കിന്നും കാണാനാകുന്നുള്ളൂവെന്നതൊരു സത്യം മാത്രം. മുംബേയിൽ നിന്നു നാട്ടിൽ വന്ന സമയത്ത് ഒരു മലയാളപടം കാണാൻ നാലഞ്ചു വർഷം മുൻപ് തൃശ്ശൂരിലെ ഒരു തിയേറ്ററിൽ പോയപ്പോൾ ഉണ്ടായ സംഭവം ഓർക്കുന്നു. പരസ്യങ്ങൾക്കു ശേഷം പടം തുടങ്ങിയപ്പോൾ അടുത്തിരുന്നിരുന്ന ബന്ധുവിനോട് ദേശീയഗാനം ഉണ്ടായില്ലല്ലോഎന്നു ചോദിച്ചപ്പോൾ അവർക്കൊന്നും തന്നെ മനസ്സിലായില്ല. പടം കണ്ട് പുറത്തിറങ്ങിയ ഞാൻ മുംബൈ തിയറ്ററുകളിലെ നിർബന്ധമായും പാടുന്നദേശീയ ഗാനത്തെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതം. ഇപ്പോഴും മുംബെയിൽ പോകുന്ന സമയത്ത് അവിടെ ദേശീയ ഗാനത്തിന്റെ സമയത്ത് എഴുന്നേറ്റു നിൽക്കുമ്പോൾ അറിയാതെ മനസ്സിൽ തോന്നുന്ന ആത്മ നിർവൃതി ആരോടു പറയാൻ?

ഭീകരതയുടെ ശരിയായ രൂപം നേരിൽ കണ്ടും അനുഭവിച്ചും മുംബൈ കണ്ണീരൊഴുക്കിയ നാളുകൾ ആർക്കും മറക്കാനാകില്ല. മുംബൈ സ്ഫോടനങ്ങളുടെ മുറിവുകൾ വ്രണങ്ങളായും വടുക്കെട്ടിയും ഇന്നും നടുക്കങ്ങൾ തന്നുകൊണ്ടേയിരിയ്ക്കുന്നു പുറത്തുനിന്നുള്ള ശത്രുക്കളെ നേരിടേണ്ടി വരുമ്പോൾ ജനതയുടെ ഒത്തൊരുമ ആവശ്യമാണെന്ന ബോധത്താൽ രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ മറന്ന് പൊതുജനങ്ങൾക്കിടയിൽ രാഷ്ട്രബോധം വളർത്താനായുള്ള ശ്രമങ്ങളിൽ ഒന്നായിട്ടാണ് ഒരു പരീക്ഷണമെന്ന നിലയിൽ 2003 ൽ തിയറ്ററുകളിൽ ദേശീയാലാപനം നിർബന്ധമാക്കിയത്. 2003 ജനുവരിയിലെ റിപ്പബ്ളിക് ദിനം ഇതിനു തുടക്കം കുറിച്ചു.

സ്വാഭാവികമായും സംശയമുദിയ്ക്കാം, എന്തുകൊണ്ടു തിയേറ്ററുകളിൽ എന്ന്. മുംബെയെ സംബന്ധിച്ചാണെങ്കിൽ മഹാനഗരിയിലെ മുക്കിലും മൂലയിലുമുള്ള സിനിമാതിയറ്ററുകൾ ധനിക-ദരിദ്ര വ്യത്യാസം കൂടാതെ ലക്ഷക്കണക്കിനു പേർ ദിവസവും സന്ദർശിയ്ക്കുന്ന ഇടമാണ്. മാത്രമല്ല, എവിടെയായാലും ഒരു തിയേറ്ററിൽ സിനിമ കാണാനെത്തുന്നവരുടെ മാനസിക നില സാധാരണഗതിയിൽ വളരെ റിലാക്സ്ഡ് ആയിരിയ്ക്കും. എല്ലാവരും ഒന്നിച്ച് എഴുന്നേറ്റു നിന്ന് ദേശീയഗാനം കേൾക്കുമ്പോൾ സ്വാഭാവികമായും നാമെല്ലാം ഒന്നാണെന്ന ചിന്ത മനസ്സിലുണ്ടാകുന്നു. ഇവിടെ ധനികനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ല. പാർട്ടിയില്ല, മതമില്ല, വിദ്വേഷമില്ല, വെറുപ്പില്ല. മാത്രമല്ല…അതിനെ ഉൾക്കൊള്ളാ നാകുന്നുവെന്ന സത്യം നമ്മൾ രാജ്യത്തെ അത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവുകൂടിയല്ലേ?

മുംബെയിൽ വെച്ച് തിയേറ്ററിൽ ആദ്യമായി ഉണ്ടായ ദേശീയഗാനാലാപന സമയത്തെ അനുഭവം ഓർക്കുന്നു. മനസ്സിൽ ഉൾക്കണ്ഠയുണ്ടായിരുന്നു, പൊതു ജനം ഇതിനെ സ്വീകരിയ്ക്കുമോ എന്ന്. പക്ഷേ അന്നും ഇന്നും ഒരേപോലെ വളരെ ഭക്തിയോടെ തന്നെ തിയേറ്ററിലുള്ളവരെല്ലാം തന്നെ എഴുന്നേറ്റു നിൽക്കുന്ന കാഴ്ച്ച എന്നെ കുളിരണിയിപ്പിയ്ക്കാറുണ്ട്. പണ്ട് സ്കൂളിൽ പഠിയ്ക്കുന്ന കാലത്തെ ദേശീയാലാപനസമയം മനസ്സിലേയ്ക്കോടിയെത്തും . ഏറ്റവും രസകരമായിത്തോന്നാറുള്ളത് തിയേറ്ററുകളിൽ ഇത് ചെക്ക് ചെയ്യുന്നതിനു ആരും ഇല്ലെങ്കിലും വെറും ഔപചാരികമായ ഒന്നല്ലാതെ എല്ലാവരും ശരിയായ രീതിയിൽ തന്നെ ഇതു ചെയ്യുന്നു എന്നതാണ് . വളരെ പ്രായമായവരും കൊച്ചുകുട്ടികളും കൂടി ഇതിനു തയ്യാറാകുന്നുവെന്നത് നമുക്കു അഭിമാനിയ്ക്കാവുന്ന വസ്തുത തന്നെയല്ലേ? മഹാനഗരിയ്ക്കിതിനു കഴിയുമെങ്കിൽ പ്രബുദ്ധരെന്നും പരിപൂർണ്ണ സാക്ഷരത നേടിയവരെന്നും ഘോഷിയ്ക്കുന്ന നാം മലയാളികൾക്കും എന്തു കൊണ്ടിതിനു കഴിഞ്ഞുകൂടാ? എന്തുകൊണ്ട് ഇതുവരെയും കേരളത്തിൽ ഇത്തരമൊരു കാര്യം ഇതിനുമുൻപ് നമ്മൾ ചിന്തിച്ചില്ല? മറ്റൊരർത്ഥത്തിൽ പറയുകയാണെങ്കിൽ മഹാരാഷ്ട്രയേക്കാൾ മുൻപ് കേരളം ചിന്തിയ്ക്കേണ്ടിയിരുന്ന ഒന്നായിരുന്നില്ലേ ഇത്?

ആരു തുടങ്ങി വച്ചെന്നൊന്നും ആരും ഓർക്കില്ല, അറിയാതെ തന്നെ നമുക്കു മനസ്സിലേറ്റാൻ കഴിയുന്ന നല്ലൊരു ശീലമെന്ന നിലയിൽ ഇതു വളരുമ്പോൾ എന്നോർക്കണം.രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്നവർ അഥവാ തികച്ചും അപരിചിതരായ ഒരു വലിയ കൂട്ടം ആളുകൾ ഏതാനും മണിക്കൂറുകൾ ഒരേയിടത്ത് ചിലവഴിയ്ക്കുമ്പോൾ, അവരുടെ കണ്ണുകളും ചെവികളും ഒരേ ;ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുമ്പോൾ അവർക്കു ഒന്നു കൂടി ഓർമ്മിയ്ക്കാനാകുന്നു….നാമെല്ലാം ഒന്നാണെന്ന, ഭാരതീയരാണെന്ന സത്യം. രാഷ്ട്രബോധം വളരാൻ മറ്റെന്തുവേണം? അതിനായി ഏതാനും മിനിറ്റുകൾ നീക്കി വയ്ക്കുന്നതിൽ എന്താണു തെറ്റ്? ഇവിടെ എവിടെയാണ് ദേശീയഗാനം അപമാനിയ്ക്കപ്പെടുന്നത്? ജാതിയോ , മതമോ, രാഷ്ട്രീയമോ ഇല്ലാതെ , ധനിക-ദരിദ്ര വ്യത്യാസമില്ലതെ യുവജനതയെ ഇത്രമാത്രം ഒന്നിച്ചു കിട്ടുന്ന മറ്റേതു സ്ഥലം ഉണ്ട്? അവരുടെ മനസ്സിൽ ഐക്യബോധം വളർത്താനുതകുന്ന പ്രവൃത്തിയെ നാം പിന്താങ്ങുകയല്ലേ ചെയ്യേണ്ടത്?

മുംബൈ തിയേറ്ററുകളിലെ അനുഭവങ്ങൾ എന്നോടു പറയുന്നത് കേരളത്തിലെ യുവതലമുറ മാത്രമല്ല, എല്ലാവരും തന്നെ ഈ അനുഭവത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിയ്ക്കുമെന്നു തന്നെയാണ്. കാരണം പറയുന്നില്ല, നിങ്ങൾ അനുഭവിച്ചു തന്നെ മനസ്സിലാക്കൂ. വെറും പത്തു ദിവസം മാത്രമല്ലേ തന്നിട്ടുള്ളൂ, ഇതു പ്രാവർത്തികമാക്കാൻ.

തിയേറ്ററിനകത്തെ മങ്ങിയ വെളിച്ചത്തിൽ എഴുന്നേറ്റുനിന്ന്, മുഴങ്ങുന്ന ദേശീയഗാനത്തോടൊപ്പം ചുണ്ടനക്കുന്നവരെ എനിയ്ക്കു മനസ്സിൽ കാണാനാകുന്നു, കുറ്റം പറയുന്നവർ നിശ്ശബ്ദരാകുന്നതും. ഇനി സിനിമ തുടങ്ങാം, അല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button