പിന്നണിയില്‍ ടോം ജോസ്; സമരം പൊളിച്ചത് നളിനി നെറ്റോ – ഐ.എ.എസ് സമരം ചീറ്റിയത് ഇങ്ങനെ

75
nalini netto

തിരുവനന്തപുരം: ഇന്ന് കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാനുള്ള സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നീക്കത്തെ പൊളിച്ചത് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തന്നെ. ഇന്ന് സമരം നടത്തേണ്ടത് വ്യക്തിപരമായി തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ മാത്രം ആവശ്യമായിരുന്നു. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെയും വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയുടെയും പരോക്ഷ പിന്തുണ ഉണ്ടെന്നു മാത്രം.

സര്‍വീസിലിരിക്കേ എല്ലാ തസ്തികകളിലും ആരോപണ വിധേയനായ ആളാണ് ടോം ജോസ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ഭേദമന്യേ എല്ലാ സര്‍ക്കാരുകളുടെയും നോട്ടപ്പുള്ളിയാണ് അദ്ദേഹം. അടുത്തിടെ വിജിലന്‍സിന്റെ നടപടിക്ക് വിധേയരായ കെ.എം എബ്രഹാമിനു ധനമന്ത്രി അടക്കമുള്ളവര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ ഇ.പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മൂന്നാംപ്രതിയാക്കപ്പെട്ട പോള്‍ ആന്റണിയോട് ഭരണപക്ഷത്തിനു തന്നെ സഹതാപതരംഗമുണ്ട്. എന്നാല്‍ ടോം ജോസിന്റെ സ്ഥിതി വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഒരു സംഘം അഴിമതിക്കാരായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്ലാന്‍ ചെയ്ത സമരം മാത്രമാണ് ഇതെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥയുമായ നളിനി നെറ്റോയാണ് ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. ഇന്ന് അവധിയെടുക്കാനുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തീരുമാനം ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിച്ചേല്‍പ്പിച്ചതു മാത്രമാണെന്നും ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹിയായ ടോം ജോസിന്റെ ഇടപെടലാണ് നീക്കത്തിനു പിന്നിലെന്നും നളിനി നെറ്റോ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ഭൂരിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനെതിരെ സമരത്തിനു താല്‍പര്യമില്ലെന്നും നളിനി നെറ്റോ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അനധികൃ സ്വത്ത് സമ്പാദനക്കേസില്‍ ടോം ജോസിനെതിരെ നിരവധി തെളിവുകള്‍ വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐ.എ.എസുകാരുടെ പ്രതിഷേധ നീക്കം അനാവശ്യമാണെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഇന്ന് ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചതുതന്നെ ഉദ്യോഗസ്ഥരെ ശാസിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു. ആരോപണവിധേയരായ ഐ.എ.എസുകാര്‍ക്കെതിരായ അന്വേഷണങ്ങള്‍ മുറപോലെ നടക്കുമെന്നും തെളിവുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും അതിനെ ഭീഷണിപ്പെടുത്തി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അസന്നിഗ്ധമായി വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം സമരം പൊളിഞ്ഞതിനു പിന്നാലെ നളിനി നെറ്റോയെ സന്ദര്‍ശിച്ച് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.