KeralaNews

ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയില്‍നിന്നും കേരളം പ്രതീക്ഷിക്കുന്നത് ഇതല്ല – നിരഞ്ജന്‍ദാസ് എഴുതുന്നു

കേരളത്തിന്റെ കാതും മനസ്സും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കണ്ണൂരിലാണ്. കലയും സംസ്‌കാരവും കൈകോര്‍ത്ത് സ്‌കൂള്‍ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കൗമാര കലോത്സവം അരങ്ങേറുന്ന കണ്ണൂരില്‍നിന്ന് ഇന്നു കേട്ടവാര്‍ത്ത തീരെ ശുഭകരമല്ല. ബി.ജെ.പി പ്രവര്‍ത്തകനായ ധര്‍മ്മടം മുല്ലപ്രം ചോമന്റവിട സ്വദേശി സന്തോഷ്‌കുമാര്‍ എന്ന അമ്പത്തിരണ്ടുകാരന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം സംഘപരിവാറിന്റേതായിരുന്നെങ്കിലും പൊതുസമൂഹത്തില്‍ എല്ലാവരോടും തികച്ചും സൗഹൃദത്തോടെ പെരുമാറിയിരുന്ന, ഒരു സാധാരണ കൂലിപ്പണിക്കാരനായിരുന്നു സന്തോഷ്. അങ്ങനെയുള്ള ഒരാളെ ഒരു കുടുംബനാഥനെ, രണ്ട് കുട്ടികളുടെ പിതാവിനെ അരിഞ്ഞുവീഴ്ത്തിയപ്പോള്‍ കണ്ണൂരിലെ രാഷ്ട്രീയം വീണ്ടും എവിടെ എത്തി നില്‍ക്കുന്നു എന്ന് കേരള മനസാക്ഷി ഉള്ളുതുറന്ന് ചിന്തിക്കേണ്ടതാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന് പുത്തരിയല്ല. എണ്ണമറ്റ രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ടും നിരവധി പ്രവര്‍ത്തകരെ ബലികൊടുത്തുകൊണ്ടുമാണ് കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയുമെല്ലാം വളര്‍ന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകള്‍ക്കുമുമ്പ് കണ്ണൂര്‍ ശാന്തതയിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ വീണ്ടും ആ നാട് രൗദ്രഭാവത്തിലേക്ക് പരിണമിക്കുമ്പോള്‍ ഉത്തരം പറയാനുള്ള ബാധ്യത ആ നാട്ടില്‍നിന്നുള്ള ജനപ്രതിനിധികള്‍ക്കുണ്ട്. കേരളം ഇപ്പോള്‍ ഭരിക്കുന്നത് ഇടതുപക്ഷമാണ്. ആ ഭരണത്തിനു നേതൃത്വം വഹിക്കുന്നത് സി.പി.എമ്മും ഭരണനായകന്‍ സി.പി.എമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ പിണറായി വിജയനുമാണ്. ഇന്നലെ രാത്രി ബി.ജെ.പി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതാകട്ടെ പിണറായി വിജയന്റെ മണ്ഡലത്തിലും. കണക്കുകള്‍ തീരുന്നില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കണ്ണൂരില്‍ മാത്രം കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായത് എട്ടുപേരാണ്. ഇതില്‍ നാലുപേരും കൊല്ലപ്പെട്ടത് പിണറായിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തും. കൊല്ലപ്പെട്ട നാലില്‍ മൂന്നുപേരും ബി.ജെ.പി പ്രവര്‍ത്തകരുമാണ്. ഈ സാഹചര്യത്തില്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത ആള്‍ എന്ന ദുഷ്‌പേരുകൂടി പിണറായി വിജയന് രാഷ്ട്രീയ എതിരാളികള്‍ ചാര്‍ത്തികഴിഞ്ഞു. ആഭ്യന്തരവകുപ്പുകൂടി കൈയ്യിലുണ്ടായിട്ടും അക്രമരാഷ്ട്രീയത്തെ അമര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ല എന്നു പറയുമ്പോള്‍ അതിന് ഉത്തരം നല്‍കാനുള്ള ബാധ്യത അദ്ദേഹത്തിനു മാത്രമാണ്. രാഷ്ട്രീയ എതിരാളികള്‍പോലും ഇരട്ടചങ്കനെന്ന് വാഴ്ത്തുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയില്‍നിന്നും ഇക്കാര്യത്തില്‍ മുഖം നോക്കാതെയുള്ള ഒരു നടപടിയാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുന്‍കൈയെടുത്തു വിളിച്ച സര്‍വകക്ഷിയോഗത്തെയും തുടര്‍ തീരുമാനങ്ങളെയും പൊതുസമൂഹം ഏറെ ഹൃദയാരവങ്ങളോടെയാണ് സ്വാഗതം സ്വീകരിച്ചത്. കേരളത്തില്‍ അക്രമരാഷ്ട്രീയം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാന്‍ ആ യോഗത്തില്‍ പങ്കെടുത്ത സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയുമെല്ലാം പ്രതിനിധികള്‍ക്ക് കഴിഞ്ഞിരുന്നു. അത്തരമൊരു സാഹചര്യത്തില്‍നിന്നും വീണ്ടുമൊരു കൊലപാതകത്തിലേക്ക് എത്തുമ്പോള്‍, അതും സ്വന്തം മണ്ഡലത്തില്‍ അരങ്ങേറുമ്പോള്‍ ക്ഷീണം മുഖ്യമന്ത്രിക്കു തന്നെയാണ്. സന്തോഷിന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തു സംശയിക്കപ്പെടുന്നത് സ്വാഭാവികമായും സി.