KeralaNews

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ : നടപടിയുമായി സര്‍ക്കാര്‍

കണ്ണൂര്‍ : വൃദ്ധരായ രക്ഷിതാക്കള്‍ തങ്ങള്‍ക്ക് ഭാരമാകുന്നെന്നു കരുതി അവരോട് കനിവില്ലാതെ പെരുമാറുന്ന മക്കള്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് വൃദ്ധമാതാപിതാക്കളുടെ സംരക്ഷണത്തിനായി നടപടി തുടങ്ങിയിരിക്കുന്നത്. ജീവിതസായാഹ്നത്തില്‍ അവശത അനുഭവിക്കുന്നവരെ വീട്ടില്‍ നിന്ന് അടിച്ചിറക്കുന്ന മക്കളെ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ വൃദ്ധമാതാവിനെ മകള്‍ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനം.

പഞ്ചായത്തുതലത്തില്‍ രൂപീകരിക്കുന്ന സ്‌ക്വാഡുകള്‍ ഗൃഹസമ്പര്‍ക്കം നടത്തി വൃദ്ധജനങ്ങളുടെ ക്ഷേമം അന്വേഷിക്കും. അവശരായി കഴിയുന്ന വയോജനങ്ങളുള്ള വീടുകള്‍ സന്ദര്‍ശിച്ച ശേഷം അവര്‍ക്ക് പ്രത്യേക ചോദ്യാവലി നല്‍കും. 15 ചോദ്യങ്ങളടങ്ങിയതാണ് ഇത്. മക്കളില്‍ നിന്നുള്ള സംരക്ഷണത്തില്‍ സംതൃപ്തരാണോ, മക്കളില്‍ നിന്ന് പീഡനം ഉണ്ടോ തുടങ്ങിയവയാണ് ചോദ്യങ്ങള്‍. ഇവരില്‍ നിന്നു കിട്ടുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ മക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി പൊലീസില്‍ ശുപാര്‍ശ ചെയ്യാന്‍ സ്‌ക്വാഡിന് അധികാരമുണ്ടായിരിക്കും.
പയ്യന്നൂര്‍ മാവിച്ചേരിയില്‍ മറവി രോഗം ബാധിച്ച എഴുപത്തഞ്ചുകാരിയായ കാര്‍ത്ത്യായനി അമ്മയെ മകളും മരുമകനും ചേര്‍ന്ന് മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. കാര്‍ത്ത്യായനി അമ്മ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പേരക്കുട്ടികളും നിയമത്തിന്റെ പരിധിയില്‍

2007 ലാണ് മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി വയോജന സംരക്ഷണ നിയമം (സീനിയര്‍ സിറ്റിസണ്‍ ആക്ട് ) നിലവില്‍ വന്നത്. മകനും മകളും പേരക്കുട്ടികളുമെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആഹാരം, വസ്ത്രം, താമസസൗകര്യം, ചികിത്സ എന്നിവ ലഭ്യമായിരിക്കണം.

1973 ലെ ക്രിമിനല്‍ നടപടി നിയമപ്രകാരം മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും മക്കളില്‍നിന്നു ജീവനാംശം ലഭിക്കുമെങ്കിലും അതിലും കുറഞ്ഞ സമയദൈര്‍ഘ്യത്തിലും സാമ്പത്തിക ചെലവിലും നടപ്പാക്കാവുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.

”രക്ഷിതാക്കളില്‍നിന്ന് സ്വത്ത് വാങ്ങുകയും അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് അവരെ സംരക്ഷിക്കാനുള്ള കടമയുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനുള്ള ചുമതല സമൂഹത്തിനുണ്ട്. പയ്യന്നൂരില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ബോധവത്കരണം ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button