Prathikarana Vedhi

നെഹ്റു കോളേജുകള്‍ തകര്‍ക്കപ്പെടേണ്ടവയോ ? പി.ഗോപാലകൃഷ്ണന്‍ എഴുതുന്നു

ഒരു കാലത്ത് നമ്മുടെ കുട്ടികള്‍ സ്വാശ്രയ കോളേജുകളില്‍ ഉപരിപഠനത്തിനായി അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്ക് പോകണമായിരുന്നു. കാരണം നമ്മുടെ കൊച്ചു കേരളത്തില്‍ പല കാരണങ്ങളാലും അത്തരം സൗകര്യങ്ങളും ഇല്ലായിരുന്നു എന്നത് കൊണ്ടു തന്നെ. പിന്നിട് നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളില്‍ അനുഭവിക്കുന്ന പീഡന കഥകള്‍ വല്ലപ്പോഴുമെങ്കിലും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പശ്ചാത്തലത്തിലാണ് സ്വാശ്രയ കോളേജുകള്‍ കേരളത്തിലും എന്ന ആശയം ഉരുത്തിരിഞ്ഞതും ആയതിനു വേണ്ടിയുള്ള പരിശ്രമവും പ്രവര്‍ത്തനവും സാമൂഹ്യ രാഷ്ടീയ മേഖലകളില്‍ ഉഉര്‍ജ്ജിതമായതും ഫലം കണ്ടതും. ഇന്നിപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് സ്വയാശ്രയ സ്ഥാപനങ്ങളുടെ കുറവുകളില്ല എന്നതും ഏറെ ആശ്വാസകരം തന്ന.

ഇന്ന് കേരളത്തില്‍ ഒട്ടനവധി സ്വയാശ്രയ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതില്‍ തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്ന കോളേജുകളില്‍ ഒന്നാണ് നെഹ്‌റു കോളേജുകള്‍ എന്നത് എതിരാളികള്‍ പോലും സമ്മതിക്കുന്ന സത്യമാണ്. നല്ല വിദ്യാഭ്യാസ സാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടും വിജയ ശതമാനത്തിന്റെ കാര്യത്തില്‍ മറ്റിതര സ്ഥാപങ്ങളെക്കാള്‍ ഇത്രയേറെ മികവ് പുലര്‍ത്തിയിട്ടും എന്തു കൊണ്ട് നെഹ്രു കോളേജുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നു, അതും കേരളത്തില്‍ മാത്രം എന്നത് ചിന്തനീയം. മികവു പുലര്‍ത്താത്ത മറ്റു സ്വയാശ്രയ സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതു ഏറെ ഗൗരവത്തോടെ തന്നെ സാക്ഷര കേരളം കാണേണ്ടിയിരിക്കുന്നു. നല്ല സ്ഥാപങ്ങളുടെ നാശം കാണുവാന്‍ കാത്തുകെട്ടികിടക്കുന്ന ഇതിനു പിന്നിലെ കഴുകന്‍ ശക്തികള്‍ ആരായിരിക്കും ?