പി.എം തന്നെയാണ്. സി.പി.എം പ്രാദേശിക നേതൃത്വം ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടുണ്ടെങ്കിലും ധര്‍മ്മടത്തിന്റെ ഭൂമിശാസ്ത്രം അറിയുന്നവര്‍ അത് മുഖവിലക്കെടുക്കണമെന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാത്ത ഒരു നടപടി മുഖ്യമന്ത്രിയില്‍നിന്നും കേരളം പ്രതീക്ഷിക്കുന്നുണ്ട്. കൂട്ടത്തില്‍ കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താനുള്ള ധാര്‍മികമായ ഉത്തരവാദിത്തം സി.പി.എമ്മിനു മാത്രമാണെന്നും ഓര്‍മപ്പെടുത്തട്ടെ. അത് എന്തുകൊണ്ടെന്നു ചോദിച്ചാല്‍ ജില്ലയില്‍ ഏറ്റവും പ്രബലമായ രാഷ്ട്രീയപാര്‍ട്ടി സി.പി.എമ്മാണ്. എം.എല്‍.എമാരടക്കം ജില്ലയിലെ ഭൂരിഭാഗം ജനപ്രതിനിധികളും സി.പി.എമ്മിനെ പ്രതിനിധീകരിക്കുന്നവരാണ്. മാത്രമല്ല, സി.പി.എം ഭരണ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാരിലെ മുഖ്യമന്ത്രിയും കണ്ണൂരുകാരന്‍ തന്നെയാണ്. അപ്പോള്‍ മറ്റുള്ളവരെക്കാളും കുറച്ചുകൂടി രാഷ്ട്രീയ പക്വതയും ധാര്‍മികതയും കണ്ണൂരിലെ സി.പി.എം പുലര്‍ത്തേണ്ടിയിരിക്കുന്നു. കേരളത്തിലെ മറ്റിടങ്ങളിലെല്ലാം സി.പി.എം വളരുന്നത് സാംസ്‌കാരിക സദസ്സുകളിലൂടെയും ആശയപ്രചാരണത്തിലൂടെയും ആണ്. അവിടെയെങ്ങും കണ്ണൂരിലേതുപോലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നില്ല. ഇക്കാര്യം കണ്ണൂരിലെ പാര്‍ട്ടി കൃത്യമായി ആലോചിക്കേണ്ടതുണ്ട്. അക്രമരാഷ്ട്രീയം കൊണ്ടും രക്തസാക്ഷികളെ സൃഷ്ടിച്ചും എത്രനാള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും സി.പി.എം ചിന്തിക്കണം. ഇടതുപക്ഷത്തെ ജനങ്ങള്‍ അധികാരത്തിലേറ്റിയത് ഒട്ടനവധി പ്രതീക്ഷകളോടെയാണ്. എന്നാല്‍ ജനകീയ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ അതിദയനീയമായി പരാജയപ്പെടുമ്പോള്‍ അതിനിടയില്‍ അറിഞ്ഞോ അറിയാതെയോ ആ സര്‍ക്കാരിന്റെ പിന്താങ്ങികളായ പാര്‍ട്ടി നേതൃത്വം കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ആ പാര്‍ട്ടിക്കും ഭരണത്തിനും നേതൃത്വം വഹിക്കുന്ന വ്യക്തി രാഷ്ട്രീയം മറന്ന് ചില കാര്‍ക്കശ്യനിലപാടുകള്‍ എടുത്തേ മതിയാകൂ. എന്തുകൊണ്ട് കണ്ണൂരിലെ സി.പി.എം മാത്രം അക്രമങ്ങള്‍ക്കു പിന്നിലെന്ന് ആരോപിക്കപ്പെടുകയും പ്രതിചേര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവിടത്തെ പാര്‍ട്ടി സംവിധാനത്തില്‍ കാര്യമായ ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു. സി.പി.എമ്മിനെപ്പോലെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കണ്ണൂരില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. കായിക സംഘടത്തെക്കാള്‍ ആശയ സംഘട്ടനം കൊണ്ടു നേരിടുക എന്ന മാനസിക വളര്‍ച്ചയിലേക്ക് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം എത്തിച്ചേരാത്തതാണ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കുപിന്നിലെന്നും മുഖ്യമന്ത്രി തിരിച്ചറിയണം. ഒപ്പം സ്വന്തം മണ്ഡലത്തിലെ ജനങ്ങളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത ആളെന്ന ആക്ഷേപം താങ്കള്‍ക്കെതിരേ ഉയരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും രാഷ്ട്രീയത്തിന് അതീതമായ ജാഗ്രത താങ്കള്‍ പുലര്‍ത്തുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button