ഏനാത്ത് പാലം താഴ്ന്നു : വിദഗ്ധര്‍ സംഭവ സ്ഥലത്തേക്ക്

197
enathu palam

കൊട്ടാരക്കര•തിരുവനന്തപുരം-അങ്കമാലി സംസ്ഥാന പാതയിലെ (എം.സി റോഡ്‌) പ്രധാന പാലങ്ങളില്‍ ഒന്നായ ഏനാത്ത് പാലം താഴ്ന്നതായി കണ്ടെത്തല്‍. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പാലത്തിന് ചരിവ് സംഭവിച്ചതായി നാട്ടുകാർ കണ്ടെത്തിയത്. കൈവരികള്‍ ശബ്ദത്തോടെ അകന്നുമാറി. പാലത്തിന്റെ തൂണുകളില്‍ ഒന്നിനും ചരിവ് സംഭവിച്ചിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് പോലീസെത്തി കുറച്ച് സമയത്തേക്ക് ഗതാഗതം നിര്‍ത്തിവച്ചു. പരിശോധനയില്‍ പാലം അപകടാവസ്ഥയിലല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഗതാഗതം പുനസ്‌ഥാപിച്ചു. അടൂരേക്ക് പോകുകയയായിരുന്ന കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി പത്തനംതിട്ട, കൊല്ലം കളക്ടർമാരുമായി ബന്ധപ്പെട്ടു.

രാത്രിയായതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. പൊതുമരാമത്ത് പാലം-റോഡ്‌ വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധ സംഘം ബുധനാഴ്ച സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.