കറകളഞ്ഞ കോണ്‍ഗ്രസ്സ് അനുഭാവിയും മലയാളിയും കടുത്ത നെഹ്രു ആരാധകനുമായ ശ്രീ.പി.കെ ദാസ് തന്റെ ഇരുപത്തി ഒന്‍പതാം വയസ്സില്‍ 1968 – ലാണ് നെഹ്രു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോയമ്പത്തൂരില്‍ തുടക്കം കുറിക്കുകയും പന്നീട് തമിഴ്‌നാട്ടിലാകെ വിജയത്തിന്റെ വെന്നിക്കൊടി പറിക്കുകയും ചെയ്തത്. എന്നാല്‍ എതൊരു മലയാളിയേയും പോലെ അദ്ദേഹത്തിനും മലയാളികള്‍ക്കായി തന്റെ സ്ഥാപനങ്ങളും കേരളത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് മോഹം ഉലടുക്കുകയും ആയതിനായുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. എന്നാലതൊരു കേന്ദ്രവുമായി ബന്ധപ്പെട്ടൊരു വിഷയം കൂടി ആയതിനാല്‍ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1993 -ല്‍ ആണെന്ന് തോന്നുന്നു അന്നത്തെ കേരള മുഖ്യമന്തി ശ്രീ കെ .കരുണാകരന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം അന്ന് എം.പി. ആയിരുന്ന ശ്രീ.കെ.മുരളീധരനെ കാണുവാനായി ഡല്‍ഹിയില്‍ എത്തുകയുണ്ടായി. അന്ന് അദ്ദേഹത്തിന് ശ്രീ.കെ.മുരളീധരനുമായി കൂടികാഴ്ചക്കുള്ള സൗകര്യമൊരുക്കിയതും അനുഗമിച്ചതും ഈ ലേഖകന്‍ തന്നെയായിരുന്നു. ആയതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും പറഞ്ഞറിയിച്ച കാര്യങ്ങള്‍ ഇന്നും ഞാന്‍ വ്യക്തമായി ബഹുമാനത്തോടെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും പരിണിതഫലമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇന്ന് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നത് എഞ്ചിനീയറിങ്ങ്, ഫര്‍മസി, ഏവിയേഷന്‍ തുടങ്ങിയ മേഖലകളില്‍ ഒട്ടനവധി കോളേജുകളും ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുമാണ്. 2009ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് മക്കള്‍ കാര്യങ്ങള്‍ ഏറ്റെടുത്തുവെങ്കിലും അദ്ദേഹം കെട്ടി പൊക്കിയ വിശ്വാസ്യതയും മൂല്യങ്ങളും തെല്ലും ചോരാതെ തന്നെ അവരും സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതില്‍ വിജയിച്ചുവെന്നതില്‍ തല്ലും സംശയമില്ല. ഈയിടെ ആ സ്ഥാപനങ്ങള്‍ക്ക് നേരെ അരങ്ങേറിയ ഏകപക്ഷീയമായ അക്രങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അവര്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയും സഹകരണവും ആരെയും ആ തലത്തിലൂടെ മാത്രമേ ചിന്തിപ്പിക്കുകയുമുള്ളൂ .

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ലാഭക്കച്ചവടമാക്കി മാറ്റി കൈപിടിയിലൊതുക്കിയിരിക്കുന്ന എം.ഇ.എസ് അധിപന്‍ ഡോ.ഫസല്‍ ഗഫൂറിറിനെ പോലുള്ളവര്‍ നിത്യേന ചാനലുകളില്‍ കയറി പല വിഷയങ്ങളിലും ആധികാരികമായി തന്നെ കസര്‍ത്തു നടത്തുമ്പോഴും താന്‍ കൂടി പ്രവര്‍ത്തിക്കുന്ന സമാന മേഖലയില്‍ ഇത്രയും ഭീകരമായ അക്രമങ്ങളും അതിക്രമങ്ങളും നടന്നിട്ടും ഒരു വാക്കു പോലും ഉരിയാടാതെ മുഖം തിരിച്ചിരിക്കുന്നത് സംശയത്തോടെ മാത്രമേ ഈയവരത്തില്‍ കാണുവാന്‍ സാധിക്കുകയുള്ളു. എം.ഇ.എസ് പോലുളള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഇതിനേക്കാള്‍ ഭീകരമായ വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ എന്നിട്ടും അവിടങ്ങളിലൊന്നും അക്രമങ്ങളും അതിക്രമങ്ങളും അരങ്ങേറാത്തത് എന്തുകൊണ്ട്? ദയവായി ഇതിനെ അക്രമങ്ങളെ പ്രത്സാഹിപ്പിക്കുന്നതായി ചിത്രീകരിക്കരുതെന്ന് അപേക്ഷ. ഒരു കാലത്ത് ഭൂരിപക്ഷ മേഖലയില്‍ ഭദ്രമായിരുന്നു വിദ്യാഭ്യാസ മേഖല നെഹ്രു കോളേജ് തുടങ്ങിയവയെപോലെ നല്ല പ്രവര്‍ത്തനത്തിലൂടെ വീണ്ടും ഭൂരിപക്ഷ മേഖലയില്‍ എത്താതിരിക്കുകയെന്ന ഗൂഢനീക്കത്തിന്റെ ഭാഗമായി അസഹിഷ്ണുത മൂത്ത ആരോ ഏതോകോണില്‍ പതുങ്ങിയിരുന്ന് പ്രവര്‍ത്തിക്കുന്നുവെന്നതും അവരുടെ കറുത്ത കൈകളിലെ കേവലം പാവകള്‍ മാത്രമാണ് ഈ അക്രമത്തിനു നേതൃത്വം നല്‍കിയതെന്നും സുവ്യക്തം .

