ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ അബദ്ധം അവര്‍ തിരുത്താനും തയാറായി- പിണറായി വിജയൻ

63

 

കൊല്ലം : ഐഎഎസ് ഉദ്യോഗസ്ഥരുമായി പ്രശ്നങ്ങള്‍ ഉണ്ടെന്നു കരുതി ആരും മനപായസം ഉണ്ണണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരബദ്ധം പറ്റിയത് അവർ തിരുത്താൻ തയാറായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.’ഐഎഎസുകാരുടെ വികാരം തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സംസാരിച്ച്‌ പ്രശ്നം പരിഹരിച്ചതാണെന്നും ഊഷ്മളമായാണ് അവര്‍ മടങ്ങിപ്പോയതെന്നും പിണറായി പറഞ്ഞു.അഴിമതി സംബന്ധിച്ച അന്വേഷണത്തില്‍ സര്‍ക്കാരിനു തുറന്ന മനസാണുള്ളത്, അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെടില്ല.’മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, പരാതിപ്പെടാനെത്തിയ ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കീത് ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ എല്ലാകാര്യത്തിലും ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസുമായി ബന്ധപ്പെട്ടു വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടിനെതിരേയായിരുന്നു ഐ എ എസുകാരുടെ പ്രതിഷേധം.

ഇതിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ മറ്റ് ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ചു മുഖ്യമന്ത്രി ശകാരിച്ചതില്‍ പ്രതിഷേധിച്ചു ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.എം.കെ.ഭാസ്കരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി ഈ വിവരം പറഞ്ഞത്.