Kerala

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിക്കുന്നില്ല – ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍. പൊലീസും ആരോഗ്യവകുപ്പുമൊഴികെ ഒരു വിഭാഗവും ദേവസ്വം ബോര്‍ഡുമായി സഹകരിക്കുന്നില്ല. ശത്രുക്കളെ കാണുന്നത് പോലെയാണവര്‍ ഭക്തരേയും ബോര്‍ഡിനേയും കാണുന്നതെന്ന് ബോര്‍ഡംഗം അജത് തറയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളോട് താല്‍പര്യമില്ലാത്തതുകൊണ്ട് കൂടുതല്‍ സംസാരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭക്തര്‍ക്ക് അപകടമുണ്ടായത് ബാരിക്കേഡ് തകര്‍ന്നതുകൊണ്ടല്ലെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പുകള്‍ ബോര്‍ഡ് അവഗണിക്കാറില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ഒരാളേയും സന്നിധാനത്ത് പ്രവേശിക്കാന്‍അനുവദിക്കില്ല. തൃപ്തി ദേശായിയുടെ സന്ദര്‍ശനനീക്കം സര്‍ക്കാരും ബന്ധപ്പെട്ടവരും കൈകാര്യം ചെയ്യും. ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഉണ്ണിയപ്പ വിവാദത്തിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരുണ്ട്. ഭക്തരുടെ സംഭാവനയായ അരികൊണ്ടാണ് ഉണ്ണിയപ്പമുണ്ടാക്കുന്നത്. അതാണ് കീഴ് വഴക്കം. ഇത് തുടരുന്നതിന് കോടതിയുടെ അനുമതിയുണ്ട്. സന്നിധാനത്ത് നടയടക്കുമ്പോള്‍ പാടുന്ന ഹരിവരാസനത്തില്‍ പിഴവുണ്ടെന്ന ആക്ഷേപം പരിശോധിച്ച് തിരുത്താന്‍ നടപടിയെടുക്കും. ഇതുസംബന്ധിച്ച് ഗായകന്‍ യേശുദാസുമായി ബോര്‍ഡ് ചര്‍ച്ച നടത്തും.

സന്നിധാനത്തും പമ്പയിലും പൊലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നില്ലെന്ന ആക്ഷേപമുണ്ടെങ്കിലും പൊലീസ് അധികൃതര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്. ശബരിമലയില്‍ അസൗകര്യങ്ങള്‍ പൊലീസിന് മാത്രമല്ല ഭക്തര്‍ക്കുമുണ്ട്. വനംവകുപ്പ് കൂടുതല്‍ അനുമതി നല്‍കാതെ ഒന്നും ചെയ്യാനാവില്ല. രണ്ടായിരം പേര്‍ക്ക് അന്നദാനത്തിനും നാലുലക്ഷം ലിറ്റര്‍ കുടിവെള്ളവും രണ്ടുലക്ഷം ലിറ്റര്‍ ചുക്കുവെള്ളവും പതിനായിരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും കറന്‍സി ക്ഷാമം പരിഹരിക്കാന്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താനും ബോര്‍ഡ് ശ്രദ്ധവെച്ചു. ഭക്തജനത്തിരക്ക് പരിഗണിച്ച് നടയടക്കുന്നന്നതിനും തുറക്കുന്നതിനുമുള്ള സമയത്തില്‍ മാറ്റംവരുത്തി അഞ്ചുമണിക്കൂര്‍ അധിക ദര്‍ശനത്തിനും സമയമൊരുക്കി. മകരവിളക്ക് ഉത്സവത്തിനായി എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായും പ്രസിഡന്റ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button