പ്രതിസസന്ധി ഘട്ടങ്ങളില്‍ പരോപകാരമായി പോലും ആശ്രിതരിലേക്കെത്താത്ത ഒരു പ്രസ്ഥാനമുണ്ടെങ്കില്‍ അതാണ് കോണ്‍ഗ്രസ്സെന്ന തത്വം നെഹ്രു കോളേജ് അക്രമങ്ങളിലൂടെ ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കേരളം കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ അനാവശ്യ സമരങ്ങളും ഹര്‍ത്താലുകളും നടത്തി പൊതുമുതല്‍ അഗ്‌നിക്കിരയാക്കിയും നശിപ്പിച്ചും പൊതുജനങ്ങളെ പോറുതിമുട്ടിക്കുകയെന്നതാണല്ലോ ഇടതു നയം. എന്നാല്‍ ഭരണത്തിലേറിയാലോ തങ്ങള്‍ക്കനുകൂലമല്ലാത്ത സ്ഥാപനങ്ങളേയും വ്യക്തികളേയും നശിപ്പിക്കുകയെന്നതും അവരുടെ അലിഖിത നയം മാത്രം. എന്നാല്‍ ഒരു സംസ്ഥാനമന്ത്രിയുടെ സഹധര്‍മ്മിണി പോലും ഉന്നത പദവിയില്‍ പ്രവര്‍ത്തിക്കുന്ന നെഹ്രു കോളേജ് ആക്രമണത്തിലും അതിക്രമങ്ങളിലും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പങ്ക് സ്ഥിരീകരിക്കുവാനാകുന്നതല്ല. അന്താളിപ്പോടെയുള്ള അവരുടെ ആ വിഷയത്തിലുള്ള മൗനവും നമ്മുടെ സംശയങ്ങളെ ആ ദിശയിലേക്കു തന്നെ നയിക്കുന്നു. എങ്കിലും സ്ഥലത്തെ പ്രമുഖ യുവനേതാവ് മുന്‍പൊരിക്കല്‍ നെഹ്രു ക്യാമ്പസ്സില്‍ രഹസ്യമായി എസ്.എഫ്.ഐ പ്രവര്‍ത്തനത്തിന് അനുവാദം ചോദിച്ചുകൊണ്ട് അധികൃതരെ സമീപിച്ചതും അവര്‍ നിഷേധിച്ചതും തെല്ലൊന്നുമല്ല അന്നവരെ പ്രകോപിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ അന്നവരില്‍ രൂപം കൊണ്ട പ്രകമ്പനമാണ് മുമ്പ് സൂചിപ്പിച്ച ആ അദൃശ്യ കാരങ്ങള്‍ ഇന്ന് മേലാളന്‍മാര്‍ പോലുമറിയാതെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നത് .

അക്രമങ്ങള്‍ക്കു നേതൃത്വം വഹിച്ചവരും ആനന്ദിച്ചവരും ഒരു കാര്യമറിയേണ്ടിയിരിക്കുന്നു. കോടികള്‍ മുതല്‍ മുടക്കില്‍ ഉടലെടുക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇത്തരം സ്ഥാപനങ്ങളാണ് നമുക്കും നമ്മുടെ പിന്‍ഗാമികള്‍ക്കും ഉന്നത വിദ്യാഭ്യാസം നേടുവാനുള്ള അടുത്തും മുന്നിലുള്ളതുമായ ഏക ആശ്രയം. അതു നാം മൂലം നാമാവശേഷമായാല്‍ ചരിത്രത്തിനു മുന്നില്‍ പോലും നമുക്കൊരു മാപ്പുണ്ടാകില്ല . നമ്മുടെ മനസ്സിലേക്ക് വിഷം നല്‍കി വിടുന്നവരുടെ മക്കള്‍ക്ക് പഠിക്കുവാന്‍ അങ്ങകലെ നമുക്ക് സ്വപ്നം കാണുവാനും പോലും കഴിയാത്ത ബ്രിട്ടനിലും ഓസ്ട്രേലിയയിലും അമേരിക്കയിലും നല്ല വിദ്യാലയങ്ങള്‍ ഉണ്ടെന്നതും അവരവിടെ പഠിക്കുമെന്നതും ഈ അവസരത്തിലെങ്കിലും നാം വിസ്മയിച്ചു കൂടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button