Kerala

സി.പി.എം- സി.പി.ഐ തര്‍ക്കം: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി

തിരുവനന്തപുരം•സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തിയെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സംസ്ഥാന പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആദ്യം രംഗത്തുവന്നത് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. നിലമ്പൂരില്‍ മരിച്ച മാവോയിസ്റ്റിന്റെ മൃതദേഹത്തില്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കുകയും സി.പി.എം. നേതൃത്വത്തിനെതിരേ ഈ വിഷയത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിടുകയും ചെയ്ത സി.പി.ഐ. നേതാവ് ബിനോയ് വിശ്വത്തെ സ്വപ്നജീവി എന്നു വിളിച്ചാണ് സി.പി.എം. നേതാവ് പി.ജയരാജന്‍ പരിഹസിച്ചത്. തുടര്‍ന്ന് തോക്കുമായി വരുന്നവരെ ആശയം കൊണ്ടല്ല നേരിടേണ്ടതെന്നു പറഞ്ഞ് സി.പി.ഐയുടെ എല്ലാ വാദത്തേയും ഖണ്ഡിച്ചുകൊണ്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഇ.എം.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് വേട്ട നടന്നതെന്നു പറഞ്ഞാണ് കാനം രാജേന്ദ്രന്‍ ഇതിനെതിരേ രംഗത്തുവന്നത്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു.

വടക്കാഞ്ചേരിയില്‍ സി.പി.എം. നേതാവിന്റെയും സംഘത്തിന്റേയും ക്രൂര പീഡനത്തിനെതിരായ യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരേ കേസെടുക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് കാനം രാജേന്ദ്രനായിരുന്നു. യു.എ.പി.എ. ചുമത്തുന്ന കാര്യത്തിലുള്ള തര്‍ക്കവും സി.പി.എം.- സി.പി.ഐ. പോര് രൂക്ഷമാക്കി. സി.പി.എം. കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നല്‍കാനാവില്ലെന്ന സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിലൂടെ സി.പി.എം. ഭൂമി കൈയേറ്റക്കാരാണെന്ന് മന്ത്രിസഭയിലെ രണ്ടാം കക്ഷിതന്നെ പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ തന്നെ പരസ്യമായി വിമര്‍ശിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. തൊട്ടുപിറകേ, സി.പി.ഐ. മന്ത്രിമാരെ വിലയിരുത്തേണ്ടത് സി.പി.എം. മന്ത്രിയുടെ ജോലിയല്ലെന്ന് വനംമന്ത്രി കെ.രാജു നടത്തിയ പരാമര്‍ശത്തിലൂടെ സി.പി.ഐ.-സി.പി.എം. തര്‍ക്കം പുതിയൊരു തലത്തിലെത്തിച്ചിരിക്കുന്നു. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടികളുടെ പരസ്യമായ തമ്മിലടിമൂലം ഭരണത്തിലെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുകയും സംസ്ഥാനത്തെ ഭരണം തന്നെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയുമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button