NewsIndia

നോട്ട് അസാധുവാക്കൽ; മൻമോഹൻ സിങ്ങിനെതിരെ ബിജെപി

ബെംഗളൂരു: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ ബിജെപി. കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കിയ നടപടിയെ വിമർശിച്ച മൻമോഹൻ സിങ്ങിനെതിരെയാണ് ബിജെപി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മൻമോഹൻ പരാജയപ്പെട്ട നേതാവാണെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകിയ മൻമോഹൻ കേന്ദ്രത്തിന്റെ നടപടിയെ വിമർശിക്കുന്നതിലൂടെ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും ബിജെപി ജനറൽ സെക്രട്ടറി മുരളീധർ റാവു പറഞ്ഞു.

കേന്ദ്രത്തിന്റെ നടപടി വിശ്വാസ്യയോഗ്യമല്ലെന്നു പറഞ്ഞാണ് മൻമോഹൻ കുറ്റപ്പെടുത്തിയത്. പത്തുവർഷം ഭരിച്ച മൻമോഹൻ കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്തിട്ടില്ല. എന്നാൽ, അഴിമതിയുടെ പേരിൽ മൻമോഹനും അദ്ദേഹത്തിനൊപ്പമുള്ളവരും വാർത്തകളിൽ നിറയുകയും ചെയ്തു. രാജ്യത്ത് കള്ളപ്പണം കുന്നുകൂടിയതിൽ മൻമോഹനാണ് ഉത്തരവാദിത്തമെന്നും മുരളീധർ റാവു കൂട്ടിച്ചേർത്തു. മൻമോഹൻ സിങ്ങിന്റെ വിമർശനത്തിന് മൂല്യം നൽകുന്നില്ല. കാരണം അദ്ദേഹം പരാജയപ്പെട്ട നേതാവാണെന്നും മുരളീധർ റാവു ആരോപിച്ചു.

വലിയ നോട്ടുകൾ അസാധുവാക്കൽ നടപ്പാക്കിയ രീതി സാധാരണ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കുന്നതും നിയമത്തിന്റെ മറവിൽ കവർച്ച ചെയ്യുന്നതുമാണെന്നായിരുന്നു മൻമോഹന്റെ ആരോപണം. രാജ്യസഭയിൽ നടത്തിയ പ്രസംഗം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കള്ളപ്പണവും കള്ളനോട്ടും ഭീകരപ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായവും തടയുകയെന്ന ലക്ഷ്യത്തോടു തനിക്കും വിയോജിപ്പില്ലെന്നും മൻമോഹൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button