നെഹ്രു കോളേജിലെ പീഡനങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിന്റെയും പി.ആര്‍.ഒയുടെയും അറിവോടെയെന്ന് മുന്‍ അധ്യാപകന്റെ വെളിപ്പെടുത്തല്‍

90

തിരുവനന്തപുരം: പാമ്പാടി നെഹ്രു എഞ്ചിനീയറിങ് കോളേജിലെ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ അധ്യാപകന്‍. നെഹ്രു കോളേജിലെ പീഡനങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിന്റെയും പി.ആര്‍.ഒയുടെയും അറിവോടെയെന്ന് മുന്‍ അധ്യാപകനായ എസ്.ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. കൃത്യമായ അന്വേഷണം നടന്നാല്‍ നെഹ്രു കോളേജിലെ കൂടുതല്‍ പീഡന വിവരങ്ങള്‍ പുറത്തുവരുമെന്നും ശിവശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വ്യക്തമാക്കി. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും കോളേജ് പി.ആര്‍.ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതില്‍ മനം നൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. വിദ്യാര്‍ഥികളെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കുന്ന രീതികള്‍ കോളേജില്‍ നടക്കുന്നുണ്ടെന്നും ഡിസിപ്ലിന്‍ മാനേജര്‍മാരെ ഉപയോഗിച്ച് പീഡനമുറകള്‍ അഴിച്ചുവിടുന്നുണ്ടെന്നും നേരത്തെ ